കാടുപിടിച്ചുകിടന്ന കോളേജ് പരിസരം മുഴുവൻ വൃത്തിയാക്കി അധ്യാപകരും വിദ്യാർഥികളും ചേർന്ന് അധ്യയനവർഷാരംഭത്തിൽ കൃഷിയിറക്കിയിരുന്നു. നാലേക്കറിൽ കരനെൽക്ക്യഷി ചെയ്തായിരുന്നു ആദ്യ പരീക്ഷണം. പിന്നീട് പച്ചക്കറിക്കൃഷി, പൂക്കൃഷി എന്നിവയിലും പരീക്ഷണം നടത്തുകയായിരുന്നു ഇവർ. കനത്ത മഴയിലും കാറ്റിലും കൃത്യമായ സംരക്ഷണം നൽകിയതാണ് ഇവരുടെ ഈ വിജയത്തിനു പിന്നിൽ. 

ഒരേക്കറിൽ കരനെല്ലും രണ്ടേക്കറിൽ പച്ചക്കറിയും ഒരേക്കറിൽ പൂക്കൃഷിയുമാണ് ചെയ്തത്. മഴയത്ത് വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുമെന്നായപ്പോൾ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് കൃഷി സംരക്ഷിച്ചത്. അതുകൊണ്ടുതന്നെ കൃത്യസമയത്ത്‌ വിളവെടുപ്പ് നടത്താനായി. 

കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽത്തന്നെയായിരുന്നു വിളവെടുപ്പ്.  നാലാം വിളവെടുപ്പ് പൂർത്തിയാകുമ്പോൾ പച്ചക്കറി ഇനത്തിൽ വെണ്ട, പച്ചമുളക്, പാവൽ, പയർ തുടങ്ങിയവയും പൂക്കൃഷിയിൽ വാടാമല്ലി, ബന്ദി, ജമന്തി എന്നിവയുമാണ് വിളവെടുക്കാനായത്.  കോളേജിലെ 17 ഡിപ്പാർട്ട്മെൻറുകളിലെയും വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് കൃഷി ചെയ്യുന്നത്. ജൈവവളം മാത്രമാണ് ഇവർ കൃഷിക്കായി ഉപയോഗിച്ചത്. കൃത്യമായി വെള്ളമൊഴിക്കുന്നതിനും വളമിടുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ഡിപ്പാർട്ടുമെന്റിനും പ്ലോട്ട് തിരിച്ച്‌ നൽകി. 
ഒരു വിഭാഗത്തിനുതന്നെ ഇത്രയധികം കൃഷിയിൽ ശ്രദ്ധ പതിപ്പിക്കുന്നത് പ്രയാസമെന്നിരിക്കെയായിരുന്നു ഇത്. ഓരോരുത്തർക്കും തന്നിരിക്കുന്ന പ്ലോട്ട് മാത്രം ശ്രദ്ധിച്ചാൽ മതിയെന്നായി. അതുകൊണ്ടുതന്നെ കുട്ടികൾക്കും അധ്യാപകർക്കും തങ്ങളുടെ കൃഷിയെ ഏറ്റവും നന്നായി പരിപാലിക്കണമെന്ന ചിന്തയും ഉയർന്നിരുന്നു. അതുതന്നെയാണ് ഇവർ വിജയപഥത്തിലേക്കെത്തുന്നതിനു കാരണമായത്. ഏക്കറുകണക്കിന് കാടുപിടിച്ചുകിടന്ന സ്ഥലവും ഇതോടെ കാഴ്ചയിൽ അതിമനോഹരമായി. 
ഇക്കുറി ഓണത്തിന് പൂക്കളും പച്ചക്കറിയുമെല്ലാം വിളവെടുത്ത് ഓണം ആഘോഷമാക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ പ്രളയം വന്നതോടെ ഓണാഘോഷമൊക്കെ ഒഴിവാക്കി. വിളവെടുത്ത പച്ചക്കറികൾ കോളേജിനകത്തും പുറത്തുമായി വിൽപ്പന നടത്തുകയാണ് പതിവ്. കുട്ടികളും അധ്യാപകരും വാങ്ങിയശേഷമാകും പുറത്തേക്കു നൽകുന്നത്. 

പച്ചക്കറിത്തോട്ടത്തിനു ചുറ്റുമായി പൂക്കൃഷി നടത്തുന്നുണ്ട്. പൂക്കൃഷി കീടങ്ങളെ അകറ്റാൻ സഹായിക്കുമെന്ന കൃഷി മന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഹരിത മിഷന്റെ മൂന്നു ഘട്ടങ്ങളായി, കോർപ്പറേഷൻ കൃഷിഭവനിൽ ഒരുലക്ഷം രൂപയുടെ പദ്ധതിപ്രകാരമായിരുന്നു കൃഷി. വഴുതന, കുമ്പളം, മത്തൻ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. നിലമൊരുക്കുന്നതിനും മറ്റുമായി ഒരുലക്ഷം രൂപ ചെലവായി. കൂടാതെ പി.ടി.എ.ഫണ്ടിൽനിന്നുള്ള തുകയും ഇതിനായി ഉപയോഗിച്ചു. മാതൃകാ ഫാമായി മാറ്റാൻ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിവർ. 

കൂടുതൽ കൃഷി

 “കൂടുതൽ കൃഷിയിറക്കി കോളേജിന്റെ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാക്കുന്നതിനുള്ള ശ്രമം ഇനിയും തുടരും. അതിനുള്ള എല്ലാ സഹായവും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും കോർപ്പറേഷനിൽനിന്നും ലഭിക്കുന്നുണ്ട്”
-ഡോ. സി.അനിത ശങ്കർ  (പ്രിൻസിപ്പൽ,  എസ്.എൻ.കോളേജ്, കൊല്ലം).