പുത്തൂര്‍: പാങ്ങോട് താഴത്ത് പാറപൊട്ടിക്കാന്‍ ഉഗ്രസ്ഫോടനം നടത്തിയതിന് രണ്ട് അന്യസംസ്ഥാനക്കാര്‍ പോലീസ് പിടിയിലായി. തമിഴ്നാട് കടയനല്ലൂര്‍ സ്വദേശികളായ പൊന്നുച്ചാമി (34), മുരുകയ്യ (38) എന്നിവരെയാണ് പുത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച 11മണിയോടെയായിരുന്നു സംഭവം. പുത്തൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വസ്തു കൃഷിചെയ്യാന്‍ പാട്ടത്തിന് കൊടുത്തിരുന്നു. അവിടെയുണ്ടായിരുന്ന പാറ പൊട്ടിക്കാനാണ് സ്ഫോടനം നടത്തിയത്. 70 തിമിര് വച്ച് ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ച് സ്ഫോടനം നടത്തി പാറപൊട്ടിക്കാനായിരുന്നു ശ്രമം. രണ്ടുതവണയായി 51 എണ്ണം പൊട്ടി.
ശേഷിച്ച 19 എണ്ണം കൊല്ലത്തുനിന്ന് ബോംബ് സ്ക്വാഡ് എത്തി നിര്‍വീര്യമാക്കി. ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയത് സംഘര്‍ഷത്തിന് കാരണമായി.