തിങ്ങിനിറഞ്ഞ റോഡുകൾ, യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിക്കുമ്പോൾ പരിഹാരമാർഗം ജലഗതാഗതത്തിന്റെ ഉയിർത്തെഴുന്നേൽപ്പുമാത്രമെന്ന് വിദഗ്‌ധർ. കൊല്ലം പട്ടണത്തെയും സമീപ പഞ്ചായത്തുകളെയും നെഞ്ചോടു ചേർത്താണ് മനോഹരിയായ അഷ്ടമുടിക്കായലിന്റെ കിടപ്പ്‌. വിശാലമായ അഷ്ടമുടിക്കായലിന്റെ പ്രധാനഭാഗത്ത് ഇരുകരകൾ തമ്മിൽ നാലുകിലോമീറ്റർ അകലമുണ്ട്. ഒരുകരയിൽ നിന്നാൽ മറുകര കാണാമെങ്കിലും റോഡുമാർഗം മുപ്പത്തഞ്ചിലധികം കിലോമീറ്ററുകൾ യാത്രചെയ്യണം. ഇരുകരകളെയും ബന്ധിപ്പിച്ച് യന്ത്രവത്കൃത ബോട്ട്‌ സർവീസ്‌ ഏർപ്പെടുത്തിയാൽ സമയലാഭം ഏറെയാണ്. ഒപ്പം റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ദേശീയ ജലപാത-മൂന്നിന്റെയും സംസ്ഥാന ജലപാതയുടെയും നിർമാണം അടിയന്തരമായി പൂർത്തിയാക്കിയാൽ യാത്രാക്ലേശത്തിന് കുറെയൊക്കെ പരിഹാരമാകും.

കൊല്ലത്തിന്റെ ജലഗതാഗത ചരിത്രം

റോഡ് മാർഗമുള്ള യാത്രയ്ക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് ജലഗതാഗതത്തെയാണ് ബഹുഭൂരിപക്ഷം പേരും ആശ്രയിച്ചിരുന്നത്. അഷ്ടമുടിക്കായലിലൂടെ ചെറുവള്ളങ്ങളിലുള്ള യാത്ര ദുഷ്കരമായതോടെ യന്ത്രവത്കൃത യാത്രാ ബോട്ട് എന്ന ആശയമുദിച്ചു. 1899-ൽ കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്ക് ആദ്യ ബോട്ട് സർവീസ് ആരംഭിച്ചു. ചേർത്തലക്കാരൻ മാത്യു വർക്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള െറഡീമർ എന്ന സ്റ്റീം ബോട്ടായിരുന്നു അത്. എട്ടണയായിരുന്നു യാത്രക്കൂലി. 1924-ൽ െറഡീമർ ബോട്ട് പല്ലനത്തോട്ടിൽ മുങ്ങി മഹാകവി കുമാരനാശാൻ അപമൃത്യുവിനിരയായി. കുറേക്കാലത്തിനുശേഷം പതിനെട്ടിലധികം ബോട്ടുകൾ അഷ്ടമുടിക്കായലിലൂടെ കോട്ടയം, ചങ്ങനാശ്ശേരി, എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് സർവീസ് നടത്തി. 1958-ൽ സർക്കാർ ബോട്ട് സർവീസ് ദേശസാത്‌കരിച്ചതോടെ ജലഗതാഗത്തിന് ശനിദശ ആരംഭിച്ചു. തുടർന്ന് ജലഗതാഗതത്തിന് വകുപ്പ് രൂപവത്‌കരിച്ച് പ്രവർത്തനമാരംഭിച്ചെങ്കിലും കൊല്ലത്തിനെ അധികൃതർ ഗൗനിച്ചില്ല.

1) വിരലിലെണ്ണാവുന്ന ബോട്ടുകളുമായി ജലഗതാഗത വകുപ്പ്

ജലഗതാഗതത്തിന്റെ ദേശസാത്‌കരണത്തിനുമുൻപ് ഇരുപത്തഞ്ചോളം ബോട്ടുകൾ മത്സരിച്ച് കായലിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്നെങ്കിൽ ഇന്ന് മൂന്നു ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അറ്റകുറ്റപ്പണികൾ നടത്താനുള്ള സൗകര്യമില്ലാത്തതിനാലും സ്പെയർ ബോട്ട് ഇല്ലാത്തതിനാലും ഏതെങ്കിലും ബോട്ടിന് ചെറിയ തകരാർ സംഭവിച്ചാലും ആഴ്ചകളോളം സർവീസ് മുടങ്ങുന്ന സ്ഥിതിയാണ്.

2)അഷ്ടമുടി-തെക്കുംഭാഗം ജങ്കാർ സർവീസ് വേണം

ചേർത്തലയിലെ തവണക്കടവ് മാതൃകയിൽ അഷ്ടമുടി-തെക്കുംഭാഗം ജങ്കാർ സർവീസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ കടത്തു സർവീസുകൾ ആരംഭിക്കാൻ ഗ്രാമപ്പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. തൃക്കരുവ, തെക്കുംഭാഗം പഞ്ചായത്തുകൾ സംയുക്തമായി തീരുമാനിച്ചാൽ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയും. സർവീസ് ആരംഭിച്ചാൽ തൃക്കരുവ, പെരിനാട്, പനയം, അഞ്ചാലുംമൂട് പ്രദേശത്തുള്ളവർക്ക് കൊല്ലം വഴിയുള്ള ഗതാഗതക്കുരുക്കിൽപ്പെടാതെ വളരെ പെട്ടെന്ന് കരുനാഗപ്പള്ളിയിലോ ചവറയിലോ എത്തിച്ചേരാം.

