ഫോ: ർവേഡ്‌ ബ്ലോക്ക് സ്ഥാപക ചെയർമാൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കസേരയിൽ ഒരു മലയാളി 15 വർഷമായി ഇരിക്കുന്നു-കൈപ്പുഴ വേലപ്പൻ നായർ. ‘എനിക്ക് വയസ്സ് 90 ആകുന്നു. ഇത്തവണയെങ്കിലും ദേശീയ ചെയർമാൻ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കണം’-കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാസമ്മേളനത്തിൽ കൈപ്പുഴ അപേക്ഷിച്ചെങ്കിലും പാർട്ടിയിൽ ശക്തമായ ബംഗാൾഘടകം സമ്മതിച്ചില്ല.

കൈപ്പുഴ തുടരണമെന്ന് മഹാരാഷ്ട്ര, തമിഴ്‌നാട് ഘടകങ്ങളും ബംഗാളിനൊപ്പം നിലപാടെടുത്തതോടെ വഴങ്ങേണ്ടിവന്നു. ദില്ലിയിലെ കരോൾബാഗിൽ വിപുലമായ കേന്ദ്ര കമ്മിറ്റി ഓഫീസ് നിർമിച്ചത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനഫലമായാണ്.

പാർട്ടിക്ക് 40 എം.എൽ.എ.മാരും ആറ് എം.പി.മാരും മൂന്ന് മന്ത്രിമാരുമുണ്ടായപ്പോഴും അമരക്കാരൻ കൈപ്പുഴയായിരുന്നു. രാജ്യസഭാംഗമാവാൻ പലപ്പോഴും അവസരം ലഭിച്ചിട്ടും നന്ദിപറഞ്ഞ് വേണ്ടെന്നുവയ്ക്കുകയായിരുന്നു. പാർലമെന്ററി മോഹമില്ല. തികച്ചും സൗമ്യൻ. സി.പി.ഐ.യിലെ സൗമ്യസാന്നിധ്യമായിരുന്ന ഇ.ചന്ദ്രശേഖരൻ നായരെപ്പോലെ.

1928 ജനുവരി ആറിന് കൊല്ലം കൊറ്റങ്കര പുന്നവിള കെ.നാരായണപിള്ളയുടെയും അഞ്ചൽ ഏറം കൈപ്പുഴ തറവാട്ടിൽ നാരായണിയമ്മയുടെയും ആറാമത്തെ മകനായി ജനനം. കരിക്കോട് സർക്കാർ എൽ.പി.എസ്., അഞ്ചൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ, പുനലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.

കൊല്ലം എസ്.എൻ.കോളേജിൽ ധനതത്ത്വശാസ്ത്രത്തിൽ ബി.എ. പഠനം. ഒ.എൻ.വി., തിരുനല്ലൂർ, പുതുശ്ശേരി, ഒ.മാധവൻ, പന്മന രാമചന്ദ്രൻ നായർ, ആർ.എസ്.ഉണ്ണി തുടങ്ങിയവർ സഹപാഠികൾ. എറണാകുളം, തിരുവനന്തപുരം ലോ കോളേജുകളിൽ നിയമപഠനം. 56-ൽ കൊല്ലം കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു.

73 മുതൽ 83 വരെ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. അന്ന് പത്തനംതിട്ട ജില്ലയും കൊല്ലം ജില്ലാ കോടതിയുടെ പരിധിയിലായിരുന്നു. അക്കാലത്ത് കൈപ്പുഴയ്ക്കു പുറമേ സി.വി.പദ്‌മരാജനായിരുന്നു മറ്റൊരു പബ്ലിക് പ്ലോസിക്യൂട്ടർ.

അന്ന്‌ പത്തനംതിട്ട പോലീസ് ഇൻസ്പെക്ടറെ കുത്തിക്കൊന്ന കേസ്, ചിട്ടി ബാബു കൊലക്കേസ് തുടങ്ങിയ നിരവധി കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു കൈപ്പുഴ. എൻ.ശ്രീകണ്ഠൻ നായർ കൈപ്പുഴയെ ആർ.എസ്.പി.യിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. 1950 മുതൽ 83 വരെ ആർ.എസ്.പി.യിൽ.

1961 മുതൽ 64 വരെ കശുവണ്ടിരംഗത്തെ ഏറ്റവും വലിയ സംഘടനയായ ഓൾ കേരള കാഷ്യൂനട്ട് ഫാക്ടറി വർക്കേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. കുണ്ടറ അലിൻഡ്‌, കുണ്ടറ ട്രാവൻകൂർ കെമിക്കൽസ്, സിറാമിക്സ്, മീറ്റർ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലെ യൂണിയൻ നേതാവായിരുന്നു.

ചന്ദനത്തോപ്പ് വെടിവയ്പ് മനസ്സിൽ മുറിവേൽപ്പിച്ച സംഭവം

1958 ജൂലായ്‌ 26-ലെ ചന്ദനത്തോപ്പ് വെടിവയ്പ് ഇന്നും മനസ്സിൽ ആഴത്തിലേറ്റ മുറിവായി നിലനിൽക്കുന്നെന്ന് കൈപ്പുഴ പറയുന്നു. ഇ.എം.എസിന്റെ ഭരണകൂടം സമരംചെയ്ത തൊഴിലാളികൾക്കുനേരേ വെടിെവച്ചു.

