ഇത് എസ്.സുവർണകുമാർ..  ശ്രീനാരായണപ്രസ്ഥാനങ്ങളുടെ അമരക്കാരിൽ പ്രധാനി. പൊതുപ്രവർത്തനരംഗത്തെ നിറസാന്നിധ്യം. പത്രാധിപർ. മൂന്നാംമുന്നണിയെന്നു വിശേഷിപ്പിക്കാവുന്ന പിന്നാക്കവിഭാഗ രാഷ്ട്രീയചേരിയുടെ പ്രമുഖസംഘാടകൻ. എസ്.എൻ.ട്രസ്റ്റ് മെഡിക്കൽ മിഷന്റെ കീഴിലുള്ള ആതുരാലയങ്ങളുടെയും ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചീഫ് കോ-ഓർഡിനേറ്റർ...സുവർണകുമാറിന്റെ കർമ മണ്ഡലം വിവിധമേഖലകളിൽ ഇപ്പോഴും തിളക്കമാർന്നുനിൽക്കുന്നു.

നഗരത്തിൽ മുണ്ടയ്ക്കലുള്ള സുവർണകുമാറിന്റെ വീടിനടുത്തുതന്നെയായിരുന്നു അന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറികൂടിയായിരുന്ന ആർ.ശങ്കറിന്റെയും വീട്. സുവർണകുമാറിനെ വീട്ടിൽ മണിയെന്നായിരുന്നു വിളിച്ചിരുന്നത്. ഫോർത്ത് ഫോറത്തിൽ പഠിക്കുകയായിരുന്ന മണിയെയും കൂട്ടുകാരെയും ശങ്കർ വീട്ടിലേക്കു വിളിപ്പിച്ചു. ഗുരുദേവ ആശയങ്ങളെക്കുറിച്ചു കുട്ടികളിൽ അറിവും ആദർശങ്ങളും പകർന്നുനൽകുകയായിരുന്നു ലക്ഷ്യം. തുടർന്ന് കുട്ടികൾക്കിടയിൽ ഗുരുദർശന ആശയപ്രചാരണത്തിന് ശ്രീനാരായണ ബാലസമാജം എന്നപേരിൽ കൂട്ടായ്മയ്ക്ക് രൂപംനൽകി. സംസ്ഥാനത്ത് ആദ്യമായി രൂപവത്കരിച്ച സംഘടനയുടെ സെക്രട്ടറി സ്ഥാനം ശങ്കർ പതിമ്മൂന്നുകാരനായ സുവർണകുമാറിനെയാണ് ഏല്പിച്ചത്. അന്നുചേർന്ന യോഗത്തിന്റെ മിനിറ്റ്സ് എഴുതി നൽകാനും ശങ്കർ നിർദേശിച്ചു. അങ്ങനെ ആദ്യമായി ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനായി മാറുകയായിരുന്നു ബാലനായ സുവർണകുമാർ. ശങ്കറിന്റെ ശിക്ഷണത്തിൽ തുടങ്ങിയ മിനിറ്റ്സ് എഴുത്തും ശ്രീനാരായണ ആശയപ്രചാരണവും ഇപ്പോഴും തുടരുകയാണ് 76-ൽ എത്തിനിൽക്കുന്ന സുവർണകുമാർ. അവിടുന്നങ്ങോട്ട് വിദ്യാഭ്യാസത്തോടൊപ്പം ശ്രീനാരായണപ്രസ്ഥാനങ്ങളിൽ നിറഞ്ഞുനിൽക്കാൻ ശങ്കറായിരുന്നു തനിക്ക് പ്രോത്സാഹനവും പ്രേരണയും പിന്തുണയുമെന്ന് സുവർണകുമാർ അനുസ്മരിക്കുന്നു.

മുണ്ടയ്ക്കൽ തുമ്പറ സ്കൂൾ, ക്രിസ്തുരാജ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1958-59 കാലത്ത് എസ്.എസ്.എൽ.സി.ക്ക്‌ പഠിക്കുമ്പോൾ കെ.എസ്.യു.വിന്റെ യൂണിറ്റ് ക്രിസ്തുരാജ് സ്കൂൾ ആസ്ഥാനമായി രൂപവത്കരിച്ചു. യൂണിറ്റിന്റെ കൺവീനർ സുവർണകുമാറായിരുന്നു. വിമോചനസമരകാലത്ത് ബസ് തടഞ്ഞുനിർത്തി മുൻവശത്തെ ഗ്ലാസിൽ കറുത്തചായം പൂശി പ്രതിഷേധിക്കാനുള്ള ശ്രമത്തിനിടെ പോലീസിന്റെ ചൂരൽ പ്രയോഗം നന്നായി കിട്ടി. കാലിന്റെ വണ്ണകൾ മുറിഞ്ഞു. വീട്ടിൽ ചെന്നപ്പോൾ അച്ഛന്റെ വക തല്ലും കിട്ടി. പോലീസിന്റെ അടികൊണ്ട പാടുകൾ മുറിഞ്ഞു പഴുത്തു. ആദ്യസമര പങ്കാളിത്തത്തിന്റെ ശേഷിപ്പായി മുറിവുണങ്ങിയ പാടുകൾ ഇപ്പോഴും തന്റെ കാൽവണ്ണയിലുണ്ടെന്ന് സുവർണകുമാർ പറഞ്ഞു.

