അലക്കുകുഴി കോളനി പറിച്ചുനടുമ്പോൾ കോളനി നിവാസികൾക്ക് ആഹ്ലാദവും ഒപ്പം ആശങ്കകളുമുണ്ട്. മാലിന്യത്തിൽനിന്നും ദുർഗന്ധത്തിൽനിന്നുമുള്ള മോചനം ഒരുവശത്ത്, സന്തോഷം നൽകുമ്പോൾ പരമ്പരാഗതമായി നിലനിർത്തുന്ന തൊഴിൽ നഷ്ടപ്പെട്ടുപോകുമോയെന്ന ആശങ്കയും ഇവരുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്

അലക്കുതൊഴിൽ കുലത്തൊഴിലാക്കിയ, തകരഷീറ്റുകൊണ്ടും ടാർപോളിൻ ഷീറ്റുകൊണ്ടും മേൽക്കൂരയും വാതിലുകളും മറച്ച് ജീവിക്കുന്ന 25 കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതംപേറി റെയിൽവേ സ്റ്റേഷന് സമീപത്തെ അലക്കുകുഴി കോളനിയിലുള്ളത്.

ഇവർക്ക് പുനരധിവാസം ഉറപ്പാക്കാനായി കോർപ്പറേഷൻ മുണ്ടയ്ക്കലിൽ വീടുകൾ നിർമിക്കുകയാണ്. ദുരിതംപേറി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെവന്നതോടെയാണ് പുനരധിവാസത്തെക്കുറിച്ച് കോളനിവാസികൾ ചിന്തിച്ചത്.

പട്ടയം ഇല്ലാത്ത ഭൂമിയിൽ ജീവിക്കുന്നതിനാൽ ഒരാനുകൂല്യവും തങ്ങളെ തേടിയെത്താതിരുന്നപ്പോഴാണ് മേയർ വി.രാേജന്ദ്രബാബുവിന്റെ നേതൃത്വത്തിൽ പുനരധിവാസത്തിനുള്ള അവസരം ഒരുക്കിയതെന്ന് കോളനിയിലെ സരസ്വതിയും രമാഭായിയും സൗദാമിനിയുമെല്ലാം സന്തോഷത്തോടെ പറയുന്നു.

25 കുടുംബങ്ങൾ ഉണ്ടെങ്കിലും 23 കുടുംബങ്ങൾ മാത്രമാണ് മുണ്ടയ്ക്കലിൽ ഒരുക്കുന്ന വീട് സ്വീകരിക്കുന്നത്. മറ്റുള്ളവർക്ക് വീടിനുള്ള പണം നൽകും. കോളനിയിലെ 23 കുടുംബങ്ങൾക്കുള്ള വീടുകളാണ് മുണ്ടയ്ക്കലിൽ പൂർത്തിയാകുന്നത്.

മുണ്ടയ്ക്കലിലെ 1.20 ഏക്കർ സ്ഥലമാണ് അലക്കുകുഴി കോളനി നിവാസികൾക്ക് വീടൊരുക്കാൻ അനുവദിച്ചിട്ടുള്ളത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പെടുന്നതാണ് മൂന്നുസെന്റിലെ വീട്.

ഈ മൂന്നുസെന്റും വീടും ഒാരോ കുടുംബത്തിന്റെയും പേരിൽ പതിച്ചുനൽകും. 10.5 ലക്ഷം രൂപയാണ് ഒരുവീടിന്റെ നിർമാണച്ചെലവ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽനിന്ന് നാലുലക്ഷം രൂപയും ബാക്കി 6.5 ലക്ഷം രൂപ കോർപ്പറേഷന്റെ തനതുഫണ്ടിൽനിന്നുമാണ്.

വീട് വേണ്ടാത്തവർക്ക് ലൈഫ് മിഷൻ പദ്ധതിവിഹിതമായ നാലുലക്ഷം രൂപയാണ് നൽകുന്നത്. കൊറ്റങ്കര പഞ്ചായത്തിലെ ഫിനിക്സ് കുടുംബശ്രീ യൂണിറ്റിനാണ് വീടുകളുടെ നിർമാണച്ചുമതല. വിവിധ കുടുംബശ്രീകളിൽനിന്നായി പരിശീലനം നേടിയ 35 സ്ത്രീകളാണ് വീടുകൾ നിർമിക്കുന്നത്.

17 വീടുകളുടെ മേൽക്കൂര വാർപ്പ് പൂർത്തിയായി. രണ്ടുമാസത്തിനുള്ളിൽ താക്കോൽ കൈമാറാനാകുമെന്നാണ് പ്രതീക്ഷ. വീടുകൾക്കൊപ്പം തൊഴിൽ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും നൽകാമെന്ന് കോർപ്പറേഷൻ ഉറപ്പുനൽകിയിട്ടുണ്ട്.

ദുരിതപൂർണം ജീവിതം

നഗരത്തിലെ കോളനികളിലുള്ളവരും താഴ്ന്നപ്രദേശത്തുള്ളവരും മഴക്കാലത്തുമാത്രം ദുരിതമനുഭവിക്കുന്നവരാണെങ്കിൽ അലക്കുകുഴി കോളനിവാസികളുടെ ജീവിതം മിക്കപ്പോഴും ദുരിതപൂർണമാണ്. മഴക്കാലമായാൽ കാഠിന്യം കൂടുമെന്നുമാത്രം.

84 സെന്റ് സ്ഥലത്ത് 25-ലധികം കുടുംബങ്ങളാണ് ജീവിക്കുന്നത്. രണ്ട് കിണറുകളും എട്ട്‌ അലക്കുകുളങ്ങളും ഇവിടെയുണ്ടായിരുന്നു. എല്ലാ കുടുംബങ്ങളുടെയും മുഖ്യ വരുമാനമാർഗം അലക്കുതന്നെ.

വർഷങ്ങൾക്കുമുൻപ് ഒരിക്കൽ വെള്ളപ്പൊക്കമുണ്ടായപ്പോഴാണ് കോളനിക്കാർ ദുരിതമനുഭവിച്ചത്. ഒന്നൊഴിയാതെ എല്ലാ വീടുകളിലും വെള്ളം കയറി. വീട്ടുപകരണങ്ങളും അലക്കാനായി കൊണ്ടുവന്ന വസ്ത്രങ്ങളും കൂട്ടിെവച്ചസമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു.

അതിനുശേഷം മഴവെള്ളവും അലക്കുകുളങ്ങളിൽനിന്നുള്ള അഴുക്കുവെള്ളവും കോളനിയിലെ മാലിന്യങ്ങളും ഒഴുകിപ്പോകാൻ കോളനിക്കു പിന്നിലൂടെ നല്ല വലുപ്പത്തിൽ ഓടകെട്ടി. കോളനിക്കു സമീപത്തുള്ള ഹോട്ടലുകാരും കച്ചവടക്കാരും ഓടയ്ക്ക് മൂടിസ്ഥാപിക്കുന്നതിനെയും അത് തോട്ടിലേക്ക് എത്തിക്കുന്നതിനെയും എതിർത്തു. അങ്ങനെ ഓടനിർമാണം പാതിവഴിക്ക് നിർത്തി.

പിന്നീടിങ്ങോട്ട് അലക്കുകുഴി കോളനി നിവാസികൾക്ക് എന്നും ദുരിതമാണ്. മഴവെള്ളത്തിനും മാലിന്യത്തിനും പുറമേ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള മാലിന്യ പൈപ്പ് ബ്ലോക്കാകുമ്പോൾ അവിടത്തെ മാലിന്യമത്രയും വന്നുചേരുന്നത് കോളനിയിലേക്കാണ്.

റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യവും സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെയും മറ്റ് ഭക്ഷണശാലകളുടെയും മാലിന്യവും എല്ലാം വന്നുചേരുന്നത് കോളനിക്കു പിന്നിലുള്ള ഓടയിലേക്കാണ്. ഇത് കവിഞ്ഞ് കോളനിയിലേക്ക് ഒഴുകും. കുട്ടികൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ എന്നും രോഗങ്ങൾതന്നെ.

മലിനജലം കോളനിക്കുള്ളിൽ കയറിയാൽ അലക്കുകുളങ്ങൾ മുഴുവൻ മാലിന്യങ്ങൾകൊണ്ട് മൂടും. ജോലിയും വരുമാനവും വഴിമുട്ടും. വർഷത്തിൽ അഞ്ചുമാസത്തോളം ഇതുതന്നെയാണ് അവസ്ഥയെന്ന് കോളനിവാസി സെൽവി പറഞ്ഞു. വർഷങ്ങളായി കോളനിയിൽ താമസിക്കുന്നവരാണ് മിക്കവരും. അത്രതന്നെ പഴക്കമുണ്ട് വീടുകൾക്കും. മിക്കവരുടെയും അടുക്കളയും കിടപ്പുമുറിയുമെല്ലാം ഒറ്റമുറി വീടുതന്നെ.

