കശുവണ്ടിയുടെ തലസ്ഥാനം

ലോകത്തിന്റെ കശുവണ്ടി തലസ്ഥാനമാണ് കൊല്ലം. 1969ൽ കശുവണ്ടിത്തൊഴിലാളികൾക്ക് പരമാവധി തൊഴിൽദിനവും കൂലിയും ഉറപ്പാക്കാനായി സർക്കാർ കശുവണ്ടി വികസന കോർപ്പറേഷന് രൂപംനൽകി. കൊല്ലത്ത് മുണ്ടയ്ക്കലാണ് ഇതിന്റെ ആസ്ഥാനം. കോർപ്പറേഷന് ജില്ലയിൽ 24 ഫാക്ടറികളാണുള്ളത്. ആലപ്പുഴയിൽ മൂന്നും തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോന്നുവീതവുമുണ്ട്. തോട്ടണ്ടി ലഭിക്കാത്തതിനാൽ കോർപ്പറേഷന്റെ ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്.

  തോട്ടണ്ടിയുടെ ദൗർലഭ്യവും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നികുതിയും വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി എത്തുന്നില്ല. കൊല്ലം ജില്ലയിൽ കശുവണ്ടി എത്തിയിരുന്നത് ഇടുക്കി, കണ്ണൂർ, വയനാട്, കാസർകോട്‌, പാലക്കാട് ജില്ലകളിൽനിന്നും ഗോവയിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമാണ്.
 തമിഴ്‌നാട്ടിലും മംഗലാപുരത്തുമൊക്കെ കശുവണ്ടി ഫാക്ടറികൾ ആരംഭിച്ചതോടെ കേരളത്തിലെ വടക്കൻ ജില്ലകളിൽനിന്നുപോലും തോട്ടണ്ടി കൊല്ലത്തേക്ക് വരാതായി. ഉത്‌പാദനച്ചെലവ് താരതമ്യേന കുറവായതിനാൽ തമിഴ്‌നാട്ടിലും മംഗലാപുരത്തുമൊക്കെ തോട്ടണ്ടിക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതാണ് കാരണം. മൂന്നുവർഷംമുമ്പുവരെ കിലോയ്ക്ക് 50 മുതൽ 60 വരെ വിലയുണ്ടായിരുന്ന തോട്ടണ്ടിക്ക് ഇപ്പോൾ 120 രൂപയാണ്. മംഗലാപുരത്തും തൂത്തുക്കുടിയിലുമുള്ള നൂറുകണക്കിന് ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ഗോഡൗണുകളിൽ തോട്ടണ്ടി പൂഴ്‌ത്തിവച്ച് കുത്തകകൾ വിപണിയിൽ വിലവർധനവുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.

മറ്റ് രാജ്യങ്ങളും മുന്നേറി
ആഫ്രിക്കൻ രാജ്യങ്ങളിലും സംസ്കരണ യൂണിറ്റുകൾ ആരംഭിച്ചതോടെ അവിടെനിന്ന്‌ തോട്ടണ്ടി ഇറക്കുമതി ചെയ്യാനില്ലാതാവുകയാണ്. ഇതര സംസ്ഥാനങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും വ്യവസായത്തിന് ആരംഭംകുറിച്ചതും മലയാളികളാണ്. ബദാം പരിപ്പിന്റെ ഉത്പാദനത്തിൽ കാലിഫോർണിയയാണ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. തങ്ങളുടെ ഉത്‌പന്നം വളരെ വിശിഷ്ടമാണെന്ന് ലോകത്തെ അറിയിക്കാൻ ഇവരുടെ കൂട്ടായ്മ നിരന്തരം ഇടപെടുന്നുണ്ട്.

ലാഭത്തിന്റെ 10 ശതമാനം പ്രചാരണതന്ത്രങ്ങൾക്കായി ഇവർ മാറ്റിവയ്ക്കുന്നു. ബദാം പരിപ്പിനേക്കാളും മറ്റേത് പരിപ്പിനേക്കാളും രുചിയിലും ഗുണത്തിലും വളരെ ഉയരത്തിലാണ് കശുവണ്ടിപ്പരിപ്പിന്റെ സ്ഥാനം. രണ്ടുവർഷംമുമ്പുവരെ കൊല്ലമായിരുന്നു ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം. വ്യവസായികളുടെ കിടമത്സരവും ഇത് നഷ്ടപ്പെടാനുള്ള ഒരുകാരണമാണ്. ചെറുകിട വ്യവസായികളാണ് ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നത്.

   കിഴക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, ബെനിൻ, നൈജീരിയ, ടാൻസാനിയ, മൊസാംബിക് തുടങ്ങിയവ 10 ലക്ഷം ടണ്ണിലധികം തോട്ടണ്ടി ഉത്‌പാദിപ്പിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും കേരളത്തിലേക്കാണ് വന്നുകൊണ്ടിരുന്നത്. വിയറ്റ്‌നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ യന്ത്രവത്കൃത ഉത്‌പാദനം തുടങ്ങിയതോടെയാണ് കേരളത്തിൽ തോട്ടണ്ടിക്ഷാമം ആരംഭിക്കുന്നത്. ഇപ്പോൾ ഏറ്റവുമധികം കശുവണ്ടിപ്പരിപ്പ് ഉത്‌പാദിപ്പിക്കുന്ന രാജ്യമെന്ന സ്ഥാനം നമുക്ക് നഷ്ടമായിരിക്കുന്നു.

 കഴിഞ്ഞ രണ്ടുവർഷമായി വിയറ്റ്‌നാം ഒന്നാം സ്ഥാനത്താണ്. ഐവറി, ടാൻസാനിയ, മൊസാംബിക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും യന്ത്രവത്കൃത യൂണിറ്റുകൾ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ അഞ്ചുലക്ഷം ടണ്ണോളം തോട്ടണ്ടി ആഭ്യന്തര ഉത്‌പാദനത്തിന് ഉപയോഗിക്കുന്നു. അധികമുള്ളത് മാത്രമാണ് കയറ്റി അയയ്ക്കുന്നത്. ഇതിൽ വലിയ പങ്കും വിയറ്റ്‌നാം കൊണ്ടുപോവുകയാണ്. കൂടുതൽ വ്യവസായശാലകൾ ഉത്പാദനം ആരംഭിക്കുന്നതോടെ കേരളത്തിലേക്ക് ആഫ്രിക്കയിൽനിന്നുള്ള തോട്ടണ്ടിവരവ് നിൽക്കും.

യന്ത്രവത്‌കരണത്തിന്റെ വരവ്
പരമ്പരാഗത രീതിയിലെ തൊഴിലാളി അധിഷ്ഠിത വ്യവസായത്തിൽ ഉടമകൾക്ക് 80 കിലോയുടെ ഒരുചാക്ക് സംസ്കരിക്കുന്നതിന് 3000 രൂപ ചെലവാകും. 20 കിലോയോളം പരിപ്പാണ് ഇതിൽനിന്ന് ലഭിക്കുന്നത്. ഇതേസ്ഥാനത്ത് യന്ത്രവത്കൃത സംസ്കരണം നടത്തുമ്പോൾ 1000ൽ താഴെ ചെലവ് മാത്രമേ ആവുന്നുള്ളൂ. അമിതവില നൽകി തോട്ടണ്ടി വാങ്ങിയാലും ഇവർക്ക് നഷ്ടമുണ്ടാവുന്നില്ല. 80 കിലോ തോട്ടണ്ടി സംസ്കരിക്കുമ്പോൾ ഗുണമേന്മയുള്ള 15 കിലോ പരിപ്പ് മാത്രമാണ് ലഭിക്കുന്നത്.
 ഇതിൽ കയറ്റി അയയ്ക്കാൻ ആവശ്യമായ ഗുണമേന്മയുള്ള പരിപ്പ് നാലിലൊന്നോളമേ വരൂ. മൊത്തത്തിൽ 20 കിലോയോളം വരും. ഒരു കിലോ തോട്ടണ്ടിക്ക് 9.36 ശതമാനം തീരുവ ചുമത്തിയപ്പോൾ ഒരു കിലോ പരിപ്പിന് 60 രൂപയിലധികമാണ് വർധനയുണ്ടാവുന്നത്. പരിപ്പ് കയറ്റി അയയ്ക്കുന്ന വ്യവസായികൾക്ക് ഇതിന്റെ 4 ശതമാനം ഇൻസെന്റീവായി തിരികെ ലഭിക്കും. വലിയ വിലയും തീരുവയും നൽകി തോട്ടണ്ടി വാങ്ങി സംസ്കരിക്കുകയും തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്ന ചെറുകിട വ്യവസായികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ചെറുകിട വ്യവസായികൾ പലരും നാട്ടിലെ ഫാക്ടറി അടച്ചിട്ടശേഷം കൂലിയും ആനുകൂല്യങ്ങളും താരതമ്യേന കുറവുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് വ്യവസായത്തെ പറിച്ചുനടുകയാണ്. കേരളത്തിലെ 60ഓളം ചെറുകിട കശുവണ്ടി വ്യവസായികൾ ഇന്ന് ബാങ്ക് ജപ്തിനടപടി ഭീഷണിയിലാണ്. ചുരുക്കത്തിൽ കയറ്റുമതി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ തീരുവ കേരളത്തിൽ കശുവണ്ടി വ്യവസായത്തിന്റെ നട്ടെല്ല്‌ തകർക്കുന്നതായി.

അസംസ്കൃതവസ്തുവില്ലാതെ എന്ത് വ്യവസായം?
തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കുന്നതിന് തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത് അധികനാൾ തുടരാനാവില്ലെന്ന് വ്യാപാരികൾ ഭയക്കുന്നു. ഇപ്പോഴത്തെ തോട്ടണ്ടി ക്ഷാമം ഇതിനുള്ള സൂചനയാണ്. അസംസ്കൃതവസ്തുവായ തോട്ടണ്ടിയുടെ ആഭ്യന്തര ഉത്പാദനം കൂട്ടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

 വിയറ്റ്‌നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ യന്ത്രവത്കൃത വ്യവസായത്തിൽ ഉത്‌പാദനച്ചെലവ് മൂന്നിലൊന്നോളമേ വരുകയുള്ളൂ. കൂടുതൽ രാജ്യങ്ങളും കൂടുതൽ വ്യവസായികളും യന്ത്രവത്കൃത ഉത്‌പാദനരംഗത്തേക്ക് കടന്നുകൂടായ്കയില്ല. റബ്ബറിന്റെ വരവോടെയാണ് കേരളത്തിൽ കശുവണ്ടിക്കൃഷി ശോഷിച്ചുപോയത്.
തോട്ടണ്ടി ഉത്പാദനത്തിൽ ഇന്ന് കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്ക് പിറകിൽ അഞ്ചാം സ്ഥാനത്താണ് കേരളം. കേരളത്തിൽ കശുവണ്ടി ഉത്‌പാദനത്തിന് പരിമിതികളുണ്ട്. കശുവണ്ടിത്തോട്ടങ്ങൾ സംരക്ഷിക്കുന്നത് എളുപ്പമല്ല. തോട്ടങ്ങളിലെ കാടുവെട്ടി സംരക്ഷിക്കുന്നത് ചെലവേറിയ പണിയാണ്. തോട്ടങ്ങളെല്ലാം ഇന്ന് ഉത്പാദനമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തിൽ 3 ലക്ഷത്തോളം കുടുംബങ്ങളുടെ നിലനില്പാണ് കശുവണ്ടി വ്യവസായം തളർന്നാൽ ഇല്ലാതാവുന്നത്.

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കോപ്പറേഷൻ തുറക്കരുതെന്ന് ആഗ്രഹിക്കുന്ന വലിയൊരു സംഘം കൊല്ലത്തുണ്ട്. ഇവർ കാഷ്യൂ കോർപ്പറേഷന് കശുവണ്ടി ലഭിക്കാതിരിക്കുന്നതിന് വലിയ ശ്രമം നടത്തിവരുകയാണ്. സ്വകാര്യ മുതലാളിമാർ ഓണത്തിന് തൊഴിലാളികളെ വഞ്ചിക്കാനുള്ള ശ്രമവുമുണ്ട്. കോർപ്പറേഷനെതിരായി ശക്തമായ നീക്കമാണ് നടത്തുന്നത്. കർട്ടനുപിന്നിൽ നിൽക്കുന്ന ഏതാനും കുത്തകമുതലാളിമാരുടെയും ട്രേഡർമാരുടെയും കുത്തകയായി കശുവണ്ടി വ്യവസായം മാറുകയാണ്. ഇതിന്റെ ദുരന്തമാണ് ഇപ്പോൾ കശുവണ്ടിമേഖലയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

അനിയന്ത്രിതമായ ട്രേഡിങ്‌ സംവിധാനത്തിനെതിരേ സർക്കാരിന്റെ ശക്തമായ ഇടപടലുണ്ടാവും. ഇത് എന്തുവിലകൊടുത്തും ചെറുത്തുതോല്പിക്കും. എന്തു വിട്ടുവീഴ്ച സ്വീകരിച്ചും ഓണത്തിനുമുമ്പ് കോർപ്പറേഷൻ കശുവണ്ടി ഫാക്ടറികൾ തുറക്കും.
ചെറുകിട വ്യവസായികളും വലിയ പ്രതിസന്ധിയിലാണ്. ഓണം കഴിഞ്ഞ് ചെറുകിട വ്യവസായികൾക്ക് ന്യായവിലയിൽ തോട്ടണ്ടിലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കും. സർക്കാർ തോട്ടണ്ടിവിപണിയിൽ ശക്തമായ ഇടപെടൽ നടത്തും.

 റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം ഇതിനായി ഒരു എംപവർ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. ഇതിൽ റിസർവ് ബാങ്കിന്റെയും ബാങ്കുകളുടെയും വ്യവസായികളുടെയും സർക്കാരിന്റെയും പ്രതിനിധികളുണ്ടാവും. ബാങ്കുകളുടെ യോഗം വിളിച്ച് വ്യവസായികളുടെ ബാധ്യതകളിൽ എങ്ങനെ ഇടപെടാനാവുമെന്ന് പരിശോധിക്കും. നയപരമായ കാര്യങ്ങളിലും കമ്മിറ്റി ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

  മൂന്നുലക്ഷത്തോളംപേർക്ക് ജോലിനൽകുന്ന വ്യവസായമാണ് കശുവണ്ടി. ജില്ലയിലെ 10 ശതമാനത്തോളം ജനങ്ങളാണ് കശുവണ്ടി ഫാക്ടറികളിൽ പണിയെടുക്കുന്നത്. ഇതിൽ 95 ശതമാനവും സ്ത്രീകളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ.
കിടപ്പിലായ ഭർത്താക്കന്മാരുള്ള കുടുംബങ്ങൾ, ഗൃഹനാഥന്മാർ മദ്യപാനികളായ കുടുംബങ്ങൾ, ഗൃഹനാഥൻ ഉപേക്ഷിച്ചുപോയ കുടുംബങ്ങൾ... ബഹുഭൂരിപക്ഷം കുടുംബങ്ങളിലെയും കുഞ്ഞുങ്ങൾ ഒരുനേരത്തെ ഭക്ഷണം കഴിക്കുന്നെങ്കിൽ അത് അമ്മമാർ കശുവണ്ടി ഫാക്ടറിയിൽ പണിയെടുത്ത് എത്തിക്കുന്ന പണംകൊണ്ട്. ഇന്ന് കശുവണ്ടിവ്യവസായം പ്രതിസന്ധിയെ നേരിടുകയാണ്. ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. ചെറിയ കൂലിക്കുപോലും പണിയെടുക്കാൻ വനിതാ തൊഴിലാളികൾ തയ്യാറാവുകയാണ്.

തൊഴിലാളികളുടെ അവസ്ഥ

പത്തുകോടിയോളം രൂപയാണ് ഓരോമാസവും തൊഴിലാളികൾക്ക് കൂലിയായി ലഭിക്കുന്നത്. ഇത് ഇല്ലാതാവുമ്പോൾ പ്രതിസന്ധിയിലാവുന്നത് തൊഴിലാളികളുടെ കുടുംബങ്ങളോടൊപ്പം അവരെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ചെറിയ വ്യാപാരികളുടെയും ജീവിതമാണ്. മൂവായിരത്തോളം കോടി രൂപയുടെ വിദേശനാണ്യവും നഷ്ടമാവും. ജില്ലയുടെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ വലിയ പ്രതിസന്ധിയാവും ഇതുമൂലമുണ്ടാവുക.

മറ്റ് പരമ്പരാഗത വ്യവസായങ്ങൾക്ക് സംഭവിച്ച ദുരന്തം കശുവണ്ടിമേഖലയെയും ഉറ്റുനോക്കുകയാണ്. ഭാവനാപൂർണമായ പ്രവർത്തനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുഭാവത്തോടെയുള്ള സമീപനവും ഉണ്ടായില്ലെങ്കിൽ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഭാവിയാവും ഇരുളടയുന്നത്. കശുവണ്ടി ഫാക്ടറിയിലെ തൊഴിലിലാണ് കുടുംബത്തിന്റെ നിലനില്പെന്ന് കശുവണ്ടിത്തൊഴിലാളിയായ വത്സല പറയുന്നു.

കൂലിവേലക്കാരായ ഭർത്താവും മകനും കശുവണ്ടിത്തൊഴിലാളിയായ മകളുമടങ്ങുന്ന കുടുംബമാണ്. കാലാവസ്ഥ പ്രതികൂലമായാൽ ഭർത്താവിനും മകനും തൊഴിലില്ല. മരുന്നിനും ചികിത്സയ്ക്കുമായി കുടുംബം അനുഭവിക്കുന്ന ഇ.എസ്.ഐ. ആനുകൂല്യങ്ങളും കശുവണ്ടി ഫാക്ടറിയിലെ തൊഴിലിനെ ആശ്രയിച്ചിരിക്കുന്നു.

പെൻഷനാവുമ്പോൾ ലഭിക്കേണ്ട പി.എഫ്. ആനുകൂല്യങ്ങളും നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്. ഫാക്ടറിയിൽ കൂലി കുറച്ചുമതിയെന്ന വ്യവസ്ഥയിലാണ് ഇപ്പോൾ തൊഴിൽ നടക്കുന്നത്. ഇത് യൂണിയൻ ഭാരവാഹികൾ അംഗീകരിച്ചിട്ടില്ല. സി.ഐ.ടി.യു. യൂണിയൻ കൺവീനറാണ് വത്സല. കുറഞ്ഞ കൂലിയെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ലെന്നും മൂന്നാഴ്ചയായി കൂലി വാങ്ങിയിട്ടില്ലെന്നും വത്സല പറയുന്നു.

വലിയ പ്രതീക്ഷകളാണ് കുണ്ടറയുടെ എം.എൽ.എ.യും ഫിഷറീസ്, കാഷ്യൂ മന്ത്രിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ നൽകുന്നതെന്ന് വത്സല പറയുന്നു. എല്ലാ പ്രതിസന്ധികളിലും ഓടിയെത്തുന്ന, തൊഴിലാളികളോടൊപ്പം കഷ്ടപ്പെടുന്ന സഖാവാണ്. ഓണം കഴിഞ്ഞ് തുടർച്ചയായി തൊഴിൽ ലഭ്യമാക്കുമെന്ന വാഗ്‌ദാനമുണ്ടെന്നും പുതിയ സർക്കാർ കശുവണ്ടിമേഖലയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും വത്സല പറയുന്നു.