acid attackപുത്തൂര്‍ : അയല്‍വാസിയുടെ ആസിഡ് ആക്രമണത്തില്‍, പ്രവാസിയായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പുത്തൂര്‍ അനിഭവനില്‍ അനിജോണി(34)നാണ് പൊള്ളലേറ്റത്. കണ്ണിനും മുഖത്തും ശരീരത്തുമെല്ലാം ഗുരുതരമായി പൊള്ളലേറ്റ അനിയെ തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പുത്തൂര്‍ കണിയാപൊയ്കവീട്ടില്‍ ഗോപകുമാറി(32)നെ കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് പറഞ്ഞത്: ഇരുകൂട്ടരും തമ്മില്‍ നേരത്തേ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയുണ്ടായ ചില സംഭവങ്ങളെത്തുടര്‍ന്ന് അനിയും ഗോപകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് സംഘര്‍ഷത്തിന് വഴിവയ്ക്കുകയായിരുന്നു.
 
റബ്ബറിന് ഉറയൊഴിക്കാന്‍ വച്ചിരുന്ന വീര്യമേറിയ ആസിഡ് കൊണ്ടുവന്ന് കപ്പിലേക്ക് പകര്‍ന്ന് അനിജോണിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തടസ്സംപിടിക്കാനെത്തിയ സഹോദരന്‍ ഡെനിജോണി(36)നും മുഖത്തും ചുണ്ടിലും ശരീരമാകെയും പൊള്ളലേറ്റു. ഇവര്‍ ഓടി സമീപത്തെ കനാലില്‍ ഇറങ്ങി ജലത്തില്‍ മുങ്ങിക്കിടന്നു. തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും എത്തി ആശുപത്രിയിലെത്തിച്ചു. അനിജോണിന്റെ കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
 
സംഭവംനടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തുനിന്ന് ഗോപകുമാറിനെ കസ്റ്റഡിയിലെടുത്തു. ഖത്തറില്‍ ജോലിയായിരുന്ന അനിജോണ്‍ മാര്‍ച്ച് 11-നാണ് നാട്ടിലെത്തിയത്. കാഴ്ചയ്ക്ക് തകരാറുണ്ടാകാന്‍ സാധ്യതയുള്ള നിലയിലാണ് കണ്ണിനേറ്റ പൊള്ളലെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.