രണ്ട് പെൺമക്കളുമായി ഒറ്റമുറിവീട്ടിൽ ജീവിക്കുന്ന അവസ്ഥ ഗൃഹനാഥ സരസ്വതി പറയുന്നു. സരസ്വതിയും ഭർത്താവും രണ്ട് പെൺമക്കളും ജീവിക്കുന്നത് ഇവിടെയാണ്. പകൽ അടുക്കളയും രാത്രി കിടപ്പുമുറിയും. മൂത്തമകളുടെ വിവാഹം കഴിഞ്ഞതോടെ അംഗസംഖ്യ കൂടി.

മകളും മരുമകനും വരുമ്പോൾ കാലുകൾ നിവർത്തിവയ്ക്കാനാകാതെ ചുരുണ്ടുകൂടി നിലത്തുകിടക്കേണ്ടിവരും. മക്കൾ മുതിർന്നപ്പോൾ വാടകയ്ക്ക് വീടുനോക്കാമെന്ന് കരുതിയെങ്കിലും അലക്കിലൂടെ കിട്ടുന്ന വരുമാനം മക്കളുടെ പഠനത്തിനുപോലും തികയാത്ത അവസ്ഥയായിരുന്നു.

അലക്കില്ലാത്തപ്പോൾ വീട്ടുജോലികൾക്ക് പോകുന്നതിനാലാണ്‌ കുടുംബം പുലരുന്നത്. സരസ്വതിയുടെ കൂരയിലെമാത്രം അവസ്ഥയല്ലിത്. കോളനിയിലെ മിക്ക കുടുംബങ്ങളും ഇതേ അവസ്ഥയിൽത്തന്നെയാണ്. കുടുംബത്തിലെ അംഗസംഖ്യ കൂടിയപ്പോൾ കിടക്കാനിടമില്ലാതെ വീടുപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറിയവരുമുണ്ട്.

ആശങ്കകൾ ഒഴിയുന്നില്ല

പവർ ലോൺട്രി വന്നശേഷം എല്ലാ സ്ഥലത്തും ലോൺട്രി ഷോപ്പുകളുണ്ട്. അതുകൊണ്ടുതന്നെ അലക്കുകുഴിയിൽ വസ്ത്രങ്ങൾ എത്തിക്കുന്നവർ കുറവാണ്. വർഷങ്ങളായി വരുന്നവർമാത്രമാണ് ഇപ്പോഴും എത്തുന്നത്. മുൻപ് വിവിധ സ്ഥലങ്ങളിൽ പോയി അലക്കാനുള്ള വസ്ത്രങ്ങൾ കൊണ്ടുവരുമായിരുന്നു. ഇപ്പോൾ അതില്ലെന്ന് കോളനിവാസി രമേശൻ പറയുന്നു.

നാൽപ്പതുമുതൽ അൻപതുവരെ രൂപയാണ് ഒരു വസ്ത്രം അലക്കി ഇസ്തിരിയിട്ട് നൽകുന്നതിന് വാങ്ങുന്നത്. അലക്ക് കുറവായതിനാൽ മറ്റ് തൊഴിലുകൾക്ക് പോകുന്നവരുമുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടുകൂടി വരുമാനമാർഗം ഏതാണ്ട് നിലച്ചമട്ടാണ്.

മുണ്ടയ്ക്കൽ ഭാഗത്തേക്ക് പോകുന്നതോടെ ഇപ്പോഴുള്ള ഉപഭോക്താക്കൾകൂടി ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഇവർ. നഗരത്തിന്റെ എല്ലാഭാഗത്തും ലോൺട്രി ഷോപ്പുകളുള്ളപ്പോൾ മുണ്ടയ്ക്കൽ എത്തി വസ്ത്രങ്ങൾ നൽകാൻ ആരും തയ്യാറാകില്ലെന്നതാണ് വസ്തുത. വിവിധ സ്ഥലങ്ങളിൽപോയി വസ്ത്രങ്ങൾ ശേഖരിക്കാനുള്ള ആരോഗ്യസ്ഥിതിയും ഇവർക്കില്ല.

