പുനലൂർ :കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയിൽ കൊല്ലംമുതൽ പുനലൂർവരെ വൈദ്യുതീകരണത്തിന് നടപടിയായതിനുപുറമേ പുനലൂർമുതൽ ചെങ്കോട്ടവരെയുള്ള വൈദ്യുതീകരണത്തിനും അനുമതിയായി. ഇതിനായി 61.32 കോടിയുടെ പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ ഫിനാൻസ് ഡയറക്ടറേറ്റ് അനുമതി നൽകി. പ്രവൃത്തിക്ക് ടെൻഡർ നൽകുന്നതിനുള്ള നടപടികൾ എത്രയുംവേഗം ആരംഭിക്കുന്നതിന് റെയിൽവേ ബോർഡ് നിർദേശവും നൽകിക്കഴിഞ്ഞു.

ദക്ഷിണ റെയിൽവേയുടെ ചെങ്കോട്ട-തെങ്കാശി-തിരുനെൽവേലി-തിരുച്ചെന്തൂർ സെക്‌ഷൻ വൈദ്യുതീകരണപദ്ധതിയുടെ ഭാഗമായാണ് പുനലൂർമുതൽ ചെങ്കോട്ടവരെയും വൈദ്യുതീകരിക്കുന്നത്. 258.70 കോടി രൂപയാണ് മൊത്തം തുക. വൈദ്യുതീകരണനടപടികൾ പൂർത്തിയായാൽ പാതയിൽ വൈദ്യുത തീവണ്ടികൾ ഓടും.

കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണപ്രവൃത്തികൾ നടന്നുവരികയാണ്. 2017-ൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമാണപ്രവൃത്തികൾ അഞ്ചുമാസംമുൻപാണ് ആരംഭിച്ചത്. അടുത്ത മാർച്ചിനുമുൻപായി പണി പൂർത്തിയാക്കണമെന്നാണ് നിർദേശം.