കുറഞ്ഞ ചെലവിൽ തിൻഫിലിം കോട്ടിങ് സാധ്യമാക്കുന്ന അൾട്രാസോണിക് സ്‌പ്രേ മെഷീനുമായി ഡെൽഗാഡോ കോട്ടിങ് ആൻഡ്‌ ടെക്‌നോളജി സൊല്യൂഷൻസ്. സ്മാർട്ട് ഫോണുകളുടെ ടച്ച് സ്‌ക്രീൻ, സോളാർ പാനലുകളുടെ വിശാല പ്രതലം, തിരക്കേറിയ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും സ്വകാര്യത സംരക്ഷിക്കുന്ന നൂതന സംവിധാനമായ സ്മാർട്ട് വിൻഡോകൾ തുടങ്ങി അൾട്രാസോണിക് സ്‌പ്രേ മെഷീനുകളുടെ ഉപയോഗങ്ങൾ നിരവധിയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷണ ബിരുദധാരിയും കെ.എസ്.സി.എസ്.ടി.ഇ. പോസ്റ്റ് ഡോക്ടറൽ ഗവേഷകനുമായ ഡോ. ആർ. ശ്രീകുമാറിന്റെ ഗവേഷണഫലമാണ് ഈ മെഷീൻ. 
ഗൈഡും മെന്ററുമായ പ്രൊഫ. എം.കെ. ജയരാജന്റെ മേൽനോട്ടത്തിൽ കുസാറ്റിലെ പുതിയ വ്യവസായ സംരംഭങ്ങളുടെ ഇൻകുബേഷൻ കേന്ദ്രമായ ‘സിട്ടിക്കി’ൽ രൂപപ്പെടുത്തിയെടുത്തതാണ്‌ ഈ യന്ത്രം.
ഇപ്പോൾ കളമശ്ശേരി കിൻഫ്ര പാർക്കിലെ മേയ്ക്കർ വില്ലേജിൽ ‘ഡെൽഗാഡോ കോട്ടിങ് ആൻഡ്‌ ടെക്‌നോളജി സൊല്യൂഷൻസ്’ എന്ന വ്യവസായ സ്ഥാപനമായി ഇത് വളർന്നിരിക്കുന്നു. 
ഇലക്‌ട്രോണിക് അർധചാലകങ്ങൾ ഒരേ സമയം സുതാര്യവും ചാലകങ്ങളുമായ ഓക്സൈഡുകൾ, അതിസൂക്ഷ്മ വസ്തുക്കൾ എന്നിവയാണ് പ്രധാനമായും കോട്ടിങ്ങിന്‌ ഉപയോഗിക്കുന്ന സ്‌പ്രേ വസ്തുക്കൾ. 
ഇപ്പോൾ ഉപയോഗിക്കുന്ന വാക്വം ടെക്‌നോളജിയെ അപേക്ഷിച്ച് ഈ മെഷീനുകൾ ചെലവു കുറഞ്ഞതാണെന്ന് ഡോ. ശ്രീകുമാർ പറഞ്ഞു. 
പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലെ ഗവേഷണ- വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ.യ്ക്ക്‌ കീഴിൽ ബെംഗളുരുവിലുള്ള ഡി.ഇ.ബി.ഇ.എല്ലിൽ ഈ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. 
 ഗവേഷണത്തിന്റെ പുതുവഴികളിലൂടെ 2019-ലെ കെ.എസ്.സി.എസ്.ടി. ഡോ. വാസുദേവ് പുരസ്കാരവും എം.ആർ.എസ്.ഐ പുരസ്കാരവും നേടിയ പ്രൊഫ. ജയരാജന്റെ മേൽനോട്ടത്തിൽ ഉണ്ടാകുന്ന പുതിയ മുന്നേറ്റങ്ങൾ ഈ യന്ത്രത്തിന് കൂടുതൽ പ്രവർത്തനക്ഷമതയും സ്വീകാര്യതയും ലഭ്യമാക്കുമെന്ന്. ഡോ. ശ്രീകുമാർ പറഞ്ഞു.