എസ്.എൻ. കോളേജിൽ പഠിക്കുമ്പോൾ എൻ.സി.സി. ബസ്റ്റ് കേഡറ്റായിരുന്നു. മാത്രവുമല്ല വാറന്റ് ഓഫീസർ എന്ന നിലയിൽ ഡൽഹിയിൽ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. 1963-64 കാലത്ത് വാറന്റ് ഓഫീസർക്ക് 500 രൂപ പ്രതിഫലവും ലഭിക്കുമായിരുന്നു. 1965-ൽ ബിരുദമെടുത്തപ്പോൾ എൻ.സി.സി.യിൽ എ ഗ്രേഡോടെ മുഴുവൻ സമയ വാറന്റ് ഓഫീസറായി നിയമിതനായി. രണ്ടുവർഷം കഴിഞ്ഞ് ഈ തസ്തിക നിർത്തലാക്കിയപ്പോൾ അതിർത്തി രക്ഷാസേനയിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി കൊഹീമയിൽ നിയമിച്ചു. രണ്ടുവർഷം കഴിഞ്ഞ് ബി.എസ്.എഫിലെ ജോലി രാജിെവച്ചു. തുടർന്ന് എസ്.എൻ. കോളേജുകളുടെ അക്കൗണ്ടന്റായി എസ്.എൻ.ട്രസ്റ്റിൽ നിയമിതനായി.

1967 ജൂൺ 15-ന് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് രൂപവത്കരിക്കുമ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റ് സുവർണകുമാറായിരുന്നു.  1969-ൽ ഗവ. പ്രിന്റിങ്‌ പ്രസ്സിൽ സ്റ്റോർ കീപ്പറായി തിരുവന്തപുരത്ത് ജോലിയിൽ പ്രവേശിച്ചു. 1973-ൽ 29-ാം വയസ്സിൽ തിരുവനന്തപുരം യൂണിയനെ പ്രതീനിധീകരിച്ച് എസ്.എൻ.ഡി.പി. യോഗം കൗൺസിലിലേക്ക് മത്സരിച്ച് ജയിച്ചു. ഏറ്റവും പ്രായംകുറഞ്ഞ കൗൺസിലറെന്ന വിശേഷണവും അങ്ങനെ സ്വന്തമാക്കി. ചില പ്രതികൂല സാഹചര്യങ്ങളാൽ 1982-ൽ പ്രിന്റിങ്‌ പ്രസ്സിലെ ജോലി രാജിെവയ്ക്കാൻ നിർബന്ധിതനായി. തുടർന്ന് സ്കൂൾ ഓഫ് എക്കണോമിക്സിൽ എം.എ.ക്ക്‌ ചേർന്നു. 1982-ൽ എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ബോർഡ് മെമ്പറായി തുടരുന്നു.

1983-ൽ ശിവഗിരി മഠത്തിന്റെ ജനറൽ മാനേജർ പദവിയാണ് സുവർണകുമാറിനെ തേടിയെത്തിയത്. ഇതോടൊപ്പം മുണ്ടയ്ക്കലിൽ ഐശ്വര്യ പ്രസ്സ് എന്ന പേരിൽ സ്വന്തമായി പ്രിന്റിങ്‌ സ്ഥാപനം തുടങ്ങി. പത്രപ്രവർത്തനത്തോടുള്ള ആഭിമുഖ്യമായിരുന്നു ഇതിന്‌ പിൻബലമേകിയത്. 1954-ൽ ശങ്കർ പത്രാധിപരായി ദിനമണി എന്ന പേരിൽ കോൺഗ്രസിന്റെ മുഖപത്രം ആരംഭിച്ചിരുന്നു. ഐശ്വര്യ പ്രസ്സ് ആരംഭിച്ചതൊടെ ‘ദിനമണി’യുടെ ചുമതല ഏറ്റെടുത്ത സുവർണകുമാർ അതിന്റെ മാനേജിങ്‌ എഡിറ്ററുമായി. ഇപ്പോഴും അത് മാസികയായി പുറത്തിറക്കുന്നു. ഇതോടൊപ്പം വിശ്വശബ്ദം മാസിക, ഇൗഴവശബ്ദം മാസിക, ഗുരുമതം മാസിക എന്നീ പ്രസിദ്ധീകരണങ്ങളും സുവർണകുമാറിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്നുണ്ട്.

