കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും പതിവായിരിക്കുകയാണ്. ഉച്ചമുതൽ രാത്രിവരെയുള്ള സമയമാണ് ഇടിമിന്നലുണ്ടാകാൻ ഏറ്റവുമധികം സാധ്യതയുള്ള സമയം. ലാഘവത്തോടെ കണ്ടാൽ വലിയ അപകടങ്ങൾ വരുത്തിവയ്ക്കും. തുലാവർഷം തുടങ്ങാനിരിക്കെ ഇടിയോടുകൂടിയ മഴ വരുംദിവസങ്ങളിലും പ്രതീക്ഷിക്കാം.

ലോകത്തുതന്നെ ഇൻഷുറൻസ് ക്ലെയിമുകളുടെ 30 ശതമാനത്തോളം മിന്നലേറ്റോ അനുബന്ധ അപകടങ്ങളാലോ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ബംഗാളാണ് മിന്നലിന്റെ കാര്യത്തിൽ കേരളത്തിനൊപ്പമുള്ളത്. പ്രതിവർഷം 72 പേർ കേരളത്തിൽ മിന്നലേറ്റ് മരിക്കുന്നുണ്ടെന്നാണ് 1986 മുതലുള്ള 15 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ (സി.ഇ.എസ്‌.എസ്‌.) ഡോ. എസ്.മുരളീദാസിൻറെ നേതൃത്വത്തിൽ നടത്തിയ പഠനം അനുമാനിക്കുന്നത്. ഒന്നര പതിറ്റാണ്ടുമുൻപ് നടന്ന ഈ പഠനത്തിനുശേഷം മിന്നൽ അനുബന്ധ ദുരന്തങ്ങളെപ്പറ്റിയോ മറ്റോ ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല.

ഭൂമിക്കും മേഘങ്ങൾക്കുമിടയിലുള്ള വായു ഇൻസുലേറ്റർ (വൈദ്യുതി കടത്തിവിടാത്ത) സ്വഭാവമുള്ളതാണെങ്കിലും ഇടിമിന്നലിന്റെ സമയത്ത് ഇവ കപ്പാസിറ്റർ പോലെ പ്രവർത്തിക്കും. തത്ഫലമായി ഈ വായു അയോണീകരിക്കപ്പെടുകയും ചാലകമായി പ്രവർത്തിച്ച് മിന്നലിന് കാരണമാകുകയും ചെയ്യുന്നു. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ലോഹാംശം കലർന്ന വായുവും മിന്നലിന്റെ ചാലകസ്വഭാവത്തിന് ശക്തികൂട്ടി മിന്നലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിന്‌ കാരണമായിട്ടുണ്ട്.

കേരളത്തിൽ പാലക്കാട്, വയനാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകൾ മാറ്റിനിർത്തിയാൽ മറ്റെല്ലായിടങ്ങളും മിന്നലിന് സാധ്യതയുള്ള പ്രദേശങ്ങളാണ്. ജില്ലയിലെ കടയ്ക്കൽ, കുമ്മിൽ ഉൾപ്പെടുന്ന പ്രദേശങ്ങളും കണ്ണൂരിലെ തളിപ്പറമ്പ്, കോഴിക്കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട തുടങ്ങിയ പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിലുമാണ് മിന്നൽ അപകടങ്ങൾ താരതമ്യേന കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടിമിന്നലിന് കാരണമാകുന്ന ക്യുമിലോ നിംബസ് മേഘങ്ങളുടെ സാന്നിധ്യവും ഭൂമിശാസ്ത്രപരമായ കിടപ്പുമാണ് ഈ പ്രദേശങ്ങളുടെ അപകടസാധ്യതാ മേഖലകളാക്കി മാറ്റുന്നത്. മേഘങ്ങൾ പ്രദേശവുമായുള്ള അകലം കുറയുംതോറും ഭൂമിയുമായുള്ള വൈദ്യുത ഡിസ്ചാർജിനുള്ള സാധ്യത കൂട്ടുകയും ഇത് മിന്നലിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് ഇത്തരം ഉയർന്ന പ്രദേശങ്ങളിൽ ഉയർന്ന തോതിലുള്ള മിന്നലിന്‌ കാരണമാകുന്നത്. മണ്ണിന്റെ പ്രത്യേകതകളും ലോഹങ്ങളുടെ സാന്നിധ്യവുമൊക്കെ ഈ പ്രദേശങ്ങളിൽ ഉയർന്ന തോതിൽ മിന്നലേൽക്കാൻ കാരണമാകുമെന്നൊക്കെയുള്ള വാദങ്ങൾ തെറ്റാണെന്നും വിദഗ്‌ധർ പറയുന്നു.

