ശാസ്താംകോട്ട : ജന്മനാ കിടപ്പിലായ ബാലന് ആശ്വാസവുമായി പീഡിയാട്രിക് കിടക്കയെത്തി. ശൂരനാട് തെക്ക് ഉദയംമുകള്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന മുതുപിലാക്കാട് സ്വദേശി ബിനുവിന്റെ മകന്‍ കാശീനാഥനാണ് എല്ലാ സൗകര്യങ്ങളുമുള്ള കിടക്ക ലഭിച്ചത്.

ഈ നിര്‍ധനകുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. ശാസ്താംകോട്ട ബി.ആര്‍.സി.യുടെ പരിശ്രമത്തെ തുടര്‍ന്ന് ശാസ്താംകോട്ട പദ്മാവതി ആശുപത്രി അധികൃതരാണ് സൗജന്യമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നല്‍കിയത്. സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച കാശീനാഥന്‍ ഒരേകിടപ്പിലാണ്. കുട്ടിക്ക് സൗകര്യപ്രദമായ കിടക്ക വാങ്ങിനല്‍കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. സ്‌കൂളില്‍ പോകാന്‍കഴിയാത്ത കുട്ടിക്ക് ബി.ആര്‍.സി. റിസോഴ്‌സ് പേഴ്‌സണ്‍ വിജയശ്രീ വീട്ടിലെത്തിയാണ് പഠിപ്പിക്കുന്നത്.

അധ്യാപികവഴി വിവരം അറിഞ്ഞ ബി.ആര്‍.സി. അധികൃതര്‍ ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. വാടക വീട്ടിലെത്തിയാണ് കിടക്ക കൈമാറിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ശങ്കരപ്പിള്ള, പദ്മാവതി എം.ഡി. ഡോ. സ്മിത സുമിത്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇവ കൈമാറി. ജി.ബാലചന്ദ്രന്‍, വിജയശ്രീ, മേഴ്‌സി ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.