മികച്ച സംഘാടകപാടവംകൊണ്ട് ശ്രദ്ധേയമായ ശിവഗിരി തീർഥാടന കനകജൂബിലി ആഘോഷത്തിന്റെ ജനറൽ കൺവീനർ സുവർണകുമാറായിരുന്നു. മുൻകേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറായിരുന്നു ചെയർമാൻ. 1995-ൽ ശിവഗിരിയിൽ രണ്ടുവിഭാഗം സന്ന്യാസിമാർ ചേരിതിരിഞ്ഞതിനെ തുടർന്നുണ്ടായ കലാപത്തിൽ പോലീസ് നടത്തിയ ബലപ്രയോഗത്തിൽ സുവർണകുമാറിന് ക്രൂരമായ മർദ്ദനമേൽക്കേണ്ടിവന്നു. വലതുകൈ ഒടിയുകയും കാലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

1984-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ പിന്തുണയോടെ  മൂന്നാംമുന്നണി സ്ഥാനാർഥിയായി കൊല്ലം സീറ്റിൽ സുവർണകുമാർ മത്സരിച്ചു. അന്നത്തെ എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റായിരുന്ന എം.കെ.രാഘവനായിരുന്നു മൂന്നാംമുന്നണിയുടെ ചെയർമാൻ. എൽ.ഡി.എഫ്. സ്ഥാനാർഥി ആർ.എസ്.ഉണ്ണിയും യു.ഡി.എഫ്. സ്ഥാനാർഥി എസ്.കൃഷ്ണകുമാറും. എന്നാൽ പ്രചാരണം മുറുകിയതോടെ എസ്.എൻ.ഡി.പി. പിൻവലിഞ്ഞു. പിന്തുണ പരോക്ഷമായി യു.ഡി.എഫ്. സ്ഥാനാർഥിക്കായി. ഇതിൽ പ്രതിഷേധിച്ച് സുവർണകുമാർ വോട്ടെടുപ്പിനുമുമ്പ് മത്സരരംഗത്തുനിന്ന്‌ പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു. എന്നിട്ടും 4800 വോട്ട് സുവർണകുമാറിനു കിട്ടി.

1996-ൽ പി.ഡി.പി. സ്ഥാനാർഥിയായി കരുനാഗപ്പള്ളിയിലും മത്സരിച്ചു. 10,000-ൽപ്പരം വോട്ടുനേടി. പി.ഡി.പി.യിൽ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ കടന്നുവന്നതോടെ 1998-ൽ  പി.ഡി.പി.യുമായുള്ള ബന്ധം ഉപേക്ഷിച്ചു. 2001-ൽ െസക്യുലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്.എൻ.ഡി.പി.) ചെയർമാൻകൂടിയായ സുവർണകുമാർ ചെങ്ങന്നൂരിൽ മത്സരിച്ചു. എൻ.ഡി.എ.യിൽ പാർട്ടി ഘടകക്ഷിയായിരുന്നു. നാലാംസ്ഥാനം കിട്ടി.   രാജ്യത്തും പുറത്തുമുള്ള  ശ്രീനാരായണപ്രസ്ഥാനങ്ങളിൽപ്പെട്ട 25-ഓളം സംഘടനകളിൽ ഇപ്പോൾ സുവർണകുമാർ മുഖ്യഭാരവാഹിത്വം വഹിക്കുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ലോക കോൺഫെഡറേഷനായ ശ്രീനാരായണ വേൾഡ് കോൺഫറൻസിന്റെ അഡ്വൈസർ പദവിയും ഇതിൽപ്പെടും. 

ശ്രീനാരായണ മതസംഘം ചെയർമാൻകൂടിയായ സുവർണകുമാർ ഗുരുജയന്തിമുതൽ സമാധിവരെയുള്ള ദിവസങ്ങളിൽ ഉപവാസം അനുഷ്ഠിക്കുന്നത് പതിവാക്കിവരികയാണ്.   1988-ൽ എസ്.എൻ.ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറിയായി ചുമതലയേറ്റശേഷം ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. 1993-ൽ സിംസ് ആശുപത്രിക്ക് തറക്കല്ലിട്ടു. ഇപ്പോൾ എസ്.എൻ.ട്രസ്റ്റ് മെഡിക്കൽ മിഷന്റെ ചീഫ് കോ-ഓർഡിനേറ്ററാണ്. കൊല്ലം എസ്.എൻ. വനിതാ കോളേജ് സുവോളജി വിഭാഗം മേധാവിയായി റിട്ടയർ ചെയ്ത പ്രൊഫ. മാലിനി സുവർണകുമാറാണ് ഭാര്യ. എസ്.എൻ.ഡി.പി. വനിതാസംഘം സംസ്ഥാന പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു മക്കൾ. മൂത്തമകൾ അഡ്വ. സീമ മാലിനി അമേരിക്കയിൽ അധ്യാപിക. രണ്ടാമത്തെ മകൾ സീന മാലിനി (കൊല്ലം സിറ്റി സെൻട്രൽ സ്കൂൾ പ്രഥമാധ്യാപിക). മരുമകൻ: റോണി സത്യൻ (എൽ.ആൻഡ്.ടി. ചീഫ്, യു.എസ്.എ.).