അഞ്ചാലുംമൂട്: പുതിയചിന്തകളും ആശയങ്ങളും വിദ്യാര്‍ഥികളെ നല്ല വഴിയിലേക്കു നയിക്കുമെന്ന് സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്‍റോത്തുരുത്തിലെ പെരുങ്ങാലം മാര്‍ത്തോമ ധ്യാനതീരത്തു നടക്കുന്ന സംസ്ഥാന സാഹിത്യ ക്യാമ്പില്‍ നോവലും ജീവിതവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന്‍ നശ്വരതയില്‍നിന്ന് അനശ്വരതയിലേക്കുയരണം. എല്ലാ അനുഭവങ്ങളും സ്വായത്തമാക്കാന്‍ യുവതലമുറക്ക് കഴിയണമെന്നും പെരുമ്പടവം പറഞ്ഞു. ക്യാമ്പ് ഡയറക്ടര്‍ സുഭാഷ് ചന്ദ്രന്‍ മോഡറേറ്ററായിരുന്നു. കവിതയിലെ ആത്മപ്രകാശനം എന്ന വിഷയത്തില്‍ ഡോ. അമൃത, ലോകസാഹിത്യത്തിലെ വഴിവിളക്കുകള്‍ എന്ന വിഷയത്തില്‍ സജയ് കെ.വി., എഴുത്തിലെ സ്ത്രീ ആത്മീയത എന്ന വിഷയത്തില്‍ റോസി തമ്പി, കവിതയും ജീവിതവും എന്ന വിഷയത്തില്‍ റഫീക്ക് അഹമ്മദ്, പാരമ്പര്യ വെളിച്ചങ്ങള്‍ കവിതയില്‍ എന്ന വിഷയത്തില്‍ പി.പി.രാമചന്ദ്രന്‍, എഴുത്തിലെ വെല്ലുവിളികള്‍ എന്നവിഷയത്തില്‍ അനന്ത പത്മനാഭന്‍, മലയാള കവിതയിലെ ഉജ്ജ്വല നിമിഷങ്ങള്‍ എന്ന വിഷയത്തില്‍ സുമേഷ് കൃഷ്ണന്‍, അയച്ചുകിട്ടിയ കഥകളും വിലയിരുത്തല്‍ സാന്ദീപനി സി., കവിതയിലെ സൂഷ്മഭംഗികള്‍ എന്ന വിഷയത്തില്‍ വീരാന്‍കുട്ടി എന്നിവര്‍ ക്ലാസ് എടുത്തു.

മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ഷനിത്ത്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു പാപ്പച്ചന്‍ തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. കാവാലത്തിന്റെ നാടകാവിഷ്‌കാരം വേറിട്ട അനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം കോളേജ് വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.