പോലീസ് വെടിവയ്പിൽ കശുവണ്ടിത്തൊഴിലാളികളായ രാമനും സുലൈമാനും മരിച്ചു. ഈ സമരത്തിന് സ്ഥലവാസികൂടിയായ കൈപ്പുഴയായിരുന്നു പ്രാദേശികനേതൃത്വം നൽകിയത്. ചന്ദനത്തോപ്പ് വെടിവയ്പ് അന്വേഷിക്കുന്നതിനായി ജസ്റ്റിസ് ജെ.ശങ്കരൻ ഏകാംഗ കമ്മിഷനായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

കശുവണ്ടിത്തൊഴിലാളി യൂണിയനുവേണ്ടി കമ്മിഷൻ മുൻപാകെ ഹാജരായത് കൈപ്പുഴയായിരുന്നു. തേവള്ളി വാർഡിനെ പ്രതിനിധാനംചെയ്ത്‌ 61 മുതൽ 66 വരെ കൊല്ലം മുനിസിപ്പൽ കൗൺസിലറായിരുന്നു. അക്കാലത്ത് മുനിസിപ്പൽ ചെയർമാൻ ടി.കെ.ദിവാകരനും.

ഫോർവേഡ്‌ ബ്ലോക്കിലേക്ക്

1982-ൽ ആർ.എസ്.പി.യിലുണ്ടായ പിളർപ്പിനുശേഷം എൻ.ശ്രീകണ്ഠൻ നായരോടൊപ്പം നിലയുറപ്പിച്ചു. എൻ.ശ്രീകണ്ഠൻ നായരിൽനിന്നാണ് ഫോർവേഡ്‌ ബ്ലോക്കിനെക്കുറിച്ച് കൈപ്പുഴ കൂടുതൽ മനസ്സിലാക്കുന്നത്.

ആർ.എസ്.പി.യിലെ പിളർപ്പിനെത്തുടർന്ന് എൻ.ശ്രീകണ്ഠൻ നായരുടെ അനുകൂലികൾ കൊല്ലം ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. ശ്രീകണ്ഠൻ നായർ നിർദേശിച്ചത് ഫോർവേഡ്‌ ബ്ലോക്കായിരുന്നു.

എന്നാൽ, കരുണാകരന്റെ നേതൃത്വത്തിലുള്ള കാസ്റ്റിങ്‌ മന്ത്രിസഭാരൂപവത്‌കരണവും തിരഞ്ഞെടുപ്പും വന്ന സാഹചര്യത്തിൽ ആർ.എസ്.പി.(എസ്.) ആയി തത്‌കാലം നിലകൊള്ളാൻ തീരുമാനിച്ചു. ആർ.എസ്.പി.(എസ്)യുടെയും യു.ഡി.എഫിന്റെയും സ്ഥാനാർഥിയായി മത്സരിച്ച് കടവൂർ ശിവദാസൻ എം.എൽ.എ.യും മന്ത്രിയുമായി.

83-ൽ ഫോർവേഡ്‌ ബ്ലോക്ക്‌ കേരളഘടകം കൈപ്പുഴയുടെ നേതൃത്വത്തിൽ രൂപവത്‌കരിച്ചു. 2003-ൽ ദേശീയ ചെയർമാനായിരുന്ന ഡി.ഡി.ശാസ്ത്രിയുടെ മരണത്തെത്തുടർന്ന് കൈപ്പുഴ ദേശീയ ചെയർമാനായി. 2018 ഡിസംബറിൽ കൊൽക്കത്തയിൽ നടന്ന 12-ാം പാർട്ടി കോൺഗ്രസിൽ കൈപ്പുഴ വീണ്ടും ദേശീയ ചെയർമാനായി.

22 സംസ്ഥാനങ്ങളിലും പാർട്ടി ഘടകങ്ങൾ സജീവമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി പാർട്ടിതല ബന്ധം സ്ഥാപിച്ചിട്ടുള്ള ഏക ഇടതുപക്ഷപ്രസ്ഥാനമാണ് ഫോർവേഡ്‌ ബ്ലോക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ച് രണ്ടുതവണ ചൈന സന്ദർശിച്ചു.

കേരള റീട്ടെയിൽ മർച്ചന്റ്‌സ് അസോസിയേഷൻ എന്ന സംഘടന രൂപവത്‌കരിച്ചത് കൈപ്പുഴയായിരുന്നു. കൈപ്പുഴ പ്രസിഡന്റും പരേതനായ പ്രമുഖ വ്യാപാരി ആർ.വിശ്വനാഥപിള്ള സെക്രട്ടറിയുമായിരുന്നു.

എൽ.ശാരദാമ്മയാണ് ഭാര്യ. പരേതനായ വി.ചന്ദ്രമോഹൻ, എസ്.ബീന, അഭിഭാഷകനും ഫോർവേഡ്‌ ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റാം മോഹൻ, സൂര്യ ട്രേഡേഴ്‌സ് മാനേജിങ്‌ ജയറക്ടർ ശ്യാം മോഹൻ എന്നിവർ മക്കളാണ്. നേത്രരോഗവിദഗ്ധനും സനാതന ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. പുരുഷോത്തമൻ പിള്ള, രഞ്ജിനി ചന്ദ്രമോഹൻ, ചാത്തന്നൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എൽ.സായി ഗീത, നിഷ ലക്ഷ്മണൻ എന്നിവർ മരുമക്കളും.