പത്തനാപുരം : തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തീകരിച്ച് മുന്നണി സ്ഥാനാർഥികൾ സ്വീകരണ പര്യടനത്തിലേക്ക്. സ്ക്വാഡ് പ്രവർത്തനവും കുടുംബയോഗങ്ങളും സജീവമാക്കി വരുംദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.

പത്തനാപുരം ജില്ലാപഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പര്യടനം ബുധനാഴ്ച എട്ടരയ്ക്ക് കടയ്ക്കാമണിൽ തുടങ്ങും. യു.ഡി.എഫിനായി പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. പര്യടനം നടത്തി. കെ.എസ്.ശബരീനാഥ് എം.എൽ.എ. പത്തനാപുരം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫിനായി വോട്ട് അഭ്യർഥിച്ചു.

ജില്ലാപഞ്ചായത്ത് ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ സ്വീകരണപര്യടനം പട്ടാഴി വടക്കേക്കരയിൽ തുടങ്ങി. മെതുകുമ്മേൽ കശുവണ്ടി ഫാക്ടറി ജങ്ഷനിൽ കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിലെ സ്ഥാനാർഥികളെയും പങ്കെടുപ്പിച്ചുനടന്ന പര്യടനം കരിമ്പാലൂരിൽ സമാപിച്ചു. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ.പ്രകാശ്ബാബു പത്തനാപുരത്ത് വിവിധയിടങ്ങളിൽ എൽ.ഡി.എഫിനായി വോട്ടുചോദിച്ചെത്തി.

എൻ.ഡി.എ. സ്ഥാനാർഥികളുടെ സ്വീകരണപര്യടനം വ്യാഴാഴ്ച ആരംഭിക്കും. സ്ഥാനാർഥികളുടെ പ്രചരണാർഥം ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കമുകുംചേരിയിൽ പര്യടനം നടത്തി. ബ്ലോക്ക് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലും വിവിധ കുടുംബയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. ഭവനസന്ദർശനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രചാരണമാണ് എൻ.ഡി.എ. സ്ഥാനാർഥികൾ നടത്തുന്നത്. വാർഡുകൾതോറും പരമാവധി കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതിനാണ് മുന്നണികൾ ലക്ഷ്യമിടുന്നത്. സർവീസിലുള്ളവരുടെയും പെൻഷൻകാരുടെയും കൂട്ടായ്മകൾ വിളിച്ചുകൂട്ടി വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് എൽ.ഡി.എഫ്. നടത്തുന്നത്.

വനിതകൾ ഉൾപ്പെടെയുള്ളവരുടെ സ്ക്വാഡുകൾ ശക്തമാക്കാനാണ് യു.ഡി.എഫിന്റെയും എൻ.ഡി.എ.യുടെയും തീരുമാനം. സ്വീകരണ പര്യടനങ്ങളിൽ പ്രമുഖ നേതാക്കളെ പങ്കടുപ്പിക്കാനും തീരുമാനമുണ്ട്.