പരവൂര്‍ : നാടാകെ വിദ്യയുടെ വെളിച്ചംപകര്‍ന്ന ലളിത മുഖ്യമന്ത്രിയില്‍നിന്ന് വനിതാരത്‌ന പുരസ്‌കാരം ഉള്ള് നിറഞ്ഞ സന്തോഷത്തോടെ ഏറ്റുവാങ്ങി. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉള്ളിലെ ഇരുട്ട് മായ്ച ഗുരു എന്ന വാക്കിന്റെ അര്‍ഥമറിഞ്ഞ് മാതൃകാജീവിതം നയിച്ച പൂതക്കുളത്തിന്റെ നിറസാന്നിദ്ധ്യമായ ലളിത സദാശിവന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചത്.

തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വച്ചാണ് അധ്യാപനവും കലയും നെഞ്ചോട് ചേര്‍ത്ത് നീങ്ങിയ ടീച്ചര്‍ അംഗീകാരത്തിന്റ ഈ സുവര്‍ണ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി പി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്കോടെയാണ് ലളിത അധ്യാപികയുടെ മേലങ്കിയണിഞ്ഞത്. പല സ്‌കൂളുകളില്‍ സ്തുത്യര്‍ഹസേവനം നടത്തിയിട്ടാണ് ജന്മനാടായ പൂതക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കെത്തിയത്.

35 വര്‍ഷംനീണ്ട അധ്യാപന ജീവിതത്തില്‍ കാട്ടിയ ആന്മാര്‍പ്പണത്തിന്റെ പ്രതിഫലമായി 2005-ല്‍ സംസ്ഥാന അധ്യാപക പുരസ്‌കാരവും 2007-ല്‍ ദേശീയ അധ്യാപക പുരസ്‌കാരവും ടീച്ചറെ തേടിയെത്തി.

അധ്യാപനത്തോടൊപ്പം കലയെക്കൂടി കൂടെക്കൂട്ടിയ ലളിത സദാശിവന്‍ തുടര്‍ച്ചയായി അഞ്ചുതവണ അധ്യാപക കലാ-സാഹിത്യ സമിതി നടത്തിയ മത്സരത്തില്‍ കലാതിലകമായി. ഒപ്പം അധ്യാപക പ്രതിഭാ അവാര്‍ഡ്, വിദ്യാരംഗം കവിതാ അവാര്‍ഡ്, സമന്വയ കവിതാ അവാര്‍ഡ്, ചെറുകഥാ അവാര്‍ഡ്, റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളില്‍ ടീച്ചര്‍ക്ക് മുത്തമിടാനായി. പഠിപ്പിക്കേണ്ട പാഠഭാഗം കവിതയും കഥയും നാടകവും മോണോ ആക്ടും ഒക്കെയാക്കി വകഭേദംവരുത്തി കുട്ടികളുടെ മനസ്സില്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ടീച്ചറുടെ പഠനതന്ത്രം.

പഠിക്കാന്‍ സൗകര്യക്കുറവുള്ള കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി ഇപ്പോഴും പഠിപ്പിച്ചുവരുന്ന ടീച്ചര്‍ റേഡിയോയിലും ടെലിവിഷനിലും ഒട്ടേറെ പരിപാടികള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ജന്മനാട്ടിലെ ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാലയിലെ വനിതാവേദി പ്രസിഡന്റും മാതൃഭാഷാ സാംസ്‌കാരികവേദി പ്രസിഡന്റും പാരിപ്പള്ളി സംസ്‌കാരയുടെ വനിതാവേദി സെക്രട്ടറിയും മറ്റ് നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ടീച്ചര്‍. ലളിതയുടെ പുതിയ കവിതാസമാഹാരമാണ് സര്‍ഗപ്രതിഭ. വിരമിച്ച അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ സദാശിവന്‍ പിള്ളയാണ് ഭര്‍ത്താവ്. സ്മിത (ബാംഗ്ലൂര്‍), സംഗീത (ദുബായ്), സുജിത്ത് (െഡല്‍ഹി) എന്നിവരാണ് മക്കള്‍.