കൊല്ലം : പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തനാളുകളിൽ എൽ.ഡി.എഫ്. സർക്കാർ ഒപ്പമുണ്ടെന്ന് നാട്‌ അനുഭവിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഫെയ്‌സ്‌ബുക്ക്‌ പേജ്‌ ലൈവിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിസന്ധിയുടെ നാളുകളിൽ ആരും കേരളത്തിൽ പട്ടിണികിടക്കരുതെന്ന്‌ സർക്കാർ തീരുമാനിച്ചതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമൂഹ അടുക്കള എല്ലാപ്രദേശത്തും ആരംഭിച്ചു. എ.പി.എൽ., ബി.പി.എൽ. വേർതിരിവില്ലാതെ എല്ലാവർക്കും സൗജന്യ റേഷൻ ലഭ്യമാക്കി. മറ്റു സംസ്ഥാനങ്ങൾ ഈ നടപടി മാതൃകയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം കെ.എൻ.ബാലഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌.സുദേവൻ, എൽ.ഡി.എഫ്‌. ജില്ലാ കൺവീനർ എൻ.അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.