ശനിയാഴ്ച രാവിലെ ഒൻപതുമുതൽ നാടുണർത്തി ചെറുപൂരങ്ങളുടെ വരവായി. കോയിക്കൽ ശ്രീകണ്ഠൻശാസ്താവും ഉളിയക്കോവിൽ ദുർഗാദേവിയും ഉളിയക്കോവിൽ കണ്ണമത്ത് ശ്രീഭദ്രാദേവിയും ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമിയും കടപ്പാക്കട ധർമശാസ്താവും മുനീശ്വരസ്വാമിയും തുമ്പറ ദേവിയും ഇരട്ടക്കുളങ്ങര മഹാവിഷ്ണുവും ശ്രീശങ്കരകുമാരപുരം സുബ്രഹ്മണ്യസ്വാമിയും ആശ്രാമം മാരിയമ്മനും പടിഞ്ഞാറേ പുതുപ്പള്ളി മാടസ്വാമിയും ആശ്രാമം കേളേത്തുകാവ് നാഗരാജാവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിവരും. ചെറുപൂരങ്ങൾ ആഘോഷപൂർവം ആശ്രാമം ക്ഷേത്രാങ്കണത്തിലെത്തി ദേവസംഗമത്തോടെ പൂരത്തിന് തുടക്കംകുറിക്കും. 11 മണിയോടെ ഗജവീരന്മാരുടെ നീരാട്ടും ആനയൂട്ടുമാണ്. ഇത് കാണാൻ വൻജനാവലി വന്നുനിറയും.
   തൃശ്ശൂർ പൂരത്തിലെ പാറമേക്കാവിനെയും തിരുവമ്പാടിയെയുംപോലെ ഇവിടെ മുഖാമുഖം നിൽക്കുന്നത് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയുമാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരുക്ഷേത്രങ്ങളിൽനിന്നും പൂരം എഴുന്നള്ളത്ത് പുറപ്പെടും.
   മൂന്നുമണിമുതൽ തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുന്ന തിരുമുമ്പിൽമേളം. വാദ്യവിശാരദന്മാരായ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും ഗുരുവായൂർ മോഹനവാര്യരും നയിക്കുന്ന സംഘങ്ങൾ മേളത്തിൽ മാറ്റുരയ്ക്കും. താളഗോപുരങ്ങൾ തീർത്ത്് മേളം ഉച്ചസ്ഥായിയിലെത്തുമ്പോൾ മേളക്കമ്പക്കാർ പൂരലഹരിയിൽ മുഴുകും. നാലുമണി കഴിയുമ്പോൾ ക്ഷേത്രത്തിൽ കൊടിയിറങ്ങി ദേവൻ ആറാട്ടിനിറങ്ങും. ഭഗവാന് കൺകുളിർക്കാൻ കെട്ടുകാഴ്ചകൾ നിരക്കും. അപ്പോഴേക്കും താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എഴുന്നള്ളിയെത്തുന്നതോടെ തിരുമുമ്പിൽ കുടമാറ്റം ആരംഭിക്കും. ഇവിടെ ഭക്തിയുടെയും ആഘോഷത്തിന്റെയും പാരമ്യം. ദേവസംഗമം കഴിഞ്ഞ് ആറാട്ടിനായി ദേവൻ പുറപ്പെടും. ആറാട്ടുകുളത്തിനപ്പുറത്തേക്ക് ദേവൻ പോവുകയില്ലെന്ന് ആചാരം. 
   തുടർന്ന് മഹാഗണപതിയും ഭഗവതിയും ആശ്രാമം മൈതാനിയിലേക്ക് എഴുന്നള്ളും. മൈതാനിയിൽ ദേവീദേവന്മാർ മുഖാമുഖം അണിനിരക്കും. ഇരുഭാഗത്തും പതിനഞ്ചുവീതം ഗജവീരന്മാരാണ് അണിനിരക്കുക. അതോടെ  ജനലക്ഷങ്ങളുടെ മനംനിറയ്ക്കുന്ന കുടമാറ്റത്തിന് തുടക്കമാവും. ഓരോഭാഗവും ഉയർത്തുന്ന കുടകളെ വെല്ലുന്ന വർണക്കുടകൾ ഉയർത്തി മറുഭാഗം മറുപടി നൽകും. പൂരക്കുടയുടെ അലങ്കാരങ്ങളിൽ ഓരോവർഷവും പുതുമകൾ ആവിഷ്കരിക്കാറുണ്ട്. കുടമാറ്റത്തിനുശേഷം ദേവീദേവന്മാർ വരുംവർഷം കാണാമെന്ന്് ഉപചാരംചൊല്ലി പിരിയുന്നു. മുൻവർഷങ്ങളിൽ പതിവായിരുന്ന പ്രസിദ്ധമായ വെടിക്കെട്ട് ഇത്തവണയില്ല. 

ഐശ്വര്യദായകനായ 
നവനീതകൃഷ്ണൻ

ഉണ്ണിക്കൈകളിൽ വെണ്ണയേന്തി നിൽക്കുന്ന നവനീതകൃഷ്ണൻ നാടിന് ഐശ്വര്യം പകരുന്ന ദേവസങ്കൽപ്പമാണ്. ഉണ്ണുനീലിസന്ദേശത്തിലും മയൂരസന്ദേശത്തിലും താളിയോലഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുള്ള ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് അനുമാനം. തുറമുഖനഗരമായ ദേശിങ്ങനാടിന്റെ ചരിത്രവും ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ ചരിത്രവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വില്വമംഗലം സ്വാമികൾ പ്രതിഷ്ഠ നടത്തിയതാണെന്നും സന്താനഭാഗ്യം ലഭിക്കാതിരുന്ന വിഷ്ണുഭക്തയ്ക്ക് ശിലാരൂപത്തിൽ ഭൂജാതനായതാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമിയെന്നും ഏറെ പ്രചാരമുള്ള ഐതിഹ്യം. മണൽകൊണ്ട് നിർമിച്ച കുന്നിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിനായി മണൽ നീക്കിയ സ്ഥലം പിന്നീട് ക്ഷേത്രക്കുളമായി മാറി. ശ്രീകൃഷ്ണക്ഷേത്രത്തോടുചേർന്ന് പിന്നീട് അയ്യപ്പക്ഷേത്രം നിർമിക്കപ്പെട്ടു. ആനപ്പുറത്തേറിയ അയ്യപ്പന്റെ അപൂർവ വിഗ്രഹമാണിവിടെ.
 ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആഘോഷങ്ങളിലൊന്ന് 1964 മുതൽ നടത്തിവരുന്ന തിരുവാഭരണ ഘോഷയാത്രയാണ്. ശബരിമല ക്ഷേത്രത്തിൽമാത്രം നടന്നുവന്നിരുന്ന തിരുവാഭരണ ഘോഷയാത്രയ്ക്കുപുറേമേ രണ്ടാമതായി ആശ്രാമം ക്ഷേത്രത്തിലാണ് ആരംഭിച്ചത്. വിഷുത്തലേന്ന് തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച് ഭക്തജനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. 1976ൽ ക്ഷേത്രത്തിൽ 41 ദിനങ്ങൾ നീണ്ടുനിന്ന കോടിയർച്ചന നടത്തിയിരുന്നു. അതിന്റെ വാർഷികമായി എല്ലാവർഷവും ദശലക്ഷാർച്ചന നടത്തിവരുന്നു. ദശലക്ഷാർച്ചനയുടെ അവസാനദിവസം ലക്ഷദീപവുമുണ്ട്. കൂടാതെ സന്താനസൗഭാഗ്യത്തിനായി എല്ലാമാസവും രോഹിണിനാളിൽ 'സന്താനഗോപാലം' കഥകളി വഴിപാടായി നടക്കുന്നു. 

 പൂരത്തിന് രജതജൂബിലി
1992ൽ ആരംഭിച്ച കൊല്ലം പൂരത്തിന് ഇത് രജതജൂബിലി വർഷം. വടക്കൻ ജില്ലകളിൽ തൃശ്ശൂരടക്കമുള്ള സ്ഥലങ്ങളിൽ മാത്രമാണ് മുമ്പ് പൂരമുണ്ടായിരുന്നത്. തെക്കൻ ജില്ലക്കാർക്കുകൂടി പൂരത്തിന്റെ അനുഭവം പകരാനാണ് കൊല്ലം പൂരം ആരംഭിച്ചതെന്ന് ജനറൽ കൺവീനർ ജി.രാജേന്ദ്രൻ പറയുന്നു. രവീന്ദ്രൻ നായർ പ്രസിഡന്റും എസ്.കെ.ബോസ് സെക്രട്ടറിയുമായ ഭരണസമിതിയാണ് 25 വർഷംമുമ്പ് പൂരത്തിന് തുടക്കംകുറിച്ചത്. ഇപ്പോൾ സമീപ ജില്ലകളിൽനിന്നെല്ലാം പൂരം കാണാൻ ആളുകൾ എത്തുന്നുണ്ട്. കുടകളും ചമയങ്ങളും തൃശ്ശൂരിൽനിന്നാണ് കൊണ്ടുവരുന്നത്. ക്ഷേത്രത്തിലും ചമയത്തിന്റെ ശേഖരമുണ്ട്. ക്ഷേത്രസമിതിയുടെ നിർദ്ദേശമനുസരിച്ച് പുതുമയുള്ള ഡിസൈനുകളിൽ കുടകൾ തയ്യാറാക്കി നൽകുന്നു. ഇവിടത്തെ കുടകളുടെ വൈവിധ്യം കണ്ടാണ് മറ്റ്‌ പല ക്ഷേത്രങ്ങളും അനുകരിച്ചത്. ആനപ്പുറത്ത് കയറാനുള്ള പരിചയസമ്പന്നരായ ആളുകളടക്കം ഇരുനൂറോളംപേർ തൃശ്ശൂരിൽനിന്ന് എത്തും.
 പൂരത്തിന്റെ രജതജൂബിലി സമ്മേളനം ശനിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ദീപം തെളിക്കും. നടൻ സുരേഷ്‌ഗോപി എം.പി. രജതജൂബിലി ലോഗോ പ്രകാശനം നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. പൂരം ചെയർമാൻ പി.സുന്ദരൻ അധ്യക്ഷനായിരിക്കും. പൂരത്തിന്റെ ആദ്യകാല സംഘാടകരെ നടൻ ജി.കെ.പിള്ള ആദരിക്കും.

ക്ഷേത്രം സുവർണ
ശോഭയിൽ

വിളക്കുമാടവും കവാടങ്ങളും പിത്തള പൊതിഞ്ഞതോടെ ആശ്രാമം ക്ഷേത്രത്തിന് സുവർണശോഭ. ക്ഷേത്രോപദേശകസമിതി 40 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പിത്തള പൊതിയൽ പൂർത്തിയാക്കിയത്. ക്ഷേത്രത്തിന്റെ പ്രധാനകവാടം, മുഖപ്പുകൾ, ശ്രീകോവിൽ, ഉപദേവക്ഷേത്രം, ചുറ്റുവിളക്കിന്റെ വിളക്കുമാടം എന്നിവയെല്ലാം കമനീയമായി പിത്തള പൊതിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഏപ്രിൽ രണ്ടിന് പിത്തള വിളക്കുമാടത്തോടുകൂടിയ ചുറ്റുവിളക്കിന്റെ സമർപ്പണം നിർവഹിച്ചത്.

ക്ഷേത്രോപദേശക സമിതി
പ്രസിഡന്റ്: പ്രൊഫ. മോഹനൻ കെ.ജി., സെക്രട്ടറി ജി.കൃഷ്ണദാസ്, വൈസ് പ്രസിഡന്റ്: ആർ.സുരേഷ്‌കുമാർ. കമ്മിറ്റി അംഗങ്ങൾ: ജി.സത്യരാജ്, സി.സുകുമാരൻ നായർ, എൻ.ശശിധരൻ (ട്രഷറർ), കെ.ആർ.രാമകൃഷ്ണപിള്ള, ജെ.ബേബി, കെ.എസ്.ദിലീപ്, അനിൽനന്ദ്, ടി.ആർ.അഭിഷേക്, ജി.ശിവപ്രസാദ്, വൈശാഖ് വിജയൻ. ദേവസ്വം അസി. കമ്മിഷണർ: എസ്.ആർ.സജിൻ. സബ് ഗ്രൂപ്പ് ഓഫീസർ: ബി.സുനിൽകുമാർ. 

ഉത്സവകമ്മിറ്റി /പൂരം കമ്മിറ്റി-2017
പ്രസിഡന്റ്: പ്രൊഫ. കെ.ജി.മോഹനൻ. സെക്രട്ടറി: ജി.കൃഷ്ണദാസ്, വൈസ് പ്രസിഡന്റ്: ആർ.സുരേഷ്‌കുമാർ, സി.സുകുമാരൻ നായർ. ജോയിന്റ് സെക്രട്ടറി: ടി.ആർ.അഭിഷേക്. ട്രഷറർ: എൻ.ശശിധരൻ, പൂരം ചെയർമാൻ: പി.സുന്ദരേശൻ, പൂരം ജനറൽ കൺവീനേഴ്‌സ്‌: ജി.രാജേന്ദ്രൻ, എസ്‌.സി.എസ്‌.നായർ, വൈസ് ചെയർമാൻമാർ: ആർ.പ്രകാശൻപിള്ള, ബി.ഉണ്ണിക്കണ്ണൻ, എസ്.പ്രേംലാൽ, സി.ഗോപകുമാർ, ഫൈനാൻസ് ചെയർമാൻ: ടി.എസ്.ദേവദത്ത്, ഫൈനാൻസ് വൈസ് ചെയർമാൻ: വിമൽറോയ് വി.പി.