പാർട്ടിയിൽനിന്നും തൊഴിലാളിപ്രസ്ഥാനങ്ങളിൽനിന്നും പി.കേശവൻനായർ അകന്നിട്ട്‌ പതിനഞ്ചാണ്ടാകുന്നു.

പരിണാമങ്ങളിൽനിന്ന്‌ പരിണാമങ്ങളിലേക്ക്‌, എഴുത്തിന്റെ പുതുവഴികളിലേക്ക്‌ അദ്ദേഹം തിരിഞ്ഞിട്ടും അത്രയും കാലമായി.

ഭൗതികത, ആത്മീയത, മാർക്സിസം, ഗാന്ധിചിന്തകൾ, വിവേകാനന്ദന്റെ ജീവിതം...ഇക്കാലയളവിൽ കേശവൻ നായരിലെ എഴുത്തുകാരനും വായനക്കാരനും കടന്നുപോയിട്ടില്ലാത്തിടങ്ങൾ വിരളം. പ്രസിദ്ധീകരിച്ചതും രചന പൂർത്തിയാക്കിയതുമായ പതിനഞ്ച്‌ പുസ്തകങ്ങൾ-അറിവുകളും തിരിച്ചറിവുകളും പകരുന്നവ; കേശവൻ നായരുടെ ചിന്തകളിൽ, എഴുത്തിൽ, വാക്കുകളിൽ വിരിയുന്നത്‌ ഇന്നും അറിവിലെ ആധുനികവിപ്ളവങ്ങൾ തന്നെയാണ്‌.

എഴുപതിന്റെ അവശതകളുണ്ടെങ്കിലും വീട്ടിലെ എഴുത്തുമുറിയിലെത്തിയാൽ അദ്ദേഹത്തിന്‌ കരുത്തേറും. പൊതുരംഗത്തുനിന്ന്‌ പൂർണമായും വിടവാങ്ങി, തേവള്ളിയിലെ വീട്ടിൽ എഴുത്തിലും വായനയിലും മാത്രം മുഴുകി കഴിയുകയാണദ്ദേഹം. താങ്ങും തണലുമായി ഭാര്യ സുമംഗലയുമുണ്ട്‌.

ചിന്തയിലെ ആധുനികവിപ്ളവങ്ങളാണ്‌ കേശവൻ നായരുടെ പുസ്തകങ്ങളിൽ അവസാനം പുറത്തിറങ്ങിയത്‌. ശാസ്ത്രമേഖലയിലെ പുതിയ മാറ്റങ്ങൾക്ക്‌ ഭാരതീയ അദ്വൈതദർശനവുമായുള്ള പൊരുത്തം വെളിപ്പെടുത്തുന്നതാണീ കൃതി.

പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള പൊരുത്തക്കേടുകൾ പാരമ്യത്തിലെത്തിയ പുതിയ കാലത്തെപ്പറ്റിയും അദ്ദേഹത്തിന്‌ ആശങ്കയുണ്ട്‌.

നവ പാരിസ്ഥിതികചിന്തകൾ എന്ന പുറത്തിറങ്ങാനുള്ള പുസ്തകത്തിൽ അത്തരം ആകുലതകളാണ്‌ അദ്ദേഹം പങ്കുവയ്ക്കുന്നത്‌. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കൊല്ലത്തിന്റെ ചരിത്രത്തെ, ആഴത്തിൽ അന്വേഷിച്ചറിഞ്ഞ പുതുരചനയും വൈകാതെ വായനക്കാരിലെത്തും.

‘ഭൗതികശാസ്ത്രത്തിലും ആത്മീയമേഖലയിലും അറിവ്‌ പകരുന്ന അനേകം ഗ്രന്ഥങ്ങളുണ്ട്‌. എന്നാൽ സാധാരണക്കാരന്‌ വായിക്കാനും അറിയാനും ഉതകുന്നവയൊന്നുമില്ല’-ഈ തിരിച്ചറിവാണ്‌ തത്ത്വശാസ്ത്രത്തെയും ഭൗതികതയെയുമെല്ലാം അതിലളിതമായി അവതരിപ്പിക്കാനുള്ള തന്റെ

ശ്രമത്തിനുപിന്നിലെന്ന്‌ കേശവൻ നായർ പറയുന്നു.

രണ്ടുപതിറ്റാണ്ട്‌ നീണ്ട ട്രേഡ്‌ യൂണിയൻ പ്രവർത്തനകാലത്തിനിടയിൽ ഞാൻ ഇടപെട്ടത്‌ സാധാരണമനുഷ്യരോടാണ്‌. അറിഞ്ഞത്‌ അവരുടെ ജീവിതമാണ്‌.

അതുകൊണ്ടുതന്നെ അതികഠിനമായ വിഷയങ്ങളെപ്പറ്റി പറയുമ്പോഴും എന്റെ ഭാഷ അതിലളിതമാകുന്നുവെന്ന്‌ അദ്ദേഹം പറയുന്നു. പ്രപഞ്ചവും ആത്മീയതയുമാണ്‌ അദ്ദേഹത്തിനേറെ പ്രിയപ്പെട്ട വിഷയങ്ങൾ.

പ്രപഞ്ചം, സ്റ്റീഫൻ ഹോക്കിങ്‌സിന്റെ പ്രപഞ്ചം, പ്രപഞ്ചനൃത്തം, മനുഷ്യമനസ്സും ക്വാണ്ടം ഭൗതികവും, ഭൗതികത്തിന്റെ ഭൗതികം തുടങ്ങിയ കൃതികളിലൂടെയെല്ലാം അദ്ദേഹം

വെളിപ്പെടുത്തിയത്‌ പ്രപഞ്ചസത്യങ്ങളാണ്‌.

ആരും പറയാതെപോയ കശുവണ്ടിത്തൊഴിലാളികളുടെ പോരാട്ടങ്ങളുടെ കഥയും അദ്ദേഹം അടയാളപ്പെടുത്തിയിരുന്നു, ‘കശുവണ്ടിത്തൊഴിലാളി സമരചരിത്ര’ത്തിലൂടെ.