കാസർകോട്

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാടാൻ വേറിട്ട ശൈലിയുമായി ഗുൽമോഹർ ഫൗണ്ടേഷൻ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ പഠിപ്പിക്കാനും നേരിടാൻ പ്രാപ്തരാക്കാനും ഒരു കൂട്ടായ്മതന്നെ രൂപവത്കരിച്ചിരിക്കുകയാണ്. ടി.ജി.എഫ്.യൂത്ത് ക്ലൈമറ്റ് നെറ്റ്‌വർക്ക് എന്നാണ് കൂട്ടായ്മയുടെ പേര്. കൂട്ടായ്മയിലേക്ക് അംഗങ്ങളെ കണ്ടെത്താനും ബോധവത്കരണം നടത്താനുമായി സൈക്കിൾ റൈഡ് നടത്തി. കാസർകോടുമുതൽ തിരുവനന്തപുരംവരെ നാലുദിവസംകൊണ്ടാണ് സൈക്കിൾ ചുറ്റിയത്.

കേരളത്തിലുടനീളമുള്ള സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനുമായി ഒരു കൂട്ടായ്മ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ക്ലൈമറ്റ് റൈഡ് സംഘടിപ്പിച്ചത്.

പിങ്കി എന്ന് പേരുനൽകിയ ഒരു സൈക്കിളിലാണ് റൈഡ് നടത്തിയത്. എഴുനൂറ്റിഎഴുപത്തേഴിലധികം കിലോമീറ്റർ ദൂരം 66 പേരാണ് സൈക്കിൾ ചവിട്ടിയത്. ഒരോ അഞ്ചുകിലോമീറ്റർ ഒരാൾ എന്നരീതിയിലായിരുന്നു റൈഡ്. ഗുൽമോഹർ ഫൗണ്ടേഷൻ അംഗങ്ങൾക്കുപുറമേ സന്നദ്ധപ്രവർത്തകരും സൈക്കിൾ റൈഡേഴ്സും പങ്കെടുക്കാനെത്തിയിരുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ചൂഷണങ്ങളും അതിജീവിക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്ക് 2019-ന്റെ ഭാഗമായാണ് ഗുൽമോഹർ ഫൗണ്ടേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി കൊല്ലം ബീച്ചിൽ ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്ക് കേരള എന്നപേരിൽ ബോധവത്കരണ സംഗമം നടത്തിയിരുന്നു. സൈക്കിളിലും കാൽനടയായും പരിസ്ഥിതിസംരക്ഷണ മാർച്ച് നടത്തി. പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയും ചർച്ചയും അനുഭവം പങ്കുവയ്ക്കലും സംഗമത്തിന്റെ ഭാഗമായി നടന്നു. രണ്ടാംഘട്ടമായാണ് കേരള ക്ലൈമറ്റ് റൈഡ് സംഘടിപ്പിച്ചത്. കാസർകോട്ടുനിന്ന് ആരംഭിച്ച സൈക്കൾ റൈഡ് തിരുവനന്തപുരം കനകക്കുന്നിൽ അവസാനിച്ചു. പ്രളയത്തെ അതിജീവിച്ചപോലെ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതിസന്ധിയും ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന സന്ദേശമാണ് യാത്രയിലൂടെ നൽകിയത്.

സൈക്കിൾ റൈഡ് എത്തുന്ന ഓരോ ജില്ലയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ബോധവത്കരണവും കൂട്ടായ്മയുടെ ലക്ഷ്യവും പ്രവർത്തനങ്ങളും വിവരിച്ചുനൽകുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണം, പ്രഗല്‌ഭരുടെ ക്ലാസുകൾ, ചർച്ച എന്നിവയും നടക്കുന്നുണ്ട്.

സൈക്കിൾ റൈഡിൽ പങ്കെടുത്ത എല്ലാ റൈഡേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള റൈഡേഴ്സ് മീറ്റാണ് അടുത്ത പരിപാടി. അതിനുശേഷം യൂത്ത് ക്ലൈമറ്റ് നെറ്റ്്വർക്ക് രൂപവത്കരിക്കും. അതിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള പദ്ധതികളാണ് ഇനി ആവഷ്കരിക്കുകയെന്ന് ഗുൽമോഹർ ഫൗണ്ടേഷൻ പ്രവർത്തകൻ രഞ്ജിത്ത് കൃഷ്ണൻ പറഞ്ഞു.