പുത്തൂര്‍: ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിനുകുറുകെ നിര്‍മിച്ച ബെയ്‌ലി പാലം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് സമര്‍പ്പണം നടത്തുക.

കുളക്കട പാലം ജങ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനാകും. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ.സോമപ്രസാദ്, എം.എല്‍.എ.മാരായ പി.അയിഷാപോറ്റി, ചിറ്റയം ഗോപകുമാര്‍, കെ.ബി.ഗണേഷ്‌കുമാര്‍, ഒ.രാജഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

യുദ്ധകാലാടിസ്ഥാനത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ച കരസേനയ്ക്ക് കേരളത്തിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കെ.എസ്.ടി.പി., പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

14 എന്‍ജിനീയറിങ് റെജിമെന്റിന്റെ നേതൃത്വത്തിലാണ് ബെയ്‌ലി പാലം നിര്‍മിച്ചത്. ഈമാസം മൂന്നിനാണ് നിര്‍മാണം തുടങ്ങിയത്. നാലിന് വൈകിട്ടോടെ നിര്‍മാണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് രണ്ടുദിവസംമുമ്പ് പാലം കെ.എസ്.ടി.പി.ക്ക് കൈമാറുകയായിരുന്നു. അനുബന്ധ റോഡുകള്‍ക്ക് അവശ്യംവേണ്ട അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. റോഡിന്റെ വശങ്ങളില്‍ സിഗ്നല്‍ ലൈറ്റ്, മറ്റ് സൂചകങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.