കൊല്ലം : പിറവന്തൂർ ഗ്രാമപ്പഞ്ചായത്തിൽ വ്യാപാരികൾക്കായി ആന്റിജൻ പരിശോധന വ്യാപിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയിൽ അംഗങ്ങളായവർക്കായി പി.എച്ച്.സി. കേന്ദ്രീകരിച്ചാണ് പരിശോധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിമൂന്നിനു മുകളിൽ എത്തിയതോടെ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ വാർഡുതല നിരീക്ഷണം ശക്തമാക്കി. പി.എച്ച്.സി. കേന്ദ്രീകരിച്ച് ദിവസവും ആന്റിജൻ പരിശോധന നടത്തുന്നുണ്ട്.

മലയോരപ്രദേശങ്ങളായ ചെമ്പനരുവി, കുമരംകുടി എന്നിവിടങ്ങളിൽ മൊബൈൽ ആന്റിജൻ പരിശോധന വർദ്ധിപ്പിച്ചതായി പിറവന്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.ജയൻ പറഞ്ഞു. നിലവിൽ രോഗികൾ കൂടുതലുണ്ടായിരുന്ന കടയ്ക്കാമൺ കോളനിയിൽ മൂന്നുതവണ പരിശോധന നടത്തി, രോഗബാധിതരായവരെ ഡി.സി.സി.യിലേക്ക് മാറ്റി. നിലവിൽ 28 രോഗികളാണ് കുര്യോട്ടുമലയിലെ ഡി.സി.സി.യിൽ ഉള്ളത്.

കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ ടി.എൻ.പി. തിയേറ്റർ അങ്കണത്തിൽ കോവിഡ് സ്രവപരിശോധന നടത്തി. വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ പുരോഗമിക്കുന്നു.