പത്തനാപുരം : നിരാലംബരായ സ്റ്റേജ് കലാകാരന്മാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നാടകമത്സരത്തിലെ വിജയികൾക്ക് പുരസ്കാരദാനവും സ്റ്റേജ് കലാകാരന്മാർക്ക് വസ്തു കൈമാറ്റവും പത്തനാപുരം ഗാന്ധിഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കലാസ്വാദകർക്ക് നാടകം കാണുന്നതിന് കേരളത്തിലൊട്ടാകെ സ്ഥിരം നാടകവേദികൾ സ്ഥാപിക്കും. ആദ്യപടിയായി കായംകുളത്ത് കെ.പി.എ.സി.ക്ക് സ്ഥിരം നാടകവേദി അനുവദിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയിൽ ജീവിതമാർഗമില്ലാതെ ഉഴറുന്ന കലാകാരന്മാരെ കൈപിടിച്ചുയർത്താൻ സാധ്യമായതെല്ലാം ചെയ്യും. ഇവർക്കായുള്ള ഗാന്ധിഭവന്റെ കാരുണ്യപ്രവർത്തനങ്ങൾ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഗാന്ധിഭവൻ, സാംസ്കാരികവകുപ്പുമായി ചേർന്ന് കൊല്ലത്ത് സംഘടിപ്പിച്ചതായിരുന്നു നാടകമത്സരം. സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത പത്തു കലാകാരന്മാർക്കാണ് ഗാന്ധിഭവൻ സമ്മാനിച്ച മൂന്നു സെന്റ് വീതമുള്ള വസ്തുവിന്റെ ആധാരം കൈമാറിയത്. ഗാന്ധിഭവൻ ഏർപ്പെടുത്തിയ ഡോ. എ.പി.ജെ. വേൾഡ്‌ പ്രൈസ് പുരസ്കാരം പ്രമോദ് പയ്യന്നൂരിനും സി ആൻഡ്‌ എസ് ഫൗണ്ടേഷൻ അവാർഡ് ശാന്തിവിള ദിനേശിനും നാടകോത്സവത്തിൽ ജേതാക്കളായ കലാകാരൻമാർക്കും മികച്ച നാടകങ്ങൾക്കുമുള്ള അവാർഡുകളും മന്ത്രി സമ്മാനിച്ചു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രനടൻ പ്രേംകുമാർ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, നടൻ ടി.പി.മാധവൻ, കെ.പി.എ.സി. ലീലാകൃഷ്ണൻ, അനിൽ ആഴാവീട്, ബി.പ്രദീപ്, പയ്യന്നൂർ മുരളി, സി.ആർ.മനോജ് എന്നിവർ സംസാരിച്ചു.