പെരുവിരുത്തി അംശം ചക്കുവള്ളി ദേശത്ത് സർവേ നമ്പർ 111/2-ൽ 14 ഏക്കറിന് കരമൊടുക്കുന്നത് ആരാണെന്നറിയാമോ. ദുര്യോധനൻ! ങേ, ദുര്യോധനോ? നെറ്റിചുളിക്കേണ്ട. നൂറ്റുവരുടെ നായകൻ സാക്ഷാൽ ദുര്യോധനൻതന്നെ. പെരുവിരുത്തി മലനട ക്ഷേത്രവും പരിസരവും കാണുമ്പോൾ, ഇവിടത്തെ ഉത്സവസമയത്തൊന്നു പോകുമ്പോൾ മഹാഭാരതയുദ്ധം നടന്നത് ഈ മണ്ണിലല്ലേ എന്നു ശങ്കിച്ചുപോവും. കെട്ടുകുതിരകളും കെട്ടുകാളകളും പുരുഷാരവും അണിനിരക്കുന്ന ഉത്സവവേളയിലെ അമ്പലമൈതാനം കുരുക്ഷേത്ര യുദ്ധഭൂമിയായി സങ്കൽപ്പിച്ചുപോവും. ഒരു പക്ഷേ, ഇത്തരമൊരു സങ്കൽപ്പത്തിൽനിന്നാവാം അല്ലെങ്കിൽ ആരുടെയൊക്കെയോ ഭാവനാവിലാസം കൊണ്ടാവാം, കൗരവർ വാഴുന്ന മലനടകൾ ഈ ദേശത്തിന്റെ പെരുമയായത്. പാണ്ഡവസാന്നിധ്യം ഓർമിപ്പിക്കുന്ന ഐവർകാല, പാണ്ഡവൻപാറ തുടങ്ങിയ സ്ഥലനാമങ്ങളും ഇതിന്റെ പരിസരങ്ങളിലായുണ്ട്.

പെരുവിരുത്തി മലനടയിൽ ദുര്യോധനനാണെങ്കിൽ എണ്ണശ്ശേരിയിൽ ചെന്നാൽ ദുശ്ശാശനനെ കാണാം. ഈ രണ്ട് സഹോദരൻമാർക്കിടയിൽ കുന്നിരാടത്ത് മലനടയിൽ ദുശ്ശളയും. 101 കൗരവർക്കും ഇതിന്റെ പരിസരങ്ങളിലായി മലനടകൾ ഉണ്ടെന്ന് നാട്ടുകാരിൽ പലരും പറയുന്നു. പക്ഷേ, എവിടെയാണെന്നോ ബാക്കിയുള്ളവരുടെ പേരെന്തൊക്കെയാണെന്നോ ആർക്കും വലിയ പിടിയില്ല. മലനടകളെ കേന്ദ്രീകരിച്ച കൗരവക്ഷേത്രങ്ങളെ തേടിയായിരുന്നു ഇങ്ങനൊരു യാത്ര. ഇന്നും ഓർമയിൽ നിൽക്കുന്നൊരു യാത്ര.

ദുര്യോധനഭൂമിയിൽ

കൗരവക്ഷേത്രങ്ങളിൽ ഏറെ പ്രശസ്തം പെരുവിരുത്തി മലനടക്ഷേത്രമാണ്. ഈ ദുര്യോധനസന്നിധിയിലെ ഉത്സവവും വെടിക്കെട്ടും പേരുകേട്ടതായിരുന്നു. വെടിക്കെട്ടുദുരന്തം കണ്ണീരണിഞ്ഞ ഓർമയായി നിൽക്കുമ്പോഴും ഉത്സവം ഇപ്പോഴും ആയിരങ്ങളുടെ സംഗമവേദിയാവുന്നു. വിശാലമായ വയലിനു നടുവിലെ ചെറിയ കുന്നിനു മുകളിലാണ് ക്ഷേത്രം. കൂറ്റൻ കെട്ടുകാളകളും എടുപ്പുകുതിരകളും ഉത്സവം കൂടാൻ ക്ഷേത്രത്തിലേക്ക്‌ പുരുഷാരസമേതം വരുന്ന കാഴ്ച കാണാൻ ഒരിക്കൽ ഉത്സവവേളയിലും പോയി.

