അഞ്ചൽ : അഞ്ചലിലെയും പരിസര പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകൾ തകർന്നു. കനത്ത മഴയിലാണ് ഭൂരിഭാഗം റോഡുകളും തകർന്നത്.

ഇരുചക്രവാഹന യാത്രികരും കാൽനടക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അഞ്ചൽ ഗ്രാമപ്പഞ്ചായത്തിലെ തോയിത്തല റോഡ്, പനയഞ്ചേരി-ഊട്ടുപറമ്പ്, തോയിത്തല-വെൺമണിയോട്, മലവെട്ടം-അമ്പാലക്കോണം, ചോരനാട്-ഒരുനട, അമ്പലത്തിൻമുകൾ-കാഞ്ഞിരത്തറ എന്നീ റോഡുകളാണ് പൂർണമായും തകർന്നത്. പനയഞ്ചേരി-തോയിത്തല റോഡിലെ വെള്ളക്കെട്ട് ജനജീവിതം ദുരിതത്തിലാക്കി.

മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. മഴ പെയ്താൽ റോഡ് തോടായിമാറുകയാണ് പതിവ്. ആർച്ചൽ-നെടിയറ റോഡിന്റെ ഭൂരിഭാഗവും തകർന്നുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ശക്തമായ മഴ പെയ്യുന്നതോടെ റോഡിൽ വെള്ളക്കെട്ടാണ്. പലരും അപകടത്തിൽപ്പെടുക പതിവാണ്. ഓട്ടംവിളിച്ചാൽ ഓട്ടോക്കാർപോലും ഇതുവഴി വരാത്ത അവസ്ഥയാണ്. കോൺക്രീറ്റ് ചെയ്ത ചോരനാട് റോഡ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പേരിൽ പൊളിച്ചിട്ടിട്ട് മൂന്നുമാസമായി.

ഇതുവരെ പൈപ്പ് ഇട്ടിട്ടില്ല. മൂന്നുമാസമായി ഇവിടെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഒരു ഓട്ടോപോലും ഇതുവഴി പോകാത്ത അവസ്ഥയാണ്. അലയമൺ ഗ്രാമപ്പഞ്ചായത്തിലെ പുത്തയം സ്റ്റേഡിയം റോഡ്, ആലഞ്ചേരി-ചണ്ണപ്പേട്ട, പുത്തയം-വയല, പുല്ലാഞ്ഞിയോട്‌-മീൻകുളം, ഇളവൂർ-വാലുംപണ, പുത്തയം-മൂന്നാറ്റുംമൂല സ്കൂൾ റോഡ്, കുട്ടനാട് പട്ടികജാതി കോളനി, മുക്കോട് ഗോതമ്പ് റോഡുകളാണ് തകർന്നുകിടക്കുന്നത്.

കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പലയിടങ്ങളിലും റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴുകയാണ്. ഓടകളില്ലാത്തതും റോഡ് തകരുന്നതിനു കാരണമാണ്.

കഴിഞ്ഞ ദിവസം മീൻകുളം-ഇളവൂർ-വാലുംപണ റോഡിലെ കുഴിയിൽവീണ് ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഏരൂർ ഗ്രാമപ്പഞ്ചായത്തിലെ വിളക്കുപാറ-അയിലറ പാതയുടെ തകർച്ച ഇരുചക്രവാഹനങ്ങളിൽ പോകുന്നവരുടെ നടുവൊടിക്കും.

ആയിരനെല്ലൂർ-ഇളവറാംകുഴി, വിളക്കുപാറ-ഈച്ചംകുഴി റോഡും പൂർണമായും തകർന്നിരിക്കുകയായണ്.

നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം മാത്രമാണ് അധികൃതർ നടത്തുന്നത്. ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിൽ അറയ്ക്കൽ-മലമേൽ, പെരുമണ്ണൂർ-അരയ്ക്കൽ, തടിക്കാട്-കൊമ്പേറ്റുമല റോഡുകളും പൂർണമായും തകർന്നുകിടക്കുകയാണ്.

തൊള്ളൂർ-അസുരമംഗലം ഏലാ റോഡിൽ ഭീകരമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. തടിക്കാട്-പനച്ചവിള റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗ്രാമീണ റോഡുകൾ അടിയന്തരമായി നന്നാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.