പത്തനാപുരം: അമിതഭാരം കയറ്റിയ ലോറികളും താഴ്ന്നുകിടക്കുന്ന വൈദ്യുത കമ്പികളും തിരക്കേറിയ പാതയില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പത്തനാപുരം ടൗണിലെ പ്രധാന പാതകളായ പുനലൂര്‍-മൂവാറ്റുപുഴ റോഡിലും കുന്നിക്കോട്-പത്തനാപുരം റോഡിലുമാണ് വൈദ്യുത കമ്പികളില്‍ മുട്ടിയുരുമ്മി പോകുന്ന തടികയറ്റിയ ലോറികള്‍ ഭീഷണിയാവുന്നത്.

ഉയരത്തില്‍ കെട്ടിവച്ച തടികളുമായെത്തുന്ന വാഹനങ്ങള്‍ ലൈനില്‍ ഉരസി തീപ്പൊരി ചിതറുന്നത് പതിവുകാഴ്ചയാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ, വാഹനത്തില്‍ വച്ചിട്ടുള്ള കമ്പുകൊണ്ട് കമ്പികള്‍ ഉയര്‍ത്തി വണ്ടി കടന്നുപോവുകയാണ് പതിവ്. താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകള്‍ അനുയോജ്യമായ തൂണുകള്‍ സ്ഥാപിച്ച് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.