: കൊല്ലത്തെ മഹാനഗരമാക്കാൻ 242 കർമപദ്ധതികളാണ് എൽ.ഡി.എഫ്. പ്രകടനപത്രികയിലുള്ളത്. 'കൊല്ലം നഗരം സുന്ദരനഗരം' എന്ന ആശയവുമായി 28 ഇന പരിപാടികളുമുണ്ട്. പതിനായിരത്തിലധികം പേർക്ക് തൊഴിൽ അല്ലെങ്കിൽ ജീവിതമാർഗം കണ്ടെത്താൻ വഴിയൊരുക്കും.

രണ്ടുവർഷത്തിനുള്ളിൽ നഗരത്തെ സമ്പൂർണ ശുചിത്വപദവിയിലെത്തിക്കും. ഭരണം അഴിമതിമുക്തമാക്കും. വരുമാനവർധനയ്ക്കും നടപടികളുണ്ടാകും. പാഴ്‌വസ്തുക്കൾ നീക്കാൻ കലണ്ടർ പ്രകാരം നടപടിയെടുക്കും. ഹോട്ടൽ, മറുനാടൻ, ഓട്ടോ, ഗാർഹികം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ആരോഗ്യ കാർഡും നൽകും. ശബ്ദ-വായു മലിനീകരണം തടയലും പത്രികയിലുണ്ട്. ജില്ലയുടെ കടൽ-കായൽ-ആറ്റു മീനുകളെ ബ്രാൻഡ് ചെയ്യും.

നഗരത്തെ വിശപ്പുരഹിതമാക്കാൻ അഞ്ചുരൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്നതിനുള്ള ഒരു കേന്ദ്രമോ സഞ്ചരിക്കുന്ന കേന്ദ്രമോ ആരംഭിക്കും. നഗരത്തെ ആരോഗ്യകരമാക്കാൻ മറ്റ് 22 കർമപരിപാടികളുമുണ്ട്. കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായും സമയബന്ധിതമായും ലഭിക്കാൻ നഗരഭരണവും പങ്കുവഹിക്കും. കൊല്ലത്തിന്റെ പൈതൃകസംരക്ഷണത്തിനും വിനോദസഞ്ചാര വികസനത്തിനും സമഗ്രമായ പരിപാടിയാണുള്ളത്. തേവള്ളി കൊട്ടാരം കൊല്ലത്തിന്റെ ആർട്ട് മ്യൂസിയം, തങ്കശ്ശേരിയിൽ പൈതൃക മ്യൂസിയം തുടങ്ങി നിരവധി നിർദേശങ്ങൾ പത്രികയിലുണ്ട്.

പ്രകടനപത്രികയുടെ പ്രകാശനത്തിൽ കൊല്ലം കോർപ്പറേഷൻ എൽ.ഡി.എഫ്. ഇലക്‌ഷൻ കമ്മിറ്റി നേതാക്കളായ ആർ.എസ്.ബാബു, കെ.വരദരാജൻ, ആർ.വിജയകുമാർ, എ.രാജീവ്, ജി.ലാലു എന്നിവർ പങ്കെടുത്തു.