ഭക്തിയുടെ നിറവിൽ നിരനിരയായി നീളുന്ന പൊങ്കാലയടുപ്പുകൾ. ദീപക്കാഴ്ചകളുടെ അവസാനിക്കാത്ത ആത്മീയ തേജസ്. ശരണമന്ത്രങ്ങൾക്കിടയിൽ യാഗശാലയായി മാറുന്ന ക്ഷേത്രപരിസരം. പുത്തൻ മൺകലങ്ങളിൽ പുതുപ്രതീക്ഷകളുമായി ലക്ഷത്തിൽപ്പരം ഭക്തജനങ്ങൾ ആത്മസമർപ്പണം നടത്തുന്ന ചന്ദ്രപ്പൊങ്കൽ, വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിന്റെ പ്രശസ്തിയുടെ നെറുകയിൽ ഭക്തജനങ്ങൾ അർപ്പിക്കുന്ന ചന്ദനതിലകമാണ്.

മനസ്സും വപുസ്സും ശുദ്ധമാക്കി ഉള്ളുരുകി പ്രാർഥിക്കുന്ന ഭക്തരിൽ അമ്മയുടെ അനുഗ്രഹം പുണ്യമായി വർഷിക്കുന്ന സമയമാണ് ചന്ദ്രപ്പൊങ്കാലയുടെ സായന്തനം. തൃക്കൊടിയേറി ആദ്യ വെള്ളിയാഴ്ച വൈകിട്ട് 6നാണ് ചന്ദ്രപ്പൊങ്കൽ. ഈവർഷം തൃക്കൊടിയേറ്റ് ദിവസംതന്നെയാണ് ചന്ദ്രപ്പൊങ്കൽ നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. അതായത് മാർച്ച് 4ന്. ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിനെ യജ്ഞശാലയാക്കിമാറ്റുന്ന ചന്ദ്രപ്പൊങ്കലിന്‌ നാടും നഗരവും ഒരുങ്ങും.  വ്രതശുദ്ധിയോടെ സുകൃതലക്ഷ്യത്തോടെയാണ് ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ പൊങ്കാലയിടാൻ എത്തുന്നത്. സങ്കടങ്ങളുടെ ഉരുക്കഴിച്ച് നിറകലങ്ങളിൽ ദേവിയുടെ കൃപാവരം തേടി ഭക്തജനങ്ങൾ സായുജ്യമടയുന്നു.
    അനേകായിരം പേർ ഒരുമിച്ചിരുന്ന് നാമകീർത്തനങ്ങളോടെ തയ്യാറാക്കുന്ന പൊങ്കാല ദേവിക്ക് അമൃതാണ്. പുത്തൻ മൺകലങ്ങളിൽ ഭക്തജനങ്ങൾ തയ്യാറാക്കുന്ന നിവേദ്യം പൂജാരി ദേവിക്ക് സമർപ്പിക്കുന്നു.  
 കുംഭഭരണി ഉത്സവം വെള്ളിയാഴ്ച രാവിലെ 8നും 8.30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി കുന്നത്തുമന നാരായണൻ മാധവൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ തൃക്കൊടിയേറ്റോടുകൂടി ആരംഭിക്കുന്നു.  മാർച്ച് 13ന് ഗംഭീര കെട്ടുകാഴ്ചയോടുകൂടി സമാപിക്കും.

 

കാര്യസിദ്ധിപൂജ

 

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും
കണ്ടിട്ടില്ലാത്ത മഹത്തായ പുണ്യകർമമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ കാര്യസിദ്ധിപൂജ. ഭക്തജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ കാര്യസിദ്ധിപൂജ ദേവീചൈതന്യത്തിന്റെ ശതകോടി പുണ്യരശ്മികൾ പ്രസരിപ്പിക്കുന്ന ആത്മീയധാരയുടെ പരംപൊരുളാണ്. സന്താനഭാഗ്യം, മംഗല്യഭാഗ്യം, ഉദ്യോഗലബ്ധി, ധനലാഭം, രോഗനിവാരണം, ശത്രുദോഷനിവാരണം തുടങ്ങിയവയ്ക്ക് നടത്തിവരുന്നതാണ് കാര്യസിദ്ധിപൂജ. പൂജയ്ക്കായി 21 രൂപ ക്ഷേത്രത്തിൽ അടയ്ക്കണം. അങ്ങനെ പേര് രജിസ്റ്റർ ചെയ്താൽ 21 ചൊവ്വാഴ്ചകളിൽ മുടങ്ങാതെ വ്രതശുദ്ധിയോടെ പൂജയിൽ പങ്കെടുക്കണം. പിന്നെ ഒരുരൂപ നാണയം സ്വീകരിച്ച് അന്നദാനത്തിലും പങ്കെടുത്ത് പരാശക്തിയുടെ അനുഗ്രഹം വാങ്ങാം. 22-ാമത്തെ ചൊവ്വാഴ്ച അന്നദാനത്തിൽ പങ്കെടുത്ത് പഞ്ചാമൃതാഭിഷേകത്തോടെ വ്രതം പൂർത്തിയാക്കി സാഫല്യമടയാം.

