കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ്. ടെക്‌നിക്കൽ സെൽ 537-ാം യൂണിറ്റും മാതൃഭൂമി സീഡും ചേർന്ന് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബർസാർ ഫാ. ജോർജ് റെബേറോ വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈ കൈമാറി. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. രാജേഷ് മാർട്ടിൻ പരിസ്ഥിതിദിന സന്ദേശം നൽകി.    പ്രിൻസിപ്പൽ ഡോ. സൂസൻ ജെ.പണിക്കർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ഗോഡ്‌വിൻ ബെനഡിക്ട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.   വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഗൗരി മോഹൻ, ബേസിക് സയൻസ് എച്ച്.ഒ.ഡി. പ്രൊഫ. ടീറ്റു ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ജവഹർ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ
കൊല്ലം: ജവഹർ നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി കെ.വി.ഭരതൻ, വൈസ് പ്രസിഡന്റായി പി.എ.സിറിൾ, സെക്രട്ടറിയായി ആർ.ജനാർദ്ദനൻ പിള്ള, ജോയിന്റ് സെക്രട്ടറിയായി ലുല്ലു പീറ്റർ, ട്രഷറായി കെ.സുരേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.

കുട്ടികൾക്കായി പൂമ്പാറ്റ പൂന്തോട്ടം

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പട്ടത്താനം ഗവ. എസ്.എൻ.ഡി.പി.യു.പി.സ്കൂളിൽ കുട്ടികൾക്കായി പൂമ്പാറ്റപ്പൂന്തോട്ടം ഒരുക്കുന്നു. തൊടിയിലെ അന്യംനിന്നുകൊണ്ടിരിക്കുന്ന നാടൻ ഇലച്ചെടികളായ കൃഷ്ണകിരീടം, രാജമല്ലി, അരിപ്പൂവ്, മന്താരം തുടങ്ങിയവ നട്ടാണ് പൂമ്പാറ്റപ്പൂന്തോട്ടം ഒരുങ്ങുന്നത്. കേരളത്തിന്റെ ഭൂപടമാതൃകയിൽ ചെടികൾനട്ട് പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ ഡോ. സൈനുദ്ദീൻ പട്ടാഴി നിർവഹിച്ചു.
  ഇതോടനുബന്ധിച്ച് കുട്ടികൾക്ക് നൽകുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ പ്രേം ഉഷാർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് അനിലാൽ വി. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക കെ.സുജകുമാരി. ടി.എസ്.സുഷമാദേവി, സീനത്ത് ബീവി എന്നിവർ പങ്കെടുത്തു.