ശൂരനാട് : തിരഞ്ഞെടുപ്പിന്റെ മറവിൽ ശൂരനാട് വടക്ക് നിലംനികത്തൽ വ്യാപകമാകുന്നതായി പരാതി. കിഴകിട, ആനയടി, ഓണമ്പിള്ളി തുടങ്ങി പ്രധാന ഏലാകളിലെ റോഡിനോടുചേർന്നുള്ള ഭാഗങ്ങളിലാണ് നികത്തൽ ഭീഷണി. ഇരുപ്പൂകൃഷിവരെ സജീവമായ ഏലാകളാണ് കരയാക്കുന്നത്. അനിയന്ത്രിതമായ നികത്തൽ കാരണം തണ്ണീർത്തടങ്ങളും നീർച്ചാലുകളും അടഞ്ഞു. ഇതുകാരണം താഴെയുള്ള പാടങ്ങളിൽ കൃഷിചെയ്യുന്നവരും ദുരിതത്തിലായി.

കോവിഡ്‌ വ്യാപനസമയത്ത് നികത്തിത്തുടങ്ങിയ പാടശേഖരങ്ങൾ തിരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ പൂർണമായി കരയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർഷകർ പറയുന്നു. നികത്തിയശേഷം ജനങ്ങളുടെ എതിർപ്പ് കുറയ്ക്കാൻ തിടുക്കത്തിൽ വാഴക്കൃഷി തുടങ്ങുകയാണ്‌ പതിവ്‌.