പുനലൂര്‍: പുനലൂരില്‍ മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. ഇതില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ചെമ്മന്തൂര്‍ മേഖലാ കമ്മിറ്റിയംഗം രാജേഷ്(27), കോമളംകുന്ന് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സുജിത്കുമാര്‍(29), പ്രവര്‍ത്തകനായ ആര്‍.സുജിത്(26) എന്നിവരാണ് അക്രമത്തിനിരയായത്. ഇതില്‍ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെയും സുജിത്കുമാറിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും ആര്‍.സുജിതിനെ പുനലൂര്‍ താലൂക്ക് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.
 
വ്യാഴാഴ്ച അര്‍ദ്ധരാത്രിയില്‍ പുനലൂര്‍ ചന്തയിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് ആര്‍.എസ്.പി. പ്രവര്‍ത്തകനടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും മാസം മുന്‍പ് ആര്‍.എസ്.പി. പ്രവര്‍ത്തകന്‍ രജിരാജിന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. വെള്ളിയാഴ്ച പകല്‍ പുനലൂര്‍ പട്ടണത്തില്‍ ഹര്‍ത്താല്‍ നടത്തി. കടകള്‍ ഭാഗികമായി അടഞ്ഞുകിടന്നു. ഓട്ടോയും ടാക്‌സിയും ഓടിയില്ല. എന്നാല്‍ ബസുകള്‍ സര്‍വീസ് നടത്തി.
ചന്തയ്ക്കുള്ളില്‍ രാജേഷിന്റെ പാത്രക്കടയ്ക്ക് മുന്നിലായിരുന്നു അക്രമം. രാജേഷും കൂട്ടുകാരും ചേര്‍ന്ന് കടയുടെ ബോര്‍ഡ് നന്നാക്കുമ്പോഴാണ് ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിച്ചത്.

പുനലൂര്‍ സി.ഐ. ബിനു വര്‍ഗീസ്, എസ്.ഐ. വി.ജയകുമാര്‍ എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്. ആറുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. വെള്ളിയാഴ്ച പുനലൂരില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷൈന്‍ ദീപു, പുനലൂര്‍ ബ്ലോക്ക് സെക്രട്ടറി പ്രേംസിങ്, ജില്ലാ കമ്മിറ്റിയംഗം ശരണ്‍ ശശി, സന്തോഷ്, രാജേഷ്, രഞ്ജിത്, ശ്യാം, സദേഷ് ഷൈന്‍ ബാബു, താഹ എന്നിവര്‍ നേതൃത്വം നല്‍കി.