ശാസ്താംകോട്ട: ചക്കുവള്ളി ദേവസ്വം ഭൂമി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഭക്തര്‍ ഒഴിപ്പിക്കലുമായി നീങ്ങുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ചക്കുവള്ളിയിലെ ദേവസ്വം ഭൂമി ഒഴിപ്പിക്കല്‍ അട്ടിമറിച്ചതിനെതിരേ പരബ്രഹ്മക്ഷേത്രഭൂമി വിമോചനസമിതിയും ഭക്തരും നടത്തിയ ശാസ്താംകോട്ട താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാതെ സി.പി.എം. നിയന്ത്രണത്തിലാക്കി. മന്ത്രിമാരുടെയും നേതാക്കളുടെയും ആജ്ഞയ്ക്കനുസരിച്ച് പാര്‍ട്ടിയുടെ അരിവാള്‍ചിഹ്നംപോലെ വളഞ്ഞുനില്‍ക്കുന്ന പോലീസാണ് ഇന്ന് കേരളത്തിലുള്ളത്.
 
ഇതാണ് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഉത്തരവുണ്ടായിട്ടും ചക്കുവള്ളി ക്ഷേത്രഭൂമി ഒഴിപ്പിക്കാതെ രാജ്യസഭാംഗമായ സി.പി.എം. നേതാവിന്റെ ഭീഷണിക്ക് മുന്നില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി.ക്ക് മുട്ടുവിറച്ചത്. കൃത്യനിര്‍വഹണത്തിന് വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കോടതി കയറേണ്ടിവരുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, തെക്കടം സുദര്‍ശനന്‍, തഴവ സഹദേവന്‍, ബാബുകുട്ടന്‍, പുത്തൂര്‍ തുളസി, ആര്‍.വാസുദേവന്‍ നായര്‍, അയ്യപ്പന്‍ പിള്ള, സുജിത് തുടങ്ങിയവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കോളേജ് റോഡിന്റെ തുടക്കത്തില്‍ പോലീസ് തടഞ്ഞു.