കരുതലോടെ നേരിടാം

ഇടിമിന്നലിനെ തടയാനാകില്ല, എന്നാൽ കരുതലോടെ അപകടം ഒഴിവാക്കാനാകും. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കാം. മിന്നലപകടങ്ങളിൽ ഏറിയപങ്കും സ്റ്റെപ്പ്‍വോൾട്ടേജ് എന്ന പ്രതിഭാസം മൂലമുണ്ടാകുന്നതാണ്. മിന്നൽ മറ്റേതെങ്കിലും വസ്തുവിലേറ്റ് ഉണ്ടാകുന്ന വൈദ്യുതിപ്രവാഹം വസ്തുവിനോട് ചേർന്നോ സമീപത്തോ നിൽക്കുന്ന മനുഷ്യരിലേക്ക് ഭൂമിയിലൂടെ എത്തി അപകടമുണ്ടാകുന്ന രീതിയാണ് ഇത്. തുറസ്സായ സ്ഥലത്തുനിന്ന് ഉണ്ടായിട്ടുള്ള അപകടങ്ങളേക്കാൾ കൂടുതൽ ഇത്തരം അപകടങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനാൽ മരങ്ങളടക്കമുള്ള ഉയരമുള്ള വസ്തുവിന് ചുവട്ടിൽ അഭയംതേടുന്നത് കൂടുതൽ അപകടം വരുത്തിവയ്ക്കുകയേ ഉള്ളൂ. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉൾവശം സുരക്ഷിതമാണ്. വെള്ളത്തിലൂടെ ഇടിമിന്നൽ വൈദ്യുതതരംഗങ്ങൾ പെട്ടെന്ന്‌ പ്രവഹിക്കും. അതിനാൽ ജലാശയങ്ങളിൽനിന്ന്‌ അകലം പാലിക്കാം. ഈ സമയത്തെ കുളിയും ഒഴിവാക്കാം. കോൺക്രീറ്റ് കെട്ടിടങ്ങളിൽ മിന്നലേൽക്കുമ്പോൾ മിന്നൽ മേൽക്കൂര തുളച്ച് അകത്തേക്ക് കയറുകയല്ല ചെയ്യുന്നത്. വശങ്ങളിലേക്കെത്തി ചുവരുകളിലൂടെ ഭൂമിയിലേക്ക് പോകും. അതിനാൽ ചുവരുകളിൽനിന്ന്‌ സുരക്ഷിത അകലം പാലിക്കാം. ചെരുപ്പ് ധരിക്കാനും ശ്രദ്ധിക്കണം. ലോഹനിർമിതമായ വസ്തുക്കളുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കാം.

വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് അപകടം വിളിച്ചുവരുത്തലാണ്. അതിനാൽ മിന്നൽ സമയത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വിച്ച് അണയ്ക്കുന്നത് മാത്രം അപകടം ഒഴിവാക്കില്ല. നിർബന്ധമായും പ്ലഗ് ഊരുകതന്നെ ചെയ്യണം. ലോഹസാന്നിധ്യം തീരെക്കുറഞ്ഞ മൊബൈൽഫോണുകളും വയർലെസ് ഫോണുകളും അപകടകാരികളല്ല. എന്നാൽ മിന്നൽ സമയത്ത് ലാൻഡ് ഫോൺ ഉപയോഗം തീർത്തും ഒഴിവാക്കേണ്ടതാണ്.

കെട്ടിടങ്ങൾക്ക് മിന്നൽരക്ഷാചാലകങ്ങൾ കുറേയൊക്കെ രക്ഷനൽകും. കേരളത്തിൻറെ ഭൂപ്രകൃതിക്ക്‌ ഏറ്റവും അഭികാമ്യം റിങ് ചാലകങ്ങളാണ്. ശാസ്ത്രീയമായ ഇത്തരം മുൻകരുതലുകൾക്ക് 99 ശതമാനം മിന്നലപകടങ്ങളും ഒഴിവാക്കാനാകുമെന്ന് വിദഗ്‌ധർ പറയുന്നു.