ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടയിലെ മണല്‍ക്കുഴികളായി കിടക്കുന്ന പാടങ്ങളിലും തോടുകളിലും വിഷദ്രാവകം കലക്കി മീന്‍പിടിക്കുന്നു. വിഷാംശം അധികമാകുന്നതോടെ മത്സ്യങ്ങളും ഇവയെ ഭക്ഷിക്കുന്ന പറവകളും ചത്തൊടുങ്ങുന്നു. വിളക്കുവച്ച് മീന്‍പിടിക്കുന്നതിന്റെ മറവിലാണ് ഇത് നടക്കുന്നത്.

പടിഞ്ഞാറേ കല്ലട, വളഞ്ഞവരമ്പ്, വെട്ടിയതോട് ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടകന്‍പാടത്തും പ്രദേശത്തെ തോടുകളിലുമാണ് വിഷദ്രാവകം കലക്കി മീന്‍പിടിക്കുന്നത്. മണല്‍വാരല്‍ കാരണം ഹെക്ടര്‍ കണക്കിന് പാടമാണ് വെള്ളക്കെട്ടായി കിടക്കുന്നത്.
 
വലിയ കൊല്ലിവല വളഞ്ഞുവച്ച് വിഷലായനി ഒഴിച്ച് മത്സ്യത്തെ പിടിക്കുകയാണ് രീതി. ഇതുമൂലം മീനുകള്‍ പെട്ടെന്ന് മയങ്ങി വലയില്‍ കുരുങ്ങുകയും മീന്‍പിടിത്തം എളുപ്പമാകുകയുമാണ്. മറ്റ് പ്രദേശങ്ങളില്‍നിന്നും ആള്‍ക്കാരെത്തി ഇത്തരത്തില്‍ രാത്രിയില്‍ മീന്‍പിടിത്തം നടത്തുന്നുണ്ട്.

ശാസ്താംകോട്ട തടാകത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞതും ഇത്തരം അനധികൃത മീന്‍പിടിത്തത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ വിളക്കുവച്ചുള്ള മീന്‍പിടിത്തം പടിഞ്ഞാറേ കല്ലടയില്‍ നിരോധിച്ചിരിക്കുകയാണെന്നറിയുന്നു. ഈ മീനുകള്‍ കായല്‍മത്സ്യങ്ങള്‍ എന്ന വ്യാജേന ശാസ്താംകോട്ടയിലെയും ആഞ്ഞിലിമൂട്ടിലെയും ലേലച്ചന്തകളിലും താലൂക്കിന്റെ വിവിധഭാഗങ്ങളിലും വിറ്റഴിക്കുന്നതായും പരാതി ഉണ്ട്.

ശാസ്താംകോട്ട ശുദ്ധജലതടാകത്തോട് ചേര്‍ന്നുകിടക്കുന്ന മുണ്ടകന്‍പാടത്തെ വിഷമയമാക്കുന്നത് തടാകത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. പോലീസും ആരോഗ്യവകുപ്പും നടപടികള്‍ എടുത്തില്ലെങ്കില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിഷംകലക്കിയുള്ള മീന്‍പിടിത്തം കാരണമാകും.