കുണ്ടറ : കുണ്ടറ വിളംബരസ്മാരകം ഒരുങ്ങി, ചരിത്രപ്രസിദ്ധമായ വിളംബരത്തിന്റെ 211-ാം വാർഷികം ആഘോഷിക്കാൻ. 1809 മകരം ഒന്നാംതീയതിയായിരുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാട്ടത്തിന് ജനങ്ങളെ ആഹ്വാനംചെയ്ത വിളംബരം നടന്നത്. ഈ വർഷം മകരം ഒന്ന് ജനുവരി 15-നാണ്.

ഇളമ്പള്ളൂർ ക്ഷേത്രമതിൽക്കെട്ടിനകത്ത് വിളംബരം നടത്തിയസ്ഥലം പ്രത്യേകം തിട്ടകെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇതിന്‌ സമീപമുണ്ടായിരുന്ന ചരിത്ര പ്രാധാന്യമുള്ള ചുമടുതാങ്ങി റോഡുവികസനത്താൽ നഷ്ടപ്പെട്ടു. ഇളമ്പള്ളൂരിലെ സ്മാരകത്തിൽ വിളംബരത്തിലെ പ്രസക്തഭാഗങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. വിളംബരത്തിന്റെ ഇംഗ്ലീഷ് പരിഭാഷകൾ നാഷണൽ പുരാരേഖാലയത്തിലും സൂക്ഷിച്ചിട്ടുണ്ട്.

വിളംബര സ്മാരകത്തിന് സമീപമുള്ള ഇളമ്പള്ളൂർ പഞ്ചായത്ത് കെട്ടിടത്തിൽ വിളംബര സ്മാരക ലൈബ്രറി പ്രവർത്തിക്കുന്നു. ഇവിടെയുണ്ടായിരുന്ന സബ്ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതോടെ ലഭിച്ച സ്ഥലം ലൈബ്രറിയുടെ നവീകരണത്തിനുകൂടി ഉപയോഗിക്കാൻ ഉദ്ദേശമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപൻ പറഞ്ഞു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവതീയുവാക്കൾക്ക് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാക്കും. മികവുറ്റ ഫാക്കൽട്ടിയെ കണ്ടെത്തി പരിശീലനം നൽകാനും ആലോചനയുണ്ടെന്ന് ജലജ ഗോപൻ പറഞ്ഞു. കുണ്ടറ വിളംബരത്തിന്റെ സ്മാരകമായി നാന്തിരിക്കൽ ഒരു മ്യൂസിയമുണ്ട്. ഇവിടെ വിളംബരവും ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. മ്യൂസിയത്തിനുമുന്നിൽ പ്രതിമാമണ്ഡപവുമുണ്ട്. എം.എ.ബേബി സാംസ്കാരികമന്ത്രിയായിരുന്നപ്പോൾ സ്ഥാപിച്ചതാണ് ഈ മ്യൂസിയം. ഒരു ജീവനക്കാരനെ സൂക്ഷിക്കാൻ ഏൽപ്പിച്ചതല്ലാതെ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.

വിളംബരത്തിന്റെ 211-ാം വാർഷികം പ്രമാണിച്ച് മ്യൂസിയത്തിനുമുന്നിൽ പൊതുജനങ്ങൾക്കായി സിമന്റ് ബെഞ്ചുകളും ഉദ്യാനവും റേഡിയോ പാർക്കും സ്ഥാപിക്കുമെന്ന് പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ.അനിൽ പറഞ്ഞു. വേലുത്തമ്പി ദളവയുടെ വാൾ തിരുവനന്തപുരത്തെ ആർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന വാൾ തിരുവനന്തപുരം മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു. വാൾ വിളംബരവാർഷികത്തിന് ഇളമ്പള്ളൂരിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യം ഇത്തവണയും നടന്നില്ല.

ബുധനാഴ്ച രാവിലെ കുണ്ടറ വിളംബര സ്മാരകത്തിൽ ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജാഗോപൻ, വേലുത്തമ്പി ദളവ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി., സെക്രട്ടറി കുണ്ടറ ജി.ഗോപിനാഥ്‌, വർക്കിങ്‌ പ്രസിഡന്റ് എം.ബാലകൃഷ്ണപിള്ള, ട്രഷറർ കെ.ത്രിവിക്രമൻ പിള്ള, ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് കൺവീനർ സി.ആർ.രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് എസ്.എൻ.എസ്.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ് കോ-ഓർഡിനേറ്റർ രാജൻ മലനടയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തും. 21-ന് രാവിലെ പത്തുമുതൽ കുണ്ടറ വിളംബര ലൈബ്രറിയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.