3)ഇരുചക്രവാഹനം കയറ്റാൻ സൗകര്യമുള്ള ബോട്ട് സർവീസ് ഏർപ്പെടുത്തണം

പ്രധാന കടവുകളെ ബന്ധിപ്പിച്ച് ഇരുചക്രവാഹനം കയറ്റാൻ സൗകര്യമുള്ള ബോട്ട്‌ സർവീസ് ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ജലഗതാഗതവകുപ്പിന് അത്തരത്തിലുള്ള ബോട്ടുകൾ നിലവിലുണ്ട്. കൊല്ലത്ത് അത്തരത്തിൽ ഒരു ബോട്ട് നിലവിലുണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി ആലപ്പുഴയ്ക്ക് കൊണ്ടുപോയതിനാൽ അതും ഇല്ലാതായി. കൊല്ലം-പേഴുംതുരുത്ത് സർവീസിനും ഇരുചക്രവാഹനങ്ങൾ കയറ്റാവുന്ന ബോട്ട് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടുതൽ ബോട്ടുകൾ എത്തിച്ച് അഷ്ടമുടി, തെക്കുംഭാഗം, കോയിവിള, പെരുങ്ങാലം ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയാൽ റോഡുവഴിയുള്ള ദീർഘദൂരയാത്ര ഒഴിവാക്കാൻകഴിയും.

4)വികസന പദ്ധതികളുടെ നടത്തിപ്പിൽ കാര്യക്ഷമതയില്ല- എൻ.കെ.പ്രേമചന്ദ്രൻ

നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മമൂലം യഥാസമയം വികസനപദ്ധതികൾ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ചരക്കുഗതാഗതത്തിനും വിനോദസഞ്ചാരമേഖലയ്ക്കും വൻകുതിപ്പേകാൻ കഴിയുന്ന കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത- മൂന്നിന്റെ നിർമാണം ദശാബ്ദങ്ങൾക്കുമുൻപ് തുടങ്ങി പല ഘട്ടങ്ങളിൽ ഉദ്ഘാടനങ്ങൾ നടന്നെങ്കിലും ഇതുവരെ കോവിൽത്തോട്ടംവരെമാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. കൊല്ലം-കോവിൽത്തോട്ടം ഭാഗത്ത് പാത പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പദ്ധതി പൂർണമായി നടപ്പായില്ല. ഇത് പൂർത്തിയായാൽ കൊല്ലത്തുനിന്ന് തൃശ്ശൂർവരെയുള്ള ചരക്കു ഗതാഗതത്തിന് ഏറെ പ്രയോജനപ്രദമാകുമെന്ന് എം.പി. പറഞ്ഞു.

കൊല്ലം-കോവളം സംസ്ഥാന ജലപാതയുടെ നിർമാണം അനന്തമായി നീളുകയാണ്. മണൽ മാഫിയയ്ക്ക് കൊയ്ത്തായതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല. ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

5)സർക്കാർ മാർഗരേഖ നൽകണം-മേയർ വി.രാജേന്ദ്രബാബു

ജലഗതാഗതത്തിന് പ്രാധാന്യം നൽകി നടപ്പാക്കിയാൽ റോഡുവഴിയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മേയർ വി.രാജേന്ദ്രബാബു പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് സർക്കാർ മാർഗരേഖ നൽകിയാൽ ജലഗതാഗതപദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

6)തുറമുഖ വികസനത്തിന് ജലഗതാഗത വികസനം അനിവാര്യം-എം.മുകേഷ്

കൊല്ലം തുറമുഖ വികസനത്തിന് ജലഗതാഗത മാർഗത്തിന്റെ വികസനം അനിവാര്യമാണെന്ന് എം.മുകേഷ് എം.എൽ.എ. പറഞ്ഞു. ജലപാതകളുടെ വികസനം അടുത്തവർഷം പൂർത്തിയാക്കാനുള്ള ശ്രമം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലിന്റെ പ്രധാന കരകളെ ബന്ധിപ്പിച്ച് കൂടുതൽ യാത്രാ ബോട്ടുകൾ സർവീസ്‌ ആരംഭിച്ചാൽ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്രദമാകുമെന്നും അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

7) പഞ്ചായത്തുകളുടെ സംയുക്തയോഗം ചേരും- കെ.ചന്ദ്രശേഖരൻ പിള്ള (പഞ്ചായത്ത് പ്രസിഡന്റ്, തൃക്കരുവ)

കായലിന്റെ കരകളിലുള്ള വിവിധ പഞ്ചായത്തുകളുടെ സംയുക്ത യോഗം ചേർന്ന്‌ ജലഗതാഗത പദ്ധതികൾ നടപ്പാക്കുമെന്ന് തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ള പറഞ്ഞു. കായലിന്റെ ഏറ്റവും വീതികൂടിയ ഭാഗമായ അഷ്ടമുടി-തെക്കുംഭാഗം കടവുകൾ ബന്ധപ്പെടുത്തി ജങ്കാർ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ഇരു പഞ്ചായത്തുകളും സംയുക്തയോഗം ചേർന്ന്‌ തീരുമാനിക്കും.