പരവൂര്‍ : വനിതകള്‍ക്ക് നബാര്‍ഡിന്റെ ധനസഹായത്തോടെ വിവിധതൊഴില്‍ മേഖലകളില്‍ അവസരങ്ങള്‍ അനവധിയുണ്ടെന്നും ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കരയോഗങ്ങളിലെ വനിതാസമാജങ്ങള്‍ സന്നദ്ധമാകണമെന്നും ചാത്തന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന്‍ സെക്രട്ടറി ശ്രീകല പറഞ്ഞു.

പരവൂര്‍ കുറുമണ്ടല്‍ ബി-വാര്‍ഡ് എന്‍.എസ്.എസ്. കരയോഗത്തിലെ 17-ാം നമ്പര്‍ വനിതാസമാജത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മാറിയ സാഹചര്യത്തില്‍ വനിതാസമാജ അംഗങ്ങള്‍ സംഘടിച്ച് കൂടുതല്‍ കരുത്ത് ആര്‍ജിക്കണമെന്നും ക്രിയാത്മകമായ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ശ്രീകല അറിയിച്ചു.

കരയോഗം പ്രസിഡന്റ് സുരേന്ദ്രന്‍ പിള്ള, സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പുതിയ വനിതാസമാജം ഭാരവാഹികളായി ജി.പി.ഷീബ (പ്രസി), പ്രീതാമുരളി (വൈ.പ്രസി), അമ്പിളി (സെക്ര), ലതാകുമാരി (ജോ.സെക്ര), പ്രസന്നകുമാരി (ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു.