പരവൂര്‍: നീണ്ട പന്ത്രണ്ടുവര്‍ഷക്കാലത്തിനുശേഷം നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. 2005-ലാണ് നെടുങ്ങോലം ആശുപത്രിയില്‍ പ്രസവ വിഭാഗം അവസാനിപ്പിച്ചത്. ഇപ്പോള്‍ എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് പ്രസവവിഭാഗം വീണ്ടും ഇവിടെ പുനരാരംഭിച്ചിട്ടുള്ളത്.

ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഉണ്ണിക്കൃഷ്ണന്റെയും കബനിയുടെയും പരിരക്ഷയില്‍ പരവൂരിനുസമീപം പൂതക്കളം സ്വദേശിനി ആര്യയാണ് ഒരു പെണ്‍കുഞ്ഞിന് വ്യാഴാഴ്ച ആശുപത്രിയില്‍ ജന്മം നല്‍കിയത്.

അവസാനനിമിഷംവരെയും കാത്ത ഡോക്ടര്‍മാര്‍ ഒടുവില്‍ സിസേറിയന്‍ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. എബ്രഹാം അശോക്, ഡോ. ജി.രാജു, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ശിവരഞ്ജിനി എന്നിവരും ആശുപത്രിയില്‍ സേവനനിരതരായി നിലയുറപ്പിച്ചിരുന്നു.