അമിത കലോറിയുള്ള ഭക്ഷണത്തിന്റെ തുടർച്ചയായ ഉപയോഗം, വ്യായാമമില്ലായ്മ, കൊളസ്‌ട്രോൾ, ഫാറ്റി ലിവർ എന്നിവയാണ് അമിതവണ്ണത്തിന്റെ കാരണങ്ങൾ. അമിതവണ്ണമുള്ള കുട്ടികൾ വളരുമ്പോഴും തടിച്ച ശരീരമുള്ളവരാകാനാണ് സാധ്യത. അച്ഛനമ്മമാർ വണ്ണക്കൂടുതലുള്ളവരാണങ്കിൽ മക്കളും ഭാവിയിൽ അങ്ങനെയാവാം. അതിനാൽ കുട്ടിക്കാലത്തുതന്നെ ഭക്ഷണക്രമീകരണം ആരംഭിക്കേണ്ടതാണ്.

ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്‌ഡുകൾ കൂടുതലായി ഉപയോഗിക്കുന്നവരിലും അമിതവണ്ണം കണ്ടുവരുന്നു. എൻഡോജീനിയസ്‌ ഒബിസിറ്റിയാണ്‌ മറ്റൊന്ന്‌. വ്യായാമംകൊണ്ടുമാത്രം ഇത്തരം പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കില്ല. ശരീരത്തിലെ ഹോർമോൺ വ്യതിയാനവും പാരമ്പര്യഘടകങ്ങളുമാണ്‌ ഇതിനു കാരണം. ഇതിനു ഹോർമോൺ ചികിത്സതന്നെ വേണ്ടിവരും.

എല്ലാ കുട്ടികളും ജങ്ക് ഫുഡ്‌, ചോക്ലേറ്റ് എന്നിവ ഉപയോഗിക്കാറുണ്ട്. ഇതു നിയന്ത്രിക്കണം. ഒരാൾക്ക്‌ കൊഴുപ്പിനെ ഉരുക്കുന്നതിനുള്ള ശക്തി തലമുറകളായി കൈമാറിക്കിട്ടുന്നതാണ്. എത്ര കഴിച്ചാലും തടിെവക്കാത്തവരും വെള്ളം കുടിച്ചാലും വണ്ണം െവക്കുന്നവരുമുണ്ട്. ഇതിനു പിന്നിൽ മേൽപ്പറഞ്ഞ പാരമ്പര്യഘടകമാണ് പ്രവർത്തിക്കുന്നത്. പി.സി.ഒ.ഡി., തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തകരാറുകൾ എന്നിവയും അമിതവണ്ണത്തിനു കാരണമാണ്.

പരിഹാരമാർങ്ങൾ

പൊണ്ണത്തടി ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് ജീവിതചര്യ ക്രമപ്പെടുത്തലാണ്. രണ്ടാമതായി വ്യായാമം വർധിപ്പിക്കണം. ഇതിനായി യോഗ, നടത്തം, നീന്തൽ എന്നിവ ശീലമാക്കാം. ദിവസേന ഒരുമണിക്കൂറെങ്കിലും നടക്കണം. 20 മിനിറ്റുവീതം കൂട്ടിക്കൂട്ടി ഒരുമണിക്കൂറിൽ എത്തിക്കുന്നതാണ്‌ നല്ലത്‌.

ഭക്ഷണക്രമീകരണം

കോഴിയിറച്ചി ഉൾപ്പെടെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. പയർ, ഉഴുന്ന്‌, കടല എന്നിവയും ശരീരവണ്ണം കൂടാൻ കാരണമാകും. ഇവയ്ക്കു പകരം കാബേജ്‌, കാരറ്റ്‌, കോളിഫ്ലവർ, അമര, ബീൻസ്‌ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

രാത്രിഭക്ഷണം അമിതമാകുന്നത്‌ തടികൂടാൻ കാരണമാകും. കഴിയുന്നതും എട്ടുമണിക്കുമുൻപുതന്നെ കഴിക്കാൻ ശ്രദ്ധിക്കണം. കഴിച്ചാലുടൻ ഉറങ്ങുന്നതും നന്നല്ല. അങ്ങനെയായാൽ ദഹനരസങ്ങളുടെ ഉത്‌പാദനം കുറയും.

ഭക്ഷണത്തിൽ 50 ശതമാനത്തോളം പച്ചക്കറികളായിരിക്കണം. അരി, ഗോതമ്പ്‌ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും ഒമേഗ-3 ഫാറ്റി ആസിഡ്‌ ധാരാളമടങ്ങിയ ചെറിയ മത്സ്യങ്ങൾ കഴിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കണം. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മൈദ, റവ, ബ്രഡ് തുടങ്ങിയവയൊക്കെ ഒഴിവാക്കണം. പകരം തവിടോടുകൂടിയ ധാന്യങ്ങളാവാം.

പി.സി.ഒ.ഡി. ഉള്ളവർ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുകയും വേണം. മധുരമുള്ള ഭക്ഷണങ്ങൾ അധികമാവേണ്ട. പഴങ്ങളായാലും ഇതു ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളവയും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കാം. തൈറോയ്ഡ് രോഗമുള്ളവർ അത് ചികിത്സിച്ചശേഷംമാത്രം ഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ മതി.

ചികിത്സാരീതികൾ

പഞ്ചകർമ ചികിത്സയിൽ വമനം, വിരേചനം, നസ്യം, വസ്തി എന്നിവയാണ് വരുന്നത്. വളരെയധികം തടിയുള്ളവരിൽ കോലഗുളശാദി ചൂർണമുപയോഗിച്ച്‌ തിരുമ്മുന്ന ഉദ്വർത്തനമെന്ന ചികിത്സാരീതിയുമുണ്ട്‌. ഇന്ദുകാന്തം കഷായം, പുനർനവാസവം, ലോഹാസവം, പുനർനവാദി കഷായം എന്നിവയും ഉപയോഗിക്കാറുണ്ട്‌.

ആയുർവേദത്തിൽ ശമനചികിത്സയും സംശോധന ചികിത്സയുമാണ് അമിതവണ്ണത്തിനുള്ളത്. ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് ശമനചികിത്സയിൽ ചെയ്യുന്നത്. എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം, ചവയ്ക്കേണ്ട രീതി എന്നിവയ്ക്കെല്ലാം ഇതിൽ പ്രാധാന്യമുണ്ട്. വ്യായാമം, കൊഴുപ്പ് ഉരുകാനുള്ള മരുന്നുകൾ, എന്തു കഴിക്കാം തുടങ്ങിയവയെപ്പറ്റിയുള്ള നിർദേശങ്ങളും നൽകും. മരുന്നുകൾ കൂടാതെ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിച്ചു കളയുന്നതിനുള്ള ബാഹ്യചികിത്സകളുമുണ്ട്. അമിതവണ്ണമുള്ളവർ പതിവായി രാവിലെ ഒരു നാരങ്ങയുടെ നീരിൽ തേൻ ചേർത്ത്‌ കഴിക്കുന്നത്‌ നല്ലതാണ്‌.

കടപ്പാട്:

ഡോ. എ.ഷാജി ജോസ്

റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ

ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം