ശാസ്താംകോട്ട: കുടുംബം പോറ്റാനുള്ള ഓട്ടത്തിനിടയിലും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ വേറിട്ട് സഞ്ചരിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. ശാസ്താംകോട്ട പുന്നമൂട്ടിലെ ഓട്ടോ തൊഴിലാളികളാണ് സ്‌നേഹക്കൂട്ടം എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി ജീവിതത്തിന്റെ നാനാമേഖലകളിലും കാരുണ്യത്തിന്റെ കരസ്​പര്‍ശവുമാകുന്നത്.

കുടുംബനാഥന്‍ കിടപ്പിലായതോടെ ജീവിതം വഴിമുട്ടിയ പടിഞ്ഞാറേ കല്ലട വലിയപാടം സ്വാതിഭവനത്തില്‍ രാധാകൃഷ്ണന്റെ കുടുംബത്തെ ഏറ്റെടുത്തും അടുത്തിടെ ചികിത്സാ, വിദ്യാഭ്യാസ സഹായമുള്‍പ്പെടെ അഞ്ചുലക്ഷത്തോളം രൂപ വിതരണം ചെയ്തും ഇരുപതംഗ ഡ്രൈവര്‍ കൂട്ടായ്മ നാടിന്റെ ആദരം നേടിയിരുന്നു. അപകടത്തില്‍പ്പെടുന്നവരെയും രോഗാതുരരായി കഴിയുന്നവരെയും ആശുപത്രിയിലെത്താന്‍ വാഹനം പിടിക്കാന്‍ നിവൃത്തിയില്ലാത്തവരെയും തുടങ്ങി യാതന അനുഭവിക്കുന്നവരുടെകൂടെ എപ്പോഴും പുന്നമൂട്ടിലെ ഓട്ടോക്കാരുണ്ടായിരിക്കും. പിന്നാലെയാണ് കഴിഞ്ഞദിവസം വലിയ പങ്കാളിത്തത്തോടെ ഹൃദയപരിശോധന ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളില്‍ വൈദ്യപരിശോധനാ ക്യാമ്പും ചികിത്സാസഹായവിതരണവും സംഘടിപ്പിച്ചത്.
 
നിരവധി രോഗികള്‍ക്ക് ചികിത്സാസഹായം വിതരണം ചെയ്തു. പരിശോധനയും മരുന്നും സൗജന്യമായിരുന്നു. ശാസ്താംകോട്ട പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. ജി.സുമിത്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുന്നത്തൂര്‍ ജോയിന്റ് ആര്‍.ടി.ഒ. എച്ച്.അന്‍സാരി ചികിത്സാധനസഹായം വിതരണം ചെയ്തു. വാര്‍ഡ് അംഗം എച്ച്.അനിയന്‍, ഫാ. കെ.ടി.വര്‍ഗീസ്, കുന്നത്തൂര്‍ എ.എം.വി.ഐ. രാംജി കെ.കരണ്‍, ജെ.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബക്കറ്റ് പിരിവിലൂടെയും ഓട്ടോറിക്ഷ ഓടിക്കിട്ടുന്ന വരുമാനത്തില്‍ ഒരംശം മാറ്റിവെച്ചുമാണ് ഇവര്‍ സേവനപ്രവര്‍ത്തനം നടത്തുന്നത്. കൂട്ടായ്മയുടെ സാരഥികള്‍ കെ.എസ്.സോമന്‍, ടി.സുനില്‍, ആര്‍.രാജേഷ്, എ.ശ്രീകുമാര്‍, സി.കുട്ടപ്പന്‍ എന്നിവരാണ്. ഡ്രൈവര്‍മാരുടെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയായി കുന്നത്തൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജി.മനോജുമുണ്ട്.