കൊല്ലം: സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് പൂരകമായ 'കൊല്ലം എന്‍ ഇല്ലം' പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക് പദ്ധതി'യും കൊല്ലം കോര്‍പ്പറേഷനും ചേര്‍ന്ന് നടപ്പാക്കുന്ന 'കൊല്ലം എന്‍ ഇല്ലം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരുകളില്ലാതെ എല്ലാവിഭാഗം ജനങ്ങളും പദ്ധതിയില്‍ അണിചേരണം. പദ്ധതി നടപ്പാക്കുന്നമുറയ്ക്ക് 75,000 വീടുകളിലേക്ക് ആവശ്യമായ വൃക്ഷത്തൈകള്‍ സൗജന്യനിരക്കിലോ പൂര്‍ണമായോ സൗജന്യമായോ എത്തിച്ചുനല്‍കും. വരുംതലമുറയ്ക്ക് ജീവിക്കാന്‍ ശുചിത്വപൂര്‍ണമായ, ആരോഗ്യപൂര്‍ണമായ പരിസ്ഥിതി സൃഷ്ടിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷനായി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കൈപ്പുസ്തകപ്രകാശനം നിര്‍വഹിച്ചു. എം.നൗഷാദ് എം.എല്‍.എ. പുസ്തകം ഏറ്റുവാങ്ങി. സിറ്റി പോലീസ് കമ്മിഷണര്‍ എസ്.സതീഷ് ബിനോ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ എസ്.ജയന്‍, എം.എ.സത്താര്‍, എസ്.ഗീതാകുമാരി, ചിന്ത എല്‍.സജിത്ത്, വി.എസ്.പ്രിയദര്‍ശന്‍, ഷീബ ആന്റണി, ടി.ആര്‍.സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ എ.കെ.ഹഫീസ്, റീന സെബാസ്റ്റ്യന്‍, എസ്.രാജ്‌മോഹന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍.രാജു തുടങ്ങിയവര്‍ സംസാരിച്ചു.
ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായ എ.ഡി.സി. ജി.കൃഷ്ണകുമാര്‍, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, വിവിധ സംഘടനകള്‍, ക്ലബ്ബുകള്‍, കുടുംബശ്രീ തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. പദ്ധതിയുടെ ആദ്യഘട്ടമായി ഫെബ്രുവരി നാലിന് ജനപങ്കാളിത്തത്തോടെ ആശ്രാമം മൈതാനം ശുചീകരിക്കും.

പ്രതീക്ഷയുണര്‍ത്തുന്ന പദ്ധതി; യുവജനങ്ങളും പങ്കാളികളാകണം-ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പ്രതീക്ഷയുണര്‍ത്തുന്ന 'കൊല്ലം എന്‍ ഇല്ലം' പദ്ധതിയിലേക്ക് യുവാക്കളും യുവജനസംഘടനകളും അണിചേരണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം ജനകീയപദ്ധതികള്‍ക്ക് മാധ്യമങ്ങള്‍ നേതൃത്വം നല്‍കുന്നത് ശ്ലാഘനീയമാണ്. ദുര്‍ഗന്ധംമൂലം വഴിനടക്കാനാകാത്ത സാഹചര്യം ഇല്ലാതാകണം. കണ്ടാല്‍ ഇല്ലം വേണ്ടാത്ത പട്ടണമായി ഇനിയും കൊല്ലം മാറണം. വാണിജ്യ-വ്യാപാര-സാംസ്‌കാരിക മേഖലകളിലെ പെരുമ വീണ്ടെടുക്കണമെന്നും അവര്‍ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വക 500 സ്റ്റീല്‍ ഗ്ലാസുകള്‍

മാ തൃകാപരമായ പ്രവര്‍ത്തനത്തോടെയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പദ്ധതിയുടെ ഭാഗമായത്. പൊതുചടങ്ങുകള്‍ക്ക് പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് സാന്നിധ്യമുള്ള പേപ്പര്‍ കപ്പുകള്‍ എന്നിവ ഒഴിവാക്കാനായി 500 സ്റ്റീല്‍ ഗ്ലാസുകള്‍ സംഘടന കൊല്ലം കോര്‍പ്പറേഷന് സംഭാവന ചെയ്തു. പരിപാടി നടന്ന സദസിലും സ്റ്റീല്‍ ഗ്ലാസിലാണ് ചായ വിതരണം ചെയ്തത്.
സംഘടനയുടെ ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍, സെക്രട്ടറി എസ്.രമേശ്കുമാര്‍ (ടി.എം.എസ്.മണി), വൈസ് പ്രസിഡന്റ് നേതാജി ബി.രാജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജി.ഗോപകുമാര്‍ എന്നിവര്‍ മേയര്‍ വി.രാജേന്ദ്രബാബുവിന് ഗ്ലാസുകള്‍ കൈമാറി.

വേസ്റ്റ് ബിന്‍ ചുങ്കത്ത് ജുവലറി സംഭാവന ചെയ്യും

കൊല്ലം കളക്ടറേറ്റ്, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനുള്ള വിദേശനിര്‍മിത വേസ്റ്റ് ബിന്നുകള്‍ ചുങ്കത്ത് ജുവലറി സംഭാവന ചെയ്യുമെന്ന് മാനേജിങ് ഡയറക്ടര്‍ രാജീവ് പോള്‍ അറിയിച്ചു.