നീലേശ്വരം: കാലിച്ചെറുക്കന്‍ ദൈവരൂപമായി പാലന്തായി കണ്ണന്‍ തെയ്യമായി അരങ്ങിലെത്തുന്ന ക്ഷേത്രമാണ് നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആറുദിവസത്തെ കളിയാട്ടം ഞായറാഴ്ച സമാപിക്കും.

മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ (വിഷ്ണുമൂര്‍ത്തി) ആരൂഢസ്ഥാനമാണ് ഈ ക്ഷേത്രം. വിഷ്ണുമൂര്‍ത്തിക്കുപുറമെ ഇവിടെ കെട്ടിയാടുന്ന അപൂര്‍വതെയ്യമാണ് പാലന്തായി കണ്ണന്‍. ജാതീയത കൊടികുത്തിവാണിരുന്ന കാലഘട്ടത്തില്‍ കുറുവാട്ട് കുറുപ്പ് എന്ന ഭൂപ്രഭുവിന്റെ കാലികളെ മേയ്ക്കുന്ന ജോലിക്കാരനായിരുന്നു കണ്ണന്‍. ഒരു നാള്‍ മാവില്‍ക്കയറി പഴുത്ത മാങ്ങ തിന്നശേഷം മാങ്ങയണ്ടി താഴേക്ക് വലിച്ചെറിയുന്നതിനിടയില്‍ അതുവഴി പോവുകയായിരുന്ന കുറുപ്പിന്റെ മരുമകളുടെ തലയില്‍ വീണു. ഉടനടി പരാതി ഉന്നതങ്ങളിലെത്തി. മരുമകളെ അപമാനിച്ച കാലിയ ചെക്കനെ പിടിച്ചുകെട്ടി തറവാട്ടുമുറ്റത്ത് ഹാജരാക്കാന്‍ ഉത്തരവായി. വിവരം അറിഞ്ഞ കണ്ണന്‍ ജീവനും കൊണ്ടോടി. ചന്ദ്രഗിരിപ്പുഴയും കടന്ന് തുളുനാട്ടിലേക്ക് രക്ഷപ്പെട്ടു. മംഗളൂരു കോവില്‍ കുറുപ്പാടി എന്ന സ്ഥലത്തെത്തിയ കണ്ണനെ അവിടത്തെ തറവാട്ടിലെ അമ്മ സഹായിയാക്കി. തറവാട്ടിലെ അടിച്ചുതെളിക്കും പൂജാദികര്‍മങ്ങള്‍ക്കും സഹായിച്ച് വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഒരു നള്‍ പൂജക്കായി ഒരുക്കിയ പാല്‍ നഷ്ടപ്പെട്ട വിവരത്തിന്

'പാല്‍ എന്തായി കണ്ണാ' എന്ന തറവാട്ടമ്മയുടെ അന്വേഷണമാണ് കണ്ണന്‍ പിന്നീട് പലന്തായി കണ്ണന്‍ എന്നറിയപ്പെടാനിടയായത്.

നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ച കണ്ണന്, തറവാട്ടില്‍ സൂക്ഷിച്ചിരുന്ന ദേവിയുടെ ഉടവാള്‍ സ്വയംരക്ഷയ്ക്കായി നല്‍കി അമ്മ യാത്രയയച്ചു. കുമ്പളപ്പുഴ കടന്ന് മടിയന്‍ക്ഷേത്രപാലകനെ തൊഴുത് വന്ദിച്ചശേഷം മൂലപ്പള്ളി കൊല്ലന്‍ കൊട്ടിലില്‍നിന്ന് ചുരികയ്ക്ക് മൂര്‍ച്ചവരുത്തുകയുംചെയ്തു. നാട്ടില്‍ പ്രവേശിച്ച കണ്ണന്‍ ക്ഷീണം മാറ്റാന്‍ കദളിക്കുളത്തില്‍ മുങ്ങിക്കുളിച്ചശേഷം കയറുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ കുറുപ്പ് കുളപ്പടവില്‍ ഉണ്ടായിരുന്ന കണ്ണന്റെ വാളെടുത്ത് തലയറുത്തു. വെട്ടിമാറ്റിയ തല കുളത്തിലേക്ക് എറിഞ്ഞ് പക തീര്‍ത്തു. തറവാട്ടിലേക്ക് മടങ്ങിയ കുറുപ്പിന് അപ്രതീക്ഷിതമായ ദൃശ്യങ്ങളാണ് കാണാനായത്. ആലയിലെ കന്നുകാലികള്‍ തീക്കണ്ണുകളുമായി തറവാട്ടിലേക്ക് പാഞ്ഞടുക്കുന്നു. നാലുകെട്ടും പടിപ്പുരയും ഇളകിയാടുന്നു.

കണ്ണന്റെ വധമാണ് പ്രശ്‌നത്തിന് പിന്നിലെന്നും കണ്ണന്റെ ചുരിക പ്രതിഷ്ഠിച്ച് പള്ളിയറ നിര്‍മിച്ച് വിഷ്ണുമൂര്‍ത്തിയെയും ദൈവരൂപമായ കണ്ണനെയും പ്രതിഷ്ഠിച്ച് ആരാധിക്കണമെന്നും പ്രശ്‌നവിധി ഉണ്ടായി. ചുരികയുമായി ഓടിയ കുറുപ്പ് ഓടിയെത്തി കോട്ടപ്പുറത്ത് കൊട്ടിലില്‍ പള്ളിയറ പണിത് വിവിധ ദൈവങ്ങളെയും കണ്ണനെയും പ്രതിഷ്ഠിക്കുകയും ചെയ്തു. കണ്ണന്റെ ഭൗതികശരീരം തൊട്ടടുത്ത വലിയവീട് തറവാട്ടിലാണ് അടക്കംചെയ്തത്. തറവാട്ടിലും വൈകുണ്ഠക്ഷേത്രത്തിലും മാത്രമാണ് പാലന്തായി കണ്ണനെ കെട്ടിയാടുന്നത്. വണ്ണാന്‍ സമുദായത്തിലെ കര്‍ണമൂര്‍ത്തിയാണ് ഈ തെയ്യത്തിന്റെ കോലക്കാരന്‍. ഞായറാഴ്ച കോട്ടപ്പുറം കളിയാട്ടം സമാപിക്കും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് നടക്കും.