അലക്കാനും ഇസ്തിരിയിടാനുമുള്ള വസ്ത്രങ്ങൾ ശേഖരിക്കാനുള്ള ഒരു ഷോപ്പ് അലക്കുകുഴി കോളനിക്കു സമീപത്തായി നൽകണമെന്ന് മേയറോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

കോളനിയിൽ വസ്ത്രങ്ങൾ നൽകുന്നവരിൽനിന്ന് ശേഖരിക്കാൻ കഴിയുന്നതോടൊപ്പം പുതിയ ഉപഭോക്താക്കളെയും ലഭിക്കും. എന്നാൽ കോർപ്പറേഷൻ കളക്‌ഷൻ സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല.

പവർ ലോൺട്രി നിർമിച്ചുനൽകും

‘അലക്കുകുഴി നിവാസികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുന്നതിനോടൊപ്പം പ്രധാനപ്പെട്ടതാണ് അവരുടെ കുലത്തൊഴിൽ നിലനിർത്തുകയെന്നതും. മുണ്ടയ്ക്കലിൽ വീടുകൾ നിർമിക്കുന്നതിനൊപ്പംതന്നെ ആധുനികരീതിയിലുള്ള പവർ ലോൺട്രിയും അവർക്കായി നിർമിച്ചുനൽകും. ദേശീയ നാഗരിക ഉപജീവന മിഷൻ(എൻ.യു.എൽ.എം.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലോൺട്രി നിർമിക്കുക. കുളങ്ങളും കിണറുകളും നിർമിച്ചുനൽകിയാൽ പരമ്പരാഗത രീതിയിൽ തൊഴിൽ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് മിക്കവരും. അതിനാലാണ് പവർ ലോൺട്രി നിർമിക്കാൻ തീരുമാനിച്ചത്’.

എം.എ.സത്താർ, ചെയർമാൻ

വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി,

കൊല്ലം കോർപ്പറേഷൻ.

വരുന്നു, മൾട്ടി ലെവൽ കാർ പാർക്കിങ്‌ സിസ്റ്റം

കോളനി നിവാസികളെ ഒഴിപ്പിച്ചശേഷം അവിടെ കേരളത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിങ്‌ സംവിധാനം കൊണ്ടുവരുകയാണ് കോർപ്പറേഷൻ. നഗരത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ പാർക്കിങ്ങിന് പരിഹാരം കാണുകയാണ് ലക്ഷ്യം. പത്തുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ പരിസരത്തെയും റോഡിലെയും പാർക്കിങ്‌ ഒഴിവാക്കി ഇവിടേക്ക്‌ മാറ്റും. പലതട്ടുകളിലായി ഒരേസമയം നൂറിലേറെ കാറുകൾ പാർക്ക്‌ ചെയ്യാനാകും. മറ്റ് സ്ഥലങ്ങളിലെ മൾട്ടി ലെവൽ പാർക്കിങ്ങിനെക്കുറിച്ച് പഠിച്ചശേഷമാണ് രൂപരേഖ തയ്യാറാക്കുക. അന്താരാഷ്ട്രമാതൃകയായിരിക്കും ഇവിടത്തേതും.

കോളനിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തും

‘അലക്കുകുഴി കോളനിവാസികളുടെ ദുരിതജീവിതത്തിന് അറുതി വരുത്തുകയെന്നതുതന്നെയാണ് മുഖ്യം. അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനോടൊപ്പം കോളനി നിൽക്കുന്ന സ്ഥലം എങ്ങനെ ഉപയോഗിക്കാമെന്നും വിശദമായ ചർച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് മൾട്ടി ലെവൽ പാർക്കിങ്‌ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നതും തീരുമാനിക്കുന്നതും. പത്തുകോടി രൂപയുടെ പ്രോജക്ടാണിത്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. നടത്തിപ്പ് ചുമതലയെക്കുറിച്ചും ചെലവിനെക്കുറിച്ചും ചർച്ച നടക്കുകയാണ്.’

- വി.രാജേന്ദ്രബാബു. മേയർ,

കൊല്ലം കോർപ്പറേഷൻ