പുത്തൂർ : കല്ലടയാറിന് കുറുകെ കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താഴത്തുകുളക്കടയിൽ നിർമിക്കുന്ന ചെട്ടിയാരഴികത്ത് കടവ് പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. താഴത്തുകുളക്കടയെ മണ്ണടിയുമായി ബന്ധിപ്പിക്കുന്നതാണ് നാടിന്റെ ചിരകാല അഭിലാഷമായിരുന്ന പാലം.

നദിക്ക് നടുവിലായി രണ്ട് തൂണുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. മൂന്നാമത്തെ തൂണിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. മണ്ണടി ഭാഗത്ത് അബഡ്‌മെന്റിന്റെ കോൺക്രീറ്റ് ഘട്ടമായി. താഴത്തുകുളക്കട ഭാഗത്തെ അബഡ്‌മെന്റിന്റെ ജോലികളും തുടങ്ങിയിട്ടുണ്ട്.

നിർമാണ ഉദ്ഘാടനസമയത്ത് 24 മാസമായിരുന്നു കാലാവധി പറഞ്ഞിരുന്നത്. എന്നാൽ കോവിഡും മറ്റ് പ്രതികൂല സാഹചര്യങ്ങളും നിർമാണ കാലാവധി നീളാൻ ഇടയാക്കിയേക്കും.

വികസനക്കുതിപ്പേകും

ചെട്ടിയാരഴികത്ത് കടവുപാലം യാഥാർഥ്യമാകുന്നതോടെ നാടിന്റെ വികസനത്തിന് ഗതിവേഗം കൈവരും. കുളക്കട ഗ്രാമപ്പഞ്ചായത്തിനാകമാനമാണ് നേട്ടമുണ്ടാകുന്നത്. പതിറ്റാണ്ടുകളായി നാട്ടുകാർ പാലത്തിനായി കാത്തിരിക്കുകയായിരുന്നു. എല്ലാ ഭേദചിന്തകളും മറന്ന് നാടിന്റെ പൂർണ പിന്തുണയാണ് പാലം നിർമാണത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജി.സരസ്വതി,

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

തൂണുകൾക്ക് ഉയരം കൂടും

: പാലത്തിന്റെ തൂണുകൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നതിനേക്കാൾ ഉയരം കൂട്ടേണ്ടിവരും. കഴിഞ്ഞ പ്രളയകാലത്ത് കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നത് കണക്കിലെടുത്ത് പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്.