എട്ടുകരക്കാരും പനപ്പെട്ടി വാർഡിലെ ജനങ്ങളും ചേർന്നാണ് ഉത്സവം നടത്തുന്നത്. എടയ്ക്കാട്ട്‌ കരക്കാരുടെ വക കാളയും ബാക്കി കുതിരയുമാണ് അണിനിരക്കുക. എണ്ണാനൊക്കാത്ത രീതിയിൽ നേർച്ചയായെത്തുന്ന കുഞ്ഞിക്കാളകളും കുഞ്ഞിക്കുതിരകളും. കൂറ്റൻ എടുപ്പുകുതിരകളെ തോളിൽ താങ്ങി ബാലൻസ് ചെയ്യാൻ കയറും അതിൽ പിടിച്ചൊരു സംഘവും ഉണ്ടാവും. ഒരു വശം ചരിയുമ്പോൾ മറുവശം പിടിച്ചുവലിക്കും. നോക്കിയും കണ്ടും കയർ അയച്ചുകൊടുക്കുകയും വേണം. ശരിക്കും ഒരു മല്ലാഭ്യാസംതന്നെ. ചെണ്ടയുടെയും വായ്‌ത്താരിയുടെയും അകമ്പടിയും ആർപ്പുവിളികളും ശബ്ദഘോഷങ്ങളും അന്തരീക്ഷത്തിന് ഉത്സവലഹരി പകരും. ദിഗന്തങ്ങൾ നടുങ്ങുന്ന വെടിക്കെട്ടും മുൻപുണ്ടായിരുന്നു. ഒരുതവണ വെടിക്കെട്ടിനു കൊണ്ടുവെച്ച കരിമരുന്നു പൊട്ടിത്തെറിച്ച് ഒട്ടേറെ ജീവൻ പൊലിഞ്ഞു. അതിനുശേഷം വെടിക്കെട്ടിന്റെ പ്രതാപം കുറച്ചു.

ദുര്യോധനനും ക്ഷേത്രവുമായുള്ള ബന്ധത്തെപ്പറ്റി ക്ഷേത്രത്തിന്റെ മുൻ ഭാരവാഹികൂടിയായ ഗോവിന്ദപ്പിള്ളയാണ് അന്ന് പറഞ്ഞുതന്നത്. ദുര്യോധനക്ഷേത്രമാണിതെന്ന് എത്രയോ കാലംകൊണ്ട് പറഞ്ഞുകേൾക്കുന്ന കാര്യമാണ്. ദുര്യോധനൻ എന്ന പേരിൽ ബസ് സർവീസ്‌വരെയുണ്ടായിരുന്നു ഈ കരയിൽ. യഥാർഥത്തിലിവിടെ ശിവചൈതന്യമാണ്. പാണ്ഡവരെ വനവാസത്തിനയച്ചശേഷം അവരെ കണ്ടുപിടിക്കാനിറങ്ങിയതിന്റെ ഭാഗമായാണ് ദുര്യോധനൻ ഇവിടെയെത്തിയത്. ശിവചൈതന്യമുള്ള ഈ ഭൂമിയിൽ ശിവനെ ആരാധിക്കാനെത്തിയ ദുര്യോധനൻ പിന്നീട് ഇവിടത്തെ മൂർത്തിയായി മാറിയതാണ്. സിദ്ധിയുള്ള കുറവർ ഉണ്ടായിരുന്നിയിടമാണിത്. നിഴൽക്കുത്ത് എന്ന മാന്ത്രികവിദ്യയിലൂടെ പാണ്ഡവരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദുര്യോധനൻ ഇവിടെയെത്തിയതെന്നും ഐതിഹ്യം പറയുന്നു.

ഈ ക്ഷേത്രത്തിലെ ഉപദേവതയായ പുലിശ്ശേരി അമ്മൂമ്മ ദുശ്ശളയാണെന്നും വ്യാധി തമ്പുരാൻ കർണനാണെന്നും പറയുന്നു. ഗുരുക്കശ്ശേരി ദേവീക്ഷേത്രവും ഉപക്ഷേത്രമാണ്. അന്നപൂർണേശ്വരിയാണിവിടെത്തെ പ്രതിഷ്ഠ. എല്ലാമലയാളമാസവും ഒന്നാം തീയതി അന്നദാനം ഉണ്ടാവാറുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കൊട്ടാരമാണ് കടുത്താശ്ശേരി. ഇത് കായംകുളം രാജാവ് പണിതതാണ്. രാജ്ഞിക്ക് അസുഖമായതിനാൽ ഈ മലനടയിൽ കുളിച്ചുതൊഴുതാൽ മതിയെന്ന് ജ്യോതിഷികൾ പറഞ്ഞു. അസുഖം മാറിയതിന് നന്ദിസൂചകമായി രാജാവ് പണിതതാണ് കൊട്ടാരം എന്നു കരുതപ്പെടുന്നു. കായംകുളം രാജാവാണ് 100 ഏക്കർ ഭൂമി വിരുത്തികൊടുത്തത്. അങ്ങിനെയാണ് പെരുവിരുത്തി എന്ന പേരു വന്നതെന്നും ഒട്ടേറെ വാമൊഴിക്കഥകൾ ഈ കരയ്ക്കു പറയാനുണ്ട്.

മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ച ഉത്സവം കൂടുന്നതാണ് ഇവിടത്തെ പതിവ്. ഒരാഴ്ചകൂടി കഴിയുമ്പോഴാണ് കൊടിയിറക്കുന്നത്. കൊല്ലത്തുനിന്ന്് പോവുമ്പോൾ 31 കിലോമീറ്ററാണ് ഇവിടേക്ക്. ക്ഷേത്രത്തിലെ നമ്പർ 0476-2820338.

ഇവിടെ ദുശ്ശളയാണ് ദേവി

മഹാഭാരതയുദ്ധം കഴിഞ്ഞ് ദുശ്ശള അലഞ്ഞുതിരിഞ്ഞ് കുന്നിരാടത്തെ ഏലായിലെത്തി (വയൽ). കണ്ടത്തിൽ പാലക്കൊമ്പുകൊണ്ട് കുത്തി വെള്ളമെടുത്തു. കമ്പ് തൊട്ടടുത്ത് കുഴിച്ചിടുകയും ചെയ്തു. അന്നത് പാലനട്ടകണ്ടം എന്നറിയപ്പെട്ടു. ഇപ്പോൾ പാലാട്ടുകണ്ടം. അവിടെ വിളയുന്ന നെല്ലാണ് ഇപ്പോഴും കുന്നിരാടത്ത് മലനടയിൽ പൂജയ്ക്കെടുക്കുന്നത്. കുന്നിരാടത്ത് ദേവീക്ഷേത്രത്തിന്റെ ഐതിഹ്യഭൂമികയിലൂടെ കൂട്ടിക്കൊണ്ടുപോയത് അന്ന് ക്ഷേത്രത്തിന്റെ മുഖ്യനടത്തിപ്പുകാരിലൊരാളും കെ.എസ്.ഇ.ബി. റിട്ട. ഓവർസിയറുമായ ശശിധരൻ നായരായിരുന്നു.

കൊട്ടയ്ക്കാട്ടുശ്ശേരി പഴയകൊട്ടാരമാണ് ക്ഷേത്രത്തിന്റെ കൊട്ടാരം. അവിടത്തെ മൂപ്പർക്ക് ഒരിക്കൽ സ്വപ്നദർശനം ഉണ്ടായി. അത് കണ്ണമത്തെ ഭരണാധികാരികളെ അറിയിച്ചു. അങ്ങനെയാണ് ക്ഷേത്രം ഉണ്ടാക്കിയത്. കുംഭത്തിലെ ആദ്യത്തെ ഞായറാഴ്ച കൊടിയേറി രണ്ടാമത്തെ ഞായറാഴ്ച സമാപിക്കുന്ന ഉത്സവത്തിന് ആയിരങ്ങൾ അണിനിരക്കുന്നു. മലക്കുട പൂജയും കെട്ടുകുതിരയും പ്രധാനമാണ്. പട്ട്, കറുപ്പ്, കച്ച, മണി, അടയ്ക്ക, വെറ്റില എന്നിവയാണ് ദേവിക്ക് പ്രിയപ്പെട്ട നിവേദ്യങ്ങൾ. കണ്ണമത്ത് കുടുംബം വകയാണ് ക്ഷേത്രം. ഉത്സവവും പൂജകളും എല്ലാം ഈ കുടുംബംതന്നെയാണ് ഇപ്പോഴും നടത്തുന്നത്.

കരുനാഗപ്പള്ളിയിൽനിന്ന്‌ ചക്കുവള്ളിയിലെത്തി ചാരുംമൂട് റോഡിൽ കണ്ണമത്ത് ചന്തയ്ക്കുമുൻപ് വലത്തോട്ടു തിരിഞ്ഞ് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ മലനടയിലെത്താം. കായംകുളത്തുനിന്നാണെങ്കിൽ ചാരുംമൂട്ടിൽ വന്ന് ചക്കുവള്ളി റോഡിൽ കണ്ണമത്ത് ചന്ത കഴിഞ്ഞ് ഇടത്തോട്ട്‌ രണ്ടു കിലോമീറ്റർ. രണ്ടിടത്തുനിന്നും ഏതാണ്ട് തുല്യദൂരമാണ് ഇവിടേക്ക്.

എണ്ണശ്ശേരിയിൽ ദുശ്ശാസനൻ

:ഇത് എണ്ണശ്ശേരി മലനട. ശൂരനാട് വടക്ക് പഞ്ചായത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്ന്. വിശാലമായ ചെമ്മൺകുന്നിനു നടുവിൽ മരങ്ങൾ കുടപിടിച്ചൊരു നിലപാടുതറ. അവിടെ ദുശ്ശാസനനാണ് മുഖ്യമൂർത്തി. ഒപ്പം കർണനുമുണ്ട്. മറുതാദേവിയായി പാർവതിയെയും ശിവനെയും ആരാധിക്കുന്നു. കുന്നിരാട് ദുശ്ശള ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമാണ് സഹോദരനായ ദുശ്ശാസനന്റെ അമ്പലത്തിൽ കൊടിയേറുന്നത്. കാളകെട്ട് ഉത്സവമാണ് പ്രധാനം.കുന്നിരാടത്തെയും പെരുവിരുത്തിയിലെയും ഊരാളിമാരും ഉത്സവത്തിന് ഇവിടെ വരും. കുംഭത്തിലെ മൂന്നാം ഞായറാഴ്ച നടക്കുന്ന ഉത്സവത്തിന് പൂജാരി കറുപ്പുകച്ചയും തൊപ്പിയും മലക്കുടയും ധരിച്ച് എഴുന്നള്ളി അനുഗ്രഹം ചൊരിയും. വൻ ജനാവലിയും ഉത്സവം കൊണ്ടാടാനെത്തുന്നു.

ഭരണിക്കാവ് ചക്കുവള്ളി-താമരക്കുളം റോഡിൽ ശൂരനാട് വടക്ക് ഹൈസ്കൂൾ മുക്കിലിറങ്ങിയാൽ അരകിലോമീറ്ററാണ് ക്ഷേത്രത്തിലേക്ക്.

ശകുനിയുടെ സന്നിധിയിൽ

:കൊട്ടാരക്കര പുത്തൂർ പടിഞ്ഞാറെ ചന്തമുക്കിൽനിന്ന്‌ ചീരങ്കാവ് വഴി കൊല്ലത്തേക്കുള്ള റോഡിലൂടെ മൂന്നുകിലോമീറ്റർ പോകണം. അവിടെ പവിത്രേശ്വരം ഹൈസ്കൂളിനു മുന്നിലാണ് ശകുനിയമ്മാവന്റെ മലനട. എല്ലാ മലനടകളുമെന്നപോലെ ഇതും തുറന്നുകിടക്കുന്ന അമ്പലമാണ്. ആകാശമാണ് ശ്രീകോവിൽ. മഴയും വെയിലും ഇവിടെ അഭിഷേകമാവുന്നു. അമ്മാവൻ ശകുനി കൗരവർക്ക് ശരങ്ങൾ പകുത്തുനൽകിയത് ഇവിടെവെച്ചായിരുന്നെന്നും പകുത്തുനൽകിയ ദേശം പകുത്തേശ്വരമായെന്നും പിന്നീട് പവിത്രേശ്വരമായെന്നും വാമൊഴി ഐതിഹ്യങ്ങൾ. പവിത്രമായ ഈശ്വരൻ ഇരിക്കുന്ന ദേശം പവിത്രേശ്വരമായതാണെന്ന്‌ മറ്റൊരു വ്യാഖ്യാനം. എല്ലാ മലയാളമാസവും ആദ്യത്തെ ശനിയാഴ്ച ഭാരതം വായനയും വിശേഷദിവസങ്ങളിൽ ശിവപുരാണം വായനയുമുണ്ട്. സ്വയംഭൂവായി കണ്ടെടുക്കപ്പെട്ട ക്ഷേത്രമാണിത്. പാലയ്ക്കോട്ട് കുടുംബക്കാരാണ് പിന്നീട് തറയും ചുറ്റുമതിലുമുള്ള ക്ഷേത്രരൂപം നിർമിച്ചത്. ശിവധ്യാനത്തിലിരിക്കുന്ന ശകുനിയാണ് പ്രധാന പ്രതിഷ്ഠ. ഭുവനേശ്വരിദേവി, നാഗരാജാവ്, നാഗയക്ഷി തുടങ്ങിയ ഉപദേവതകളും ഉണ്ട്. ഇപ്പോൾ നാട്ടുകാർ കമ്മിറ്റി ഉണ്ടാക്കി ക്ഷേത്രനടത്തിപ്പും ഉത്സവനടത്തിപ്പുമെല്ലാം ഭംഗിയാക്കുന്നു. ഇവിടത്തെ ഉത്സവം കെങ്കേമമാണ്. മകരം 20-ന് കൊടിയേറി 28-ന് ഉത്സവം എന്നതാണ് പതിവ്. ഉച്ചാരമെന്ന്‌ ഇതറിയപ്പെടുന്നു. ക്ഷേത്രപരിസരങ്ങളിൽ ധാരാളമായുണ്ടായിരുന്ന പുരാണകിട്ടൻ കല്ല് ഔഷധമൂല്യമുള്ളതാണെന്നൊരു വിശ്വാസവുമുണ്ട്. മലനടയ്ക്കു താഴെ മലഞ്ചാവര് മൂലസ്ഥാനം എന്ന പേരിലുള്ള കൊച്ചുക്ഷേത്രത്തിലും ആരാധനയും പൂജയും നടത്താറുണ്ട്.

കർണന്റെ കാവിൽ

ജന്മംകൊണ്ട് പാണ്ഡവനെങ്കിലും വിധി കൗരവപക്ഷത്തെത്തിച്ച ദാനശീലന്റെ മണ്ണിലേക്കാണ് യാത്ര. കൊട്ടാരക്കര-കരുനാഗപ്പള്ളി റോഡിൽ കല്ലുമണ്ണിലെത്തുമ്പോൾ റോഡരികിൽ ഈ കർണക്ഷേത്രകവാടം കാണാം. അവിടെനിന്ന് രണ്ടു കിലോമീറ്ററോളം അകത്തോട്ട് യാത്ര ചെയ്യണം കാവിലെത്താൻ.

ഉച്ചവെയിലിലും കാവിനൊരു കുളിർമയുണ്ടായിരുന്നു. പ്രതിഷ്ഠത്തറകൾക്കു മീതെ ചോപ്പും കറുപ്പും തുണികൾ വിശ്വാസത്തിന്റെ കൊടിക്കൂറകളായി കാറ്റിലിളകുന്നു. ഒരു ഗ്രാമത്തെയാകെ സംരക്ഷിക്കുന്ന വിശ്വാസത്തിന്റെ ശക്തിയാണീ അന്തരീക്ഷമാകെ. അന്നത്തെ സെക്രട്ടറിയായിരുന്ന ഗോപിനാഥൻ പിള്ളയെ കണ്ടു. നാട്ടിലെ വാമൊഴികഥകൾക്കപ്പുറം സ്വാനുഭവ വെളിച്ചത്തിലും അദ്ദേഹത്തിന് ക്ഷേത്രത്തെക്കുറിച്ച് പറയാനുണ്ടായിരുന്നു.

“വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവം എന്നു പറയാറുണ്ട്. ഇവിടെ കണ്ടറിഞ്ഞ് എത്തേണ്ട സമയത്ത്‌ എത്തേണ്ടിടത്തെത്തുന്ന ദൈവമാണ്. ഞാൻ മലപ്പുറത്ത് സ്കൂൾ അധ്യാപകനായ കാലം അവിടെവെച്ച് വസൂരി പിടിപെട്ടു. ആരുമറിയാതെ പുതപ്പും പുതച്ചിങ്ങ് പോന്നു. ഇവിടെയെത്തുമ്പോഴേക്കും ഊരാളി കാത്തിരിപ്പുണ്ടായിരുന്നു. 30 ദിവസം വീട്ടുകാരുപോലും മാറിനിൽക്കുമ്പോൾ ഊണും ഉറക്കവും ഒഴിഞ്ഞ് ഊരാളിയായിരുന്നു ശുശ്രൂഷിച്ചത്. ദൈവത്തിന്റെ പ്രതിപുരുഷൻമാരായെത്തുന്ന ഇത്തരം ഊരാളികളാണ് ക്ഷേത്രത്തിലെ നിത്യപൂജകൾ ചെയ്തിരുന്നത്”.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിത്യനാണ്. ദുര്യോധനനാണ് കർണനെ ഇവിടെ കൊണ്ടിരുത്തിയത്. ഒപ്പം രണ്ടുപേരെക്കൂടി പ്രതിഷ്ഠിച്ചത്രെ. ഇളയ അപ്പൂപ്പനും വല്യ അപ്പൂപ്പനും. ഇപ്പോഴും കർണനുള്ള നേദ്യങ്ങൾ ഇളയ അപ്പൂപ്പനെയും വല്യ അപ്പൂപ്പനെയുമാണ് ഭക്തർ ഏൽപ്പിക്കാറ്. കർണന്റെ യഥാർഥ ഇരിപ്പിടം ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറു മാറിയുള്ള കാവിലാണ്. കുംഭം ഒന്നിന് ഉത്സവം തുടങ്ങിയാൽ കുംഭം രണ്ടിനു മാത്രമേ ഈ കാവിലേക്ക്് പ്രവേശനമുള്ളു. അന്ന് ഊരാളിയുടെ കൂടെ ഇലപ്പാട് ഇടാനും അരിയിടാനുമായി നാലുവീടൻമാരും ഒപ്പം പോകുന്നു. അപ്പൂപ്പൻമാർക്കും പ്രത്യേക കാവുകളുണ്ട്. ഒറ്റക്കാലിൽ നിൽക്കുന്ന ഊരാളിയാണ് മറ്റൊരു പ്രത്യേകത. ഒറ്റക്കാലിൽ നിൽക്കാനുള്ള ഇടമേ ഈ മണ്ണിലുള്ളൂ എന്നാണു പറയുന്നത്. അത്രയ്ക്ക് സ്വരൂപങ്ങൾ നിറഞ്ഞ മണ്ണാണിത്. ഉത്സവത്തിന് ഭാരതക്കളിയും കമ്പടിക്കളിയുമാണ് പ്രധാനം.