ശാസ്താംകോട്ട: ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പടിഞ്ഞാറേ കല്ലട വിളന്തറ മഹാദേവര്‍ക്ഷേത്ര നാലമ്പലസമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ മുന്നോടിയായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകള്‍ കഴിഞ്ഞു. അവരുടെ പങ്കാളിത്തം നേടുന്നതിനാണ് അടുത്തമാസം പമ്പാസംഗമം സംഘടിപ്പിക്കുന്നത്. കേന്ദ്ര സമ്മര്‍ദ്ദമുണ്ടായാല്‍മാത്രമേ ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന ആവശ്യം യാഥാര്‍ഥ്യമാകു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച മുന്‍ നിലപാടില്‍ ബോര്‍ഡ് ഉറച്ചുനില്‍ക്കുകയാണ്.ഇത്തവണ ശബരിമലയില്‍ 16 കോടിയുടെ അധികവരുമാനം ലഭിച്ചു.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിനെ ഡീംഡ് യൂണിവേഴ്‌സിറ്റി ആക്കാനും ബോര്‍ഡിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുനുമുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും പ്രയാര്‍ പറഞ്ഞു. വിളന്തറ ക്ഷേത്രത്തിലെ ശ്രീകോവില്‍ നിര്‍മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍മാരായ ജി.മുരളികൃഷ്ണന്‍ സപ്താഹപ്പന്തല്‍ ശിലാസ്ഥാപനവും വി.ശങ്കരന്‍ പോറ്റി ഗീതാപഠനക്ലാസ് ഉദ്ഘാടനവും നിര്‍വഹിച്ചു. എസ്.മോഹനന്‍ അധ്യക്ഷത വഹിച്ചു. വഴുതാനത്ത് ബാലചന്ദ്രന്‍, എസ്.സജീവ്, ടി.രാധാകൃഷ്ണപിള്ള, കെ.ശിവദാസന്‍ നായര്‍, പി.രാജശേഖരന്‍ പിള്ള, കെ.വിജയന്‍ പിള്ള, ജി.ജയകുമാര്‍, കെ.പി.വിജയന്‍, അസി. എന്‍ജിനീയര്‍ പുഷ്പാസനന്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.