കുന്നിക്കോട്: സ്വന്തമായി ശ്മശാനമുള്ള പഞ്ചായത്തില്‍ ശവസംസ്‌കാരത്തിന് സംവിധാനമില്ല. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ തേക്കിന്‍മുകള്‍ ശ്മശാനമാണ് പാഴ്ഭൂമിയായി ഉപേക്ഷിച്ചത്. പത്തനാപുരം നിയോജകമണ്ഡലത്തില്‍ സ്വന്തമായി ശ്മശാനമുള്ള ഏക പഞ്ചായത്താണ് വിