കളരിപ്പയറ്റിനെ ആയോധനകലകളുടെ അമ്മയായാണ് കരുതിവരുന്നത്. വടക്കൻ കേരളത്തിലെന്ന പോലെ തെക്കും ഒന്നുപയറ്റാൻ കളരികളുണ്ട്. കൊല്ലത്തിനുമുണ്ട് കേൾവികേട്ട ഒരു കളരി. അയത്തിൽ സബ് സ്റ്റേഷന്‌ സമീപത്താണ് കൊല്ലത്തിന്റെ കളരി-സി.വി.എൻ.കളരി.  21ഉം 42ഉം ചുവടിലുള്ള കോൽക്കളരിയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഒപ്പം ചികിത്സയ്ക്കും പ്രാധാന്യം നൽകുന്നു. 100ൽ അധികം ശിഷ്യരുണ്ട്. (കോൽക്കളരി കൂടാതെ തൊടുകളരി, നെടുകളരി, അങ്കക്കളരി എന്നിങ്ങനെയാണ് കളരികൾ). അറപ്പിൽകൈ സമ്പ്രദായത്തിലാണ് പരിശീലനം. 

അടവിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ശൈലിയാണ്. പല ചുവടുകൾ ചേർന്ന് ഒരു തൊഴിൽ. പല തൊഴിലുകൾ ചേർന്നാൽ ഒരു അറപ്പ്. പല അറപ്പുകൾചേർന്നാൽ ഒരു അടവ്. ഇതാണ് അറപ്പിൽകൈ. ഒരു അറപ്പിൽ ഒന്നിൽ കൂടുതൽ കൈകൾ (പ്രയോഗങ്ങൾ) ഉണ്ടാവും. 'ഒറ്റ'യെന്ന കോൽത്താരിയിലെ ആയുധത്തിനാണ്  അറപ്പിൽകൈ സമ്പ്രദായത്തിൽ പ്രാധാന്യമുള്ളത്. പതിനെട്ട് അടവുകളായി തിരിച്ചുള്ള പരിശീലനമാണ്. എല്ലാ ആയുധത്തിന്റെയും അടിസ്ഥാനവും 'ഒറ്റ' യാണ്. കളരിപ്പയറ്റിൽ 6 വർഷത്തെയെങ്കിലും പരിശീലനത്തിന് ശേഷമാണ് ശിഷ്യരെ കളരിചികിത്സയിലേക്ക് പ്രവേശിപ്പിക്കുന്നത്. 

കളരിചികിത്സ
ചവുട്ടിയുഴിച്ചിലും കൈയുഴിച്ചിലുമാണ് പ്രധാനമായും ചികിത്സയിൽ പഠിക്കുന്നത്. മെയ് അഭ്യാസത്തിലും പ്രത്യേകിച്ച് വടിവുകളിലും ഒതുക്കം വന്നശേഷമേ ശരിയായ രീതിയിൽ വിവിധ വടിവുകൾ അനുഷ്ഠിച്ചുകൊണ്ടുള്ള കൈയുഴിച്ചിലിൽ വൈദഗ്ധ്യം ഉണ്ടാവുകയുള്ളൂ. കൈകൊണ്ടുചെയ്യുന്ന എല്ലാ പ്രയോഗങ്ങളും അതേ  സൂക്ഷ്മതയോടെ കാലുകൊണ്ടും ചെയ്യാനുള്ള വൈദഗ്ധ്യം നേടിയാലേ ചവുട്ടിയുഴിച്ചിൽ പരിശീലിപ്പിച്ചുതുടങ്ങുകയുള്ളൂ. 'ഒറ്റ' പരിശീലനത്തോടൊപ്പമാണ് 64 കുലാഭ്യാസ മർമ്മങ്ങളിലേക്കുള്ള പ്രായോഗിക പരിശീലനവും നേടുന്നത്. ഇതിനുശേമാണ് കൈയുഴിച്ചിലിലെ പരിശീലനവേളകളിൽ പേശികളിൽക്കൂടിയും മർമ്മസ്ഥാനങ്ങളിൽകൂടിയും അസ്ഥി സന്ധികളിൽക്കൂടിയും കണ്ഡരകളിൽക്കൂടിയും ചലിക്കുന്ന കൈകളുടെ വേഗവും സമ്മർദ്ദവും കനവും പ്രായോഗികമായി വേർതിരിച്ച് പഠിപ്പിക്കുന്നത്. അസ്ഥികൾക്ക് ഭ്രംശവും അസ്ഥിഭംഗവും വന്നവരുടെ ബന്ധനക്രിയകൾ, പൂർവസ്ഥാനത്തേക്ക് എത്തിക്കുന്ന രീതികൾ എന്നിവയുടെ പരിശീലനവും ഗുരുമുഖത്തുനിന്നുതന്നെയാണ് അഭ്യസിക്കുന്നത്. രോഗത്തിനനുസരിച്ചുള്ള മർമ്മ കിഴികളും പരിശീലിപ്പിക്കുന്നു. രോഗികളുടെ മർമ്മക്ഷതത്തിന് അനുസരിച്ച് പെട്ടെന്നുണ്ടാകുന്നതും കാലക്രമേണ വരുന്നതുമായ അസുഖങ്ങൾ, അതിന്‌ സേവിക്കേണ്ട മരുന്നുകൾ, വിവിധ തൈലപ്രയോഗങ്ങൾ എന്നിവയെപ്പറ്റിയും പഠിക്കുന്നു. കഠിനമായി അഭ്യസിച്ചാൽ പന്ത്രണ്ടുവർഷംകൊണ്ട് ചികിത്സിച്ച് തുടങ്ങാനാവും. 

കണാരൻ ഗുരുക്കൾ (1850-1935) 
അന്യംനിന്നുപോവുമായിരുന്ന കളരിപ്പയറ്റിന് പുതിയജീവൻ നൽകിയത് കോട്ടയ്ക്കൽ കണാരൻ ഗുരുക്കളാണ്. വലിയ ഭൂവുടമയായിരുന്നു കണാരൻ ഗുരുക്കൾ.  ഛിന്നഭിന്നമായിക്കിടന്ന കളരിസമ്പ്രദായത്തെ മുഴുവൻ ഏകോപിപ്പിക്കാനായി തന്റെ 40-ാമത്തെ വയസ്സിൽ വടിയും ഭാണ്ഡവുമായി യാത്ര തുടങ്ങുകയായിരുന്നു.  ഇതിന്റെ ധനസമാഹരണത്തിനായി തന്റെ 160 ഏക്കർ സ്ഥലമാണ് കണാരൻ ഗുരുക്കൾ വിറ്റത്. വടക്കൻ കേരളത്തിൽ അറപ്പിൽകൈ, ഒടിമുറശ്ശേരി സമ്പ്രദായം, വട്ടയൻതിരുപ്പൻ സമ്പ്രദായം, പിള്ളതാങ്ങി സമ്പ്രദായം എന്നിവയാണ് പ്രധാനമായി നിലനിന്നിരുന്നത്. വിവിധ ഗുരുക്കന്മാർക്ക് ശിഷ്യപ്പെട്ട് ഇതുമുഴുവൻ പഠിച്ചശേഷം തുളുനാട്ടിലെത്തി പയറ്റുമായി ബന്ധപ്പെട്ട നിഗൂഢങ്ങളായ മന്ത്രതന്ത്രവിദ്യകളും ധ്യാന സേവ കാര്യങ്ങളും അഭ്യസിച്ചു. അഭ്യാസമുറകൾ മുഴുവൻ പഠിച്ചശേഷം 65-ാമത്തെ വയസ്സിലാണ് കണാരൻ ഗുരുക്കൾ തലശ്ശേരിയിലെ തിരുവങ്ങാട്ട് എത്തി ആദ്യമായി കളരി സ്ഥാപിക്കുന്നത്. 

സി.വി.എൻ. കളരി
കളരിക്കുള്ളിൽനിന്ന് കളരിപ്പയറ്റ് ജനങ്ങളിലെത്തിക്കുന്നതിന് പിന്നീട് നേതൃത്വം വഹിച്ചത് സി.വി.എൻ. കളരികളായിരുന്നു. സി.വി.എൻ. കളരികളുടെ സ്ഥാപകനായ സി.വി.നാരായണൻ നായർ കോട്ടയ്ക്കൽ കണാരൻ ഗുരുക്കളുടെ പ്രധാന ശിഷ്യനായിരുന്നു.  തച്ചോളി ഒതേനന്റെ കാലഘട്ടത്തിനുശേഷമുള്ള എണ്ണപ്പെട്ട കളരി അഭ്യാസികളായിരുന്നു 40-ാമത്തെ വയസ്സിൽമാത്രം പഠനമാരംഭിച്ച കണാരൻ ഗുരുക്കളും ഗുരുക്കളുടെ പ്രധാന ശിഷ്യനായിരുന്ന നാരായണൻ ഗുരുക്കളും സമകാലീനനായിരുന്ന ചിറയ്ക്കൽ ടി.ശ്രീധരൻ നായരും. തലശ്ശേരിയിലെ അധികാരി കുടുംബമായിരുന്ന ചമ്പാടൻ വീട്ടിലെ അംഗമായിരുന്നു നാരായണൻ നായർ. ചമ്പാടൻ വീട്ടിൽ നാരായണൻ നായരുടെ (സി.വി.എൻ. 1905-1944) സ്ഥാപിച്ച സി.വി.എൻ. കളരികളാണ് ഈ ആയോധനകലയെ പുറംലോകത്ത് എത്തിച്ചതും ജനകീയമാക്കിയതും. വടക്കൻ കേരളത്തിലെ ഏത് കളരിഗുരുക്കളുടെ പരമ്പര പരിശോധിച്ചാലും ഒടുവിൽ ചെന്നെത്തുന്നത് കണാരൻ ഗുരുക്കളിലായിരിക്കും. കണാരൻ ഗുരുക്കൾ 40-ാമത്തെ വയസ്സിൽ തുടങ്ങിയ ഉദ്യമമാണ് കളരിസമ്പ്രദായം ഇന്നും നിലനിൽക്കുന്നതിന് ആധാരമായതെന്ന് കാണാം. സി.വി.എൻ. അദ്ദേഹത്തിന്റെ വത്സലശിഷ്യനായിരുന്നു. കണാരൻ ഗുരുക്കൾ തന്റെ അറിവിന്റെ ഭണ്ഡാരം മുഴുവൻ തുറന്നുനൽകിയത് സി.വി.എന്നിനായിരുന്നു. 

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽനിന്ന് എല്ലാവർഷവും തിയേറ്റർ ഡ്രാമ വിദ്യാർഥികളുടെ സംഘം മെയ്‌പയറ്റും ചുവടുകളും പഠിക്കാനായി കൊല്ലത്തെ സി.വി.എൻ. കളരിയിലെത്തുന്നുണ്ട്. അമേരിക്കയിലെ പ്രശസ്ത എക്സ്‌പ്രഷൻ തിേയറ്ററായ മിത്തുവുമായി (എം.ഐ.ടി.യു.) ചേർന്ന് ശില്പശാലകളും അബുദാബിയിൽ സംഘടിപ്പിക്കാറുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയും മിത്തുവും സി.വി.എൻ. കളരിയും ചേർന്ന് ഷേക്‌സ്പിയറിന്റെ ഹാംലറ്റ് രംഗത്തവതരിപ്പിക്കാനുള്ള പ്രയത്നങ്ങൾ നടത്തിവരുകയാണ്. കഴിഞ്ഞവർഷം ഇതിനായി ഒരുമാസത്തെ പരിശീലനക്കളരി അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി കാമ്പസിൽ നടത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയുടെ അബുദാബി ചാപ്റ്റർ ഡയറക്ടർ റൂബൻ പോളണ്ടോയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.  

തോമസ് ഗുഡ്‌സോവാട്ടി
ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ പോളണ്ട് സ്വദേശി തോമസ് ഗുഡ്‌സോവാട്ടി ഷാവോലിൻ ടെമ്പിളിനെയും കുങ്ഫുവിനെയും ആധാരമാക്കി ആയോധനകലയിൽ ഒരു ചിത്രീകരണമൊരുക്കിയിരുന്നു. ഇതേസമയത്ത് ആയോധനകലകളുടെ ഉദ്ഭവം ഭാരതത്തിലാണെന്നും അത് കളരിപ്പയറ്റാണെന്നും മനസ്സിലാക്കുകയും കളരിപ്പയറ്റിനെപ്പറ്റി ഒരു ചിത്രീകരണമൊരുക്കണമെന്ന് തീരുമാനിക്കുകയുമുണ്ടായി. അദ്ദേഹം 2008ൽ കൊല്ലത്തെത്തി. എട്ടുമാസത്തോളം സി.വി.എൻ. കളരിയിൽ ഫോട്ടോഗ്രാഫിയിൽ ഏർപ്പെട്ടു. ശിവകുമാർ ഗുരുക്കളുടെയും ശിഷ്യരുടെയും അഭ്യാസങ്ങൾ ക്യാമറക്കണ്ണുകളിൽ പകർത്തിയെടുത്ത് അന്താഷ്ട്ര ഫോട്ടോഗ്രാഫി അവാർഡും അമേരിക്കൻ എക്സലൻസി അവാർഡും പോലീസ് ക്രിട്ടിക്സ് അവാർഡും അദ്ദേഹം നേടിയെടുത്തു.

ശിവകുമാർ ഗുരുക്കൾ
സി.വി.നാരായണൻ നായരുടെ അരുമശിഷ്യനായിരുന്നു പത്രിയിൽ ഗോപാലൻ ഗുരുക്കൾ. ഗോപാലൻ ഗുരുക്കളുടെ പ്രധാന ശിഷ്യനായിരുന്ന മലബാർ പി.വാസുദേവൻ ഗുരുക്കളുടെ മകനും ശിഷ്യനുമാണ് പി.വി.ശിവകുമാർ ഗുരുക്കൾ. പന്ത്രണ്ട് വർഷങ്ങൾക്കുമുമ്പാണ് ശിവകുമാർ ഗുരുക്കൾ കൊല്ലത്തെത്തി കളരി സ്ഥാപിക്കുന്നത്.  കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകൾ ശാരദയുടെയും ശിഷ്യയായ സ്വപ്ന ശിവകുമാർ ആണ് ഭാര്യ. മോഹിനിയാട്ടം നർത്തകിയാണ് സ്വപ്ന. കളരിപ്പയറ്റിലും പരിശീലനം നേടിവരുന്നതോടൊപ്പം സ്ത്രീകളെ കളരിപ്പയറ്റ് പരിശീലിപ്പിക്കുന്നുമുണ്ട്. 

കളരിപ്പയറ്റ് ലോകം മുഴുവനെത്തിക്കാൻ

പുത്തൂരം വീടും കളരിപ്പയറ്റും വീണ്ടും അഭ്രപാളികളിലെത്തുകയാണ്. സംവിധായകൻ ജയരാജിന്റെ ‘വീരം’ സിനിമയിലൂടെ. സിനിമയിലെ കളരിപ്പയറ്റ് രംഗങ്ങൾ മുഴുവൻ കൊല്ലം സി.വി.എൻ. കളരിയിലെ ശിവകുമാർ ഗുരുക്കളുടെ നേതൃത്വത്തിലാണ് നടന്നത്. നടന്മാർക്ക് ഒന്നരവർഷം നീണ്ട പരിശീലനമാണ് നല്കിയത്. ആരോമൽ ചേകവരും ചന്തുവും ഉണ്ണിയാർച്ചയുമെല്ലാം വീണ്ടും സിനിമാ തിേയറ്ററുകളിലെത്തുമ്പോൾ ഇത്തവണ മലയാളികൾ മാത്രമല്ല, ലോകം മുഴുവൻ കേരളത്തിന്റെ കളരിപ്പയറ്റ് എന്ന ആയോധനകലയുടെ സൗന്ദര്യം ആസ്വദിക്കും. ഒരേസമയം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സിനിമ തയ്യാറാവുന്നത്. ഇംഗ്ലീഷ് സിനിമയിൽ ‘വീരം’ നടക്കുന്നത് പുത്തൂരം വീട്ടിലല്ല. കഥ ചേകവരുടെയും ചന്തുവിന്റെയുമല്ല. ഇവിടെ കഥ മാക്ബത്തായി പരകായപ്രവേശം നടത്തുന്നു. 

ചിത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റംവരെയും പോകാൻ തയ്യാറാവുന്ന ജയരാജ് എന്ന സംവിധായകന്റെ ക്ഷമയുടെയും ത്യാഗത്തിന്റെയും കൂടി പ്രതിഫലനമാവും ‘വീരം’ സിനിമയെന്ന് ശിവകുമാർ ഗുരുക്കൾ പറയുന്നു. ഹോളിവുഡിലെ സംഘട്ടനവിദഗ്ധൻ അവതാർ ഫെയിം അലൻ പോപുൾടണാണ് വീരത്തിലെ സംഘടനരംഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അലനെ ജയരാജ് കേരളത്തിലെത്തിച്ചു. ജയരാജിന്റെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട നിരന്തര ചർച്ചകളും പരിശീലനങ്ങളും ആവശ്യമായി വന്നു. അമാനുഷികതകളൊന്നും ചിത്രത്തിൽ ആവശ്യമില്ലെന്ന് ജയരാജിന്റെ ശക്തമായ നിർദേശം ഉണ്ടായിരുന്നതായി ശിവകുമാർ ഗുരുക്കൾ പറയുന്നു.  കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തിലെ സി.വി.എൻ. കളരിയിൽ ശിവകുമാർ ഗുരുക്കളുടെ അച്ഛൻ മലബാർ പി.വാസുദേവൻ ഗുരുക്കളുടെ ശിഷ്യനായിരുന്നു സംവിധായകൻ ജയരാജ്. അന്ന് ശിവകുമാർ ഗുരുക്കളും ജയരാജിനൊപ്പം കളരിയിൽ പരിശീലനം നടത്തിയിരുന്നു. 1986ലാണ് കളരിയുടെ പശ്ചാത്തലത്തിലുള്ള സിനിമയെന്ന സ്വപ്നത്തെപ്പറ്റി ജയരാജ്, ശിവകുമാർ ഗുരുക്കളോട് പറയുന്നത്. കാലങ്ങൾ ഏറെ കഴിഞ്ഞു. 2014ൽ ജയരാജ് തന്റെ സിനിമയുമായി എത്തി.