കുന്നിക്കോട് : വിളക്കുടി ഗ്രാമപ്പഞ്ചായത്ത് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ ഇടതുമുന്നണിയും പോരാട്ടം ശക്തമാക്കി. സാന്നിധ്യമറിയിച്ച് എൻ.ഡി.എ.യും എസ്.ഡി.പി.ഐ.യും സജീവമായി രംഗത്തുണ്ട്. എൻ.ഡി.എ. 18 വാർഡുകളിലും എസ്‌.ഡി.പി.ഐ. അഞ്ചു വാർഡുകളിലുമാണ് ഇത്തവണ മത്സരിക്കുന്നത്.

ഒന്നാംവാർഡായ കുന്നിക്കോട് വടക്കാണ് ഏറ്റവുംകൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്. സ്വതന്ത്രരടക്കം ഏഴ് സ്ഥാനാർഥികളുണ്ട്.

ഇരുപതാം വാർഡായ കുന്നിക്കോട് ടൗണിലാണ് ഏറ്റവുംകുറവ് സ്ഥാനാർഥികൾ-രണ്ടുപേർ. 20 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എം. പത്ത് വാർഡുകളിലും സി.പി.ഐ. ഏഴിടങ്ങളിലും മത്സരിക്കുന്നുണ്ട്. രണ്ടു സീറ്റുകളിൽ കേരള കോൺഗ്രസും (ബി) ഒരുസീറ്റിൽ കേരള കോൺഗ്രസ് ജോസ് വിഭാഗവും ഇടതുമുന്നണിയിൽ മത്സരരംഗത്തുണ്ട്.

ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സി.പി.എമ്മിലെ എം.റഹിംകുട്ടി, സി.പി.ഐ.യിലെ എം.അജിമോഹൻ, കേരള കോൺഗ്രസി(ബി)ലെ കരിക്കത്തിൽ തങ്കപ്പൻ പിള്ള എന്നിവരാണ് ഇടതുമുന്നണിയിൽനിന്ന് മത്സരരംഗത്തുള്ള പ്രധാനികൾ.

ഇടതുമുന്നണിക്ക് പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ വിമതസാന്നിധ്യമുണ്ട്. ഒൻപതാം വാർഡായ മഞ്ഞമൺകാലായിൽ സി.പി.എമ്മിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ജോസ്‌പ്രകാശാണ് വിമതരിൽ പ്രധാനി. ഇവർ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രയായാണ് മത്സരിക്കുന്നത്. പഞ്ചായത്തിൽ ഏറ്റവുംകൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് കോൺഗ്രസാണ്-17 എണ്ണത്തിൽ. ഒരുസീറ്റിൽ സി.എം.പി.യും മത്സരിക്കുന്നു. കോൺഗ്രസ് തലവൂർ ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാനാണ് യു.ഡി.എഫിൽനിന്ന്‌ മത്സരരംഗത്തുള്ളവരിൽ പ്രധാനി.

രൂപവത്‌കരണകാലംമുതൽ കൂടതൽ തവണ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചത്. 1979-ൽ കോൺഗ്രസ് പിന്തുണയോടെ പൗരമുന്നണി കക്ഷിയായ സി.പി.ഐ.യുടെ പ്രസിഡന്റ് അധികാരത്തിൽ വന്നിരുന്നു. 1999-ൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസത്തെത്തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമായി.

കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെയുള്ള അവിശ്വാസത്തെ തുടർന്നാണ് ആദ്യമായി ഇടതുമുന്നണി അധികാരത്തിൽ വന്നത്. പിന്നീട് 2005 മുതൽ തുടർച്ചയായി ഇടതുമുന്നണിക്കാണ് പഞ്ചായത്ത് ഭരണം.

മുന്നണി ധാരണപ്രകാരം കഴിഞ്ഞതവണ ആദ്യത്തെ നാലുകൊല്ലം സി.പി.എമ്മിനും ശേഷിച്ച ഒരുകൊല്ലം സി.പി.ഐ.ക്കുമായിരുന്നു പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനവും ധാരണപ്രകാരം െവച്ചുമാറി.

സി.പി.എം., സി.പി.ഐ., കോൺഗ്രസ് കക്ഷികൾക്ക് ഒരുപോലെ സ്വാധീനമുള്ള അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് വിളക്കുടി.