 

അനുഷ്ഠാന രീതി


പൂജയുടെ തലേദിവസം ഭക്തർ വ്രതമെടുത്ത് തൂശനില, വെള്ളിരൂപ, കർപ്പൂരം, 21 രൂപ, കൂപ്പൺ എന്നിവ സഹിതം അമ്മയുടെ തിരുമുറ്റത്ത്‌ നടക്കുന്ന സമൂഹപ്രാർഥനയിൽ സംബന്ധിക്കുന്നു. പ്രത്യേകം തയ്യാറാക്കുന്ന കലശത്തിൽ കുങ്കുമം നിറച്ച്, ജലം, പഞ്ചാമൃതം, പാൽ, കരിക്ക്, മഞ്ഞപ്പൊടി, ഭസ്മം, കളഭം എന്നിവ അഭിഷേകം ചെയ്ത് അമ്മയെ ഒരുക്കുന്നു. തുടർന്ന് കുങ്കുമാഭിഷേകവും പുഷ്പാഭിഷേകവും ഒരുരൂപ നാണയവും ചന്ദനം, കുങ്കുമം, ഒരുപട പായസം, ഒരു പഴം എന്നിവ നിവേദ്യമായി നൽകുന്നു. ഓരോ ആഴ്ചയും കാര്യസിദ്ധിപൂജയിൽമാത്രം അരലക്ഷത്തിലേറെപ്പേർ പങ്കെടുക്കും. പൂജയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് അനുഭവസിദ്ധി ലഭിച്ചത് പരമസത്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

 

ഭക്തരുടെ അഭയസ്ഥാനം

 

 കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ പള്ളിമുക്കിൽനിന്ന് ഒരു  കിലോമീറ്ററും കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ കല്ലുംതാഴം ജങ്‌ഷനിൽനിന്ന് മൂന്ന് കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. വടക്കേവിള പ്രദേശത്ത് കുടികൊള്ളുന്ന പുണ്യപുരാതനമായ വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെത്തുമ്പോൾ ഭക്തജനങ്ങളെ സ്വീകരിക്കുന്നത് വിസ്തൃതമായ മണൽപ്പുറം. ക്ഷേത്രമുറ്റത്ത് തണലേകുന്ന ആൽമരവും ഓഡിറ്റോറിയവും. പനയും പനച്ചിയും കാഞ്ഞിരവും ആത്മീയാന്തരീക്ഷം പകരുന്ന ക്ഷേത്രാങ്കണം. ശ്രീകോവിലിൽ വടക്കോട്ട് ദർശനമായി ഭദ്രകാളി ശാന്തസ്വരൂപിണിയായ വലിയകൂനമ്പായിക്കുളത്തമ്മ. നാല് തൃക്കൈകൾ. വലത് കൈകളിൽ ശൂലവും പാനപാത്രവും, വാളും അഭയവും ഇടതുകൈകളിൽ. ഉപദേവനായി ഗണപതി. ദേവിയുടെ ഇടതുവശത്ത് ഘണ്ടാകർണൻ. ഘണ്ടാകർണന്റെ പിന്നിൽ കിഴക്കോട്ട് ദർശനമായി യോഗീശ്വരൻ. വലതുഭാഗത്ത് യക്ഷിത്തറയും ഇടതുഭാഗത്ത് വീരഭദ്രനും. ചുറ്റമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ നാഗയക്ഷിയും നാഗരാജാവും. ഇതുരണ്ടും ചിത്രകൂടത്തിലാണ് സ്ഥിതിചെയ്യുന്നത്. വിടർത്തി നിൽക്കുന്ന സ്വർണനിറ ഫണത്തിന് കീഴെയാണ് പ്രതിഷ്ഠ. ക്ഷേത്രപ്പറമ്പിന്റെ കിഴക്കേയറ്റത്ത് യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ പ്രതിഷ്ഠ. ഇതാണ് ക്ഷേത്രത്തിന്റെ പെരുമയും മഹിമയും.