അഞ്ചാലുംമൂട് : പെരുമൺ തീവണ്ടിദുരന്തം നടന്നിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. അശ്രുപൂജയ്ക്കായ് മരിച്ചവരുടെ ബന്ധുക്കളും നിരവധി നാട്ടുകാരും പെരുമൺ പാലത്തിനുസമീപം എത്തും.

1988 ജൂലായ്‌ എട്ടിന്‌ ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്കുവന്ന ഐലന്റ് എക്സ്‌പ്രസ്‌ ഉച്ചയ്ക്ക് 12.45-ന് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. ട്രെയിനിന്റെ എട്ട്‌ ബോഗികൾ അഷ്ടമുടിക്കായലിൽ മുങ്ങിത്താണു. സംഭവത്തിൽ 105 പേർ മരിക്കുകയും അനേകംപേർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം സമീപപ്രദേശങ്ങളിലുള്ള നാട്ടുകാരും മത്സ്യത്തൊഴിലാളികളും സന്ദർഭോചിതമായി പ്രവർത്തിച്ചതിനാൽ മരണസംഖ്യ 105-ൽ ഒതുക്കാൻ കഴിഞ്ഞു. നാടിനെ ഞെട്ടിച്ച ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ അന്വേഷണകമ്മിഷനെ നിയമിച്ചു.

 അന്നത്തെ റെയിൽവേ സേഫ്റ്റി കമ്മിഷണർ സൂര്യനാരായണന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്തിമ റിപ്പോർട്ടിൽ ചുഴലിക്കാറ്റ് (ടെർണാഡോ) ആണ് ട്രെയിൻ മറിയാനുള്ള യഥാർഥ കാരണം എന്ന് കണ്ടെത്തി. പ്രദേശത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്ന റിപ്പോർട്ടിനെതിരേ ജനരോഷം ഉയർന്നപ്പോൾ റിട്ട. എയർമാർഷൽ സി.എസ്.നായിക്കിനെ വീണ്ടും അന്വേഷണ കമ്മിഷനായി കേന്ദ്ര സർക്കാർ നിയമിച്ചു. അദ്ദേഹവും പഴയപല്ലവി ആവർത്തിച്ചു.

 യഥാർഥകാരണം കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട്‌ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റി കേന്ദ്ര െറയിൽവേ മന്ത്രിക്ക് പലതവണ നിവേദനം നൽകിയെങ്കിലും ഫയൽ ക്ലോസ് ചെയ്തു എന്ന മറുപടിയാണ് ലഭിച്ചത്.

 ചെറിയ ചാറ്റൽമഴയല്ലാതെ പ്രദേശത്ത് ചുഴലിക്കാറ്റ്‌ വീശിയടിച്ചില്ല. അപകടംനടന്ന സ്ഥലത്ത് െറയിൽവേ ജീവനക്കാർ പാളത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. രണ്ടുവശത്തെ പാളങ്ങളുടെയും ഫിഷ് പ്ലേറ്റ് തകരാറിലായതാണ് ട്രെയിൻ മറിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പക്ഷം.   മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര-സംസ്ഥാന സർക്കാർ ധനസഹായം നൽകിയിരുന്നു. ദുരിതാശ്വാസ ഫണ്ടിൽ മിച്ചംവന്ന തുകയിൽനിന്ന്‌ പെരുമൺ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ ഓർമ നിലനിർത്തുന്നതിനുവേണ്ടി പെരുമൺ ദുരന്ത റിലീഫ് വാർഡ് നിർമിച്ചിരുന്നു. ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നിരന്തരമായ ശ്രമഫലമായി സ്ഥലം എം.എൽ.എ.യും വിദ്യാഭ്യാസ സാംസ്കാരികവകുപ്പ് മന്ത്രിയുമായിരുന്ന എം.എ.ബേബിയുടെ നിർദേശപ്രകാരം റിലീഫ് വാർഡിൽ 2012 ജൂലായ്‌ എട്ടിന് കിടത്തിച്ചികിത്സ ആരംഭിച്ചു. അത്യാസന്നനിലയിലുള്ള രോഗികളെ വീട്ടിൽപ്പോയി ചികിത്സിക്കുന്ന ക്യൂബൻ മോഡലായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

 അന്നത്തെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, മന്ത്രി എം.എ.ബേബി തുടങ്ങി നിരവധിപേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ക്യൂബൻ മോഡൽ ചികിത്സ കുറച്ചുകാലം മാത്രമേ മുന്നോട്ടുപോകാൻ കഴിഞ്ഞുള്ളൂ. ഇപ്പോൾ പെരുമൺ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബക്ഷേമ ആരോഗ്യകേന്ദ്രമാക്കി ഉയർത്തിയിട്ടുണ്ട്. എങ്കിലും പെരുമൺ ദുരന്ത റിലീഫ് വാർഡ് എന്ന പേരുപോലും അധികൃതർ നീക്കംചെയ്തനിലയിലാണ്.