അനുജ വി.നായർ

 നാടകത്തിൽനിന്ന്‌ സമ്പാദിച്ചവർ കുറവാണ്. പക്ഷേ, പ്രാരബ്ധങ്ങൾക്കിടയിലും അരങ്ങിനോട് ചേർത്തുനിർത്തിയ ഒരായിരം ഇഴയടുപ്പങ്ങളുടെ കഥ കലാകാരന്മാർക്ക് പറയാനുണ്ടാകും. ബിസിനസ് രംഗത്ത് വിജയിച്ചുനിന്ന വികാസ് എന്ന കടപ്പാക്കട സ്വദേശി വയലാർ നാടകവേദി സ്വന്തമാക്കിയപ്പോൾ നാട്ടുകാർ മൂക്കത്ത് വിരൽവച്ചു. സമ്പത്തിന് മാത്രം പ്രാധാന്യം വന്നുകൊണ്ടിരിക്കുന്ന കാലത്ത് എന്തിന് വികാസിനെപ്പോലെ ഒരു യുവാവ് നാടകത്തിലേക്ക് കടന്നുവരണം?

വികാസിന് വ്യക്തമായ മറുപടിയുണ്ട്. “കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാടക നിർമാതാവാണ് ഞാൻ. പുതിയ ആളുകൾ കടന്നുവരുന്ന ഈ മേഖലയിൽ എനിക്ക് വിജയിച്ചുകാണിക്കാനായാൽ ഇവിടേക്ക് ഇനിയും പുതുതലമുറ കടന്നുവരും.” നിറഞ്ഞ ആത്മവിശ്വാസത്തോടെ വികാസ് നാടകത്തിന്റെ പുനരുജ്ജീവനം സ്വപ്നം കാണുന്നു.

  ഓർമ്മവച്ചനാൾ മുതൽ എവിടെ നാടകമുണ്ടോ അവിടെ വികാസും ഉണ്ടാകും. 680ന് മുകളിൽ നാടകങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞു. എല്ലാ നാടകങ്ങളുടെ പേരും ട്രൂപ്പ് ഉൾപ്പെടെയുള്ള വിവരങ്ങളും നോട്ട് ബുക്കിൽ കുറിച്ചുവച്ചിട്ടുണ്ട്. നാടകത്തോടുള്ള താത്പര്യം എങ്ങനെ വന്നെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. അച്ഛൻ വിശ്വംഭരന്റെയും അമ്മ വിമലയുടെയും പൂർണ പിന്തുണ വികാസിനുണ്ട്. താൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ രാജ്ഞിയായി അഭിനയിച്ച നാടക പാരമ്പര്യമാണ് മകന് കിട്ടിയിരിക്കുന്നതെന്നാണ് അമ്മയുടെ അവകാശവാദം!

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ അഭിനയിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ അണിയറയിൽനിന്നുമാത്രമാണ് വികാസ് പ്രവർത്തിക്കുന്നത്. 2012ലാണ് ഉമ്മൻ കോശിയിൽനിന്ന്‌ ട്രൂപ്പ് സ്വന്തമാക്കുന്നത്. അഞ്ച് കഥകൾ കോർത്തിണക്കിയ ‘പറഞ്ഞുതീരാത്ത വിശേഷങ്ങൾ’ ആയിരുന്നു ആദ്യമായി അരങ്ങിലെത്തിച്ചത്. രണ്ടാമത്തെ നാടകം ‘പത്ത്‌ പൈസ’ ഹിറ്റായി മാറി.

പല മത്സരങ്ങളിലും മികച്ച നാടകമായി ‘പത്ത് പൈസ’ അംഗീകാരം നേടി. ദിവസത്തിന്റെ ഭൂരിഭാഗവും പണം സമ്പാദിക്കാനായി ജോലിചെയ്ത് ജീവിക്കാൻ മറന്നുപോയ മനുഷ്യന്റെ കഥ പറഞ്ഞ ‘ഓഫറുകൾക്കിടയിലെ മലയാളി’യും ശ്രദ്ധേയ നാടകമായി. ‘പുരനിറഞ്ഞ പയ്യൻസ്’ എന്ന നാടകമാണ് ഇപ്പോൾ കളിക്കുന്നത്. വികാസ് നിർമിച്ച നാടകങ്ങളെല്ലാം സംവിധാനം ചെയ്തിരിക്കുന്നത്     കോഴിക്കോട് സ്വദേശി രാജീവൻ മമ്മള്ളിയാണ്.

പുതുമകൾ കടന്നുവരാൻ  മടിക്കുന്ന അരങ്ങ്

  നല്ല നാടകങ്ങൾതേടി പ്രേക്ഷകർ എത്തുന്ന കാലമാണിതെന്ന് വികാസ് പറയുന്നു. പക്ഷേ, പ്രേക്ഷകർക്ക് നൽകാൻ പുതുമകൾ ഇല്ലാതാകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പുതിയ സംവിധായകരോ അഭിനേതാക്കളോ മേഖലയിലേക്ക് കടന്നുവരുന്നില്ല. കൗമാരക്കാരിയുടെ കഥാപാത്രത്തെ വേദിയിൽ അവതരിപ്പിക്കാൻ ഇപ്പോഴും പ്രായമായ അഭിനേതാക്കളാണുള്ളത്. പുതിയ ആശയങ്ങൾക്കും ദാരിദ്ര്യമാണ്. ഈ ജീർണാവസ്ഥയിൽനിന്ന്‌ കരകയറാനായാൽ നാടകത്തെ കാത്തിരിക്കുന്നത് ശോഭനമായ ഭാവിയാണെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വികാസ്.

പക്ഷേ, വലിയ മുതൽമുടക്കിൽ ഇറക്കുന്ന നാടകങ്ങളുടെ വിജയസാധ്യത പലപ്പോഴും ചെറുതാണ്. പണ്ടുകാലത്ത് കലയോടുണ്ടായിരുന്ന  പ്രതിബദ്ധതയും ഇപ്പോൾ കലാകാരന്മാർക്ക് ഇല്ലാതെവരുന്നു. സർക്കാരിൽനിന്ന്‌ അവഗണന മാത്രമാണ് നാടകത്തിന് ലഭിക്കുന്നത്. അവശരായ കലാകാരന്മാർക്ക് പെൻഷനും ലഭിക്കുന്നില്ല.

ഭക്ഷണത്തിന്റെ  കാര്യത്തിൽ നോ കോംപ്രമൈസ്

തന്റെ ട്രൂപ്പ് അംഗങ്ങൾക്ക് നല്ല ഭക്ഷണം ലഭിക്കണമെന്നത് വികാസിന് നിർബന്ധമാണ്. നാടകം അവതരിപ്പിക്കാനായി പോകുമ്പോൾ പല സ്ഥലങ്ങളിലും അശ്രദ്ധമായി വച്ചിട്ടുള്ള ഭക്ഷണമാകും കലാകാരന്മാർക്കായി മാറ്റിവച്ചിരിക്കുന്നത്. പരിപാടിയുടെ സമയമനുസരിച്ച് ചിലപ്പോൾ ചീത്തയായിത്തുടങ്ങിയിട്ടുമുണ്ടാകാം. എന്നാൽ വയലാർ നാടകവേദിയുടെ ഒരു കലാകാരനും അത്തരം ഭക്ഷണം കഴിക്കില്ല. ഭക്ഷണം മോശമാണെന്നറിഞ്ഞാൽ അവർക്ക് ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള പണവും നൽകും. ലാഭം നോക്കിയല്ല വികാസ് നാടകത്തിലേക്കിറങ്ങിയത്. കാറ്ററിങ് ബിസിനസിനൊപ്പം തനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട നാടകകലയിലും സാന്നിദ്ധ്യം വഹിക്കണമെന്ന ആഗ്രഹം മാത്രമാണ് അതിന് പിന്നിൽ.

ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തെ ഒന്നാകെ കരയിപ്പിച്ച മണിലാലിന്റെ ‘ഇവരെന്റെ പൊന്നോമനകൾ’ പോലെ മനസ്സിൽ പതിഞ്ഞുപോയ ഒട്ടനവധി നാടകങ്ങളുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന നാടകങ്ങൾക്ക് പിറവിനൽകാനാണ് വയലാർ നാടകവേദിയിലൂടെ ശ്രമിക്കുന്നത്. പുരുഷാരം നിറയുന്ന, കൈയടികൾ മനംകുളിർപ്പിക്കുന്ന നാടകകലയുടെ പ്രൗഢകാലം വികാസ് സ്വപ്നം കാണുന്നു.
ബാങ്കിലെ ജോലി ഉപേക്ഷിച്ചശേഷമാണ് സ്വന്തമായി ബിസിനസ് ചെയ്യണമെന്ന ആഗ്രഹത്തോടെ വികാസ് കാറ്ററിങ്ങ് സർവീസിലേക്കെത്തുന്നത്. സഹോദരൻ ഗിരീഷ് ബാങ്ക് മാനേജരാണ്. കടപ്പാക്കട നഗർ-95, മുട്ടമ്പലത്ത് ഹൗസിലാണ് താമസം.