പുനലൂർ : ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജ് എസ്.കുമാറിനെ സ്ത്രീധനപീഡനക്കേസിൽ ബുധനാഴ്ച വീണ്ടും പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കി. പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി കേസ് ജനുവരി ഒന്നിലേക്കു മാറ്റി.

കേസിലെ മറ്റു പ്രതികളായ അച്ഛൻ സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കോടതിയിൽ ഹാജരായിരുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്നതിനാൽ സൂരജിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്നാണ് എത്തിച്ചത്. കേസ് നടപടികൾക്കായി നവംബർ ഒന്നിനും ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവുനശിപ്പിക്കൽ, കുറ്റകൃത്യത്തിനായി പരസ്പരം ഉത്സാഹികളായി പ്രവർത്തിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ പേരിൽ ചുമത്തിയിട്ടുള്ളത്.