തേവലക്കര : തേവലക്കര പടിഞ്ഞാറ്റക്കരയിൽ രണ്ടുവീടുകളിൽ മോഷണശ്രമം. മൂക്കനാട്ട് ജങ്‌ഷനുസമീപം കടമ്പാട്ട് വടക്കതിൽ കൊച്ചനുജൻ പിള്ളയുടെയും കാഞ്ഞിരവിളയിൽ അബ്ദുസമദിന്റെയും വീടുകളിലാണ്‌ തിങ്കളാഴ്ച രാത്രി മോഷണശ്രമം നടന്നത്‌. കൊച്ചനുജൻ പിള്ളയുടെ വീട്ടിൽ മുൻവാതിലിന്റെ പൂട്ടുകുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

കോയിവിളയിലെ ബന്ധുവീട്ടിൽ പോയ വീട്ടുകാർ ചൊവ്വാഴ്ച മൂന്നുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്ന് വാർഡ് അംഗത്തെയും അയൽവാസികളെയും വിവരമറിയിച്ചു. വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന് ആധാരം ഉൾപ്പെടെയുള്ള സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലാണ്. സ്വർണമോ പണമോ ഗൃഹോപകരണങ്ങളോ നഷ്ടപ്പെട്ടില്ല. തെക്കുംഭാഗം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

അബ്ദുസമദിന്റെ വീടിന്റെ പിൻവാതിലാണ്‌ കുത്തിത്തുറന്നത്‌. അകത്തുകടന്ന സംഘം അലമാര കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ടു. ഇവിടെയും ഒന്നും നഷ്ടപ്പെട്ടില്ല. പ്രദേശത്ത് പട്രോളിങ്‌ ശക്തമാക്കണമെന്നും പ്രതികളെ പിടികൂടാൻ പോലീസ് ഇടപെടൽ ശക്തമാക്കണമെന്നും വാർഡ് അംഗം അനസ് നാത്തയ്യത്ത് ആവശ്യപ്പെട്ടു.