ശാസ്താംകോട്ട: എവിടെ വെടിക്കെട്ട് അപകടമുണ്ടായാലും പോരുവഴിക്കാരുടെ സ്മരണയില്‍ ഓടിയെത്തുക മലനട വെടിക്കെട്ട് ദുരന്തത്തിന്റെ നേര്‍ച്ചിത്രങ്ങളായിരിക്കും. വെടിക്കെട്ടപകടം ഉണ്ടായി പതിനാറുവര്‍ഷം കഴിഞ്ഞിട്ടും ആ മഹാദുരന്തം മറക്കാന്‍ നാട്ടുകാര്‍ക്ക് കഴിയാറില്ല. അത്ര തീവ്രമായിരുന്നു മലനട വെടിക്കെട്ട് ദുരന്തത്തിന്റെ ആഴം.
പോരുവഴിക്കാര്‍ക്ക് മലക്കുട ഉത്സവം എന്നുപറയുന്നത് പുലര്‍ച്ചേ നടക്കുന്ന മത്സരക്കമ്പങ്ങളായിരുന്നു. വീറും വാശിയും ചാലിച്ച മത്സരക്കമ്പങ്ങള്‍ വലിയ ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായ വെടിക്കെട്ട് ദുരന്തം മലനടയെ ദുരന്തഭൂമിയാക്കിയത്. 1990 മാര്‍ച്ച് 23ന് മലക്കുട ഉത്സവരാത്രിയിലാണ് കേരളത്തെ നടുക്കിയ വെടിക്കെട്ടപകടം ഉണ്ടായത്. 33 പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍ ഇതിലും കൂടുതല്‍ പേരുണ്ടാകാമെന്ന കണക്കുകൂട്ടലുകള്‍ക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. കമ്പം തുടങ്ങുന്നതിന് മുമ്പ് എല്ലാം കത്തിയമര്‍ന്ന് ഉരുകിത്തീരുകയായിരുന്നു.
കമ്പക്കാരായ വൈക്കം മണിയും കോട്ടയ്ക്കല്‍ ദേവദാസുമാണ് മത്സരത്തില്‍ അണിനിരന്നത്. ആര് ആദ്യം കമ്പം കത്തിക്കണമെന്ന നറുക്കെടുപ്പ് സ്റ്റേജില്‍ നടന്നു. വൈക്കം മണിക്ക് ആദ്യ ഊഴത്തിന് നറുക്ക് വീണു. ആവേശഭരിതനായി കമ്പപ്പുരയിലെത്തിയ മണി ഉള്ളിലുണ്ടായിരുന്ന വലിയ രണ്ട് വൈദ്യുത ബള്‍ബുകളില്‍ ഒരെണ്ണം ഊരിമാറ്റി. തുടര്‍ന്ന് ചുവരില്‍ ചാരിവച്ചിരുന്ന ബോര്‍ഡ് പൊക്കിമാറ്റുമ്പോള്‍ ബള്‍ബിന്റെ ഹോള്‍ഡറില്‍ തട്ടി വൈദ്യുതി പ്രവഹിച്ച് കമ്പപ്പുര അഗ്നിക്കിരയാകുകയായിരുന്നു.
നാടിനെ നടുക്കിയ ശബ്ദത്തോടെ വെടിമരുന്ന് ശേഖരം പൊട്ടിയതോടെ സമീപത്തുണ്ടായിരുന്നവരില്‍ അധികവും തീഗോളത്തില്‍ ഉരുകിത്തീരുകയായിരുന്നു. ശരീരാവശിഷ്ടങ്ങള്‍ പ്രദേശമാകെ ചിന്നിച്ചിതറി. വയലുകളിലെ തെങ്ങിന്‍തലപ്പുകളില്‍ കൈകാലുകള്‍ തൂങ്ങിക്കിടന്ന കാഴ്ചയും ഏവരുടെയും കരളലിയിച്ചു. പിന്നീട് മണിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തൊഴിലാളികളാണ് ഏറെയും മരിച്ചത്. ഇതോടെ മലനടയിലെ മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍ ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ഹെക്ടറുകള്‍ വിസ്തൃതിയില്‍ കിടക്കുന്ന വയലുകളും കാഴ്ചക്കാരെ അപകടത്തില്‍നിന്ന് രക്ഷിക്കുന്നതിന് സാഹായകമായിരുന്നു. ഓരോ മലക്കുട ഉത്സവം കടന്നുപോകുമ്പോഴും പോരുവഴിക്കാര്‍ ദുരന്തസ്മരണ പുതുക്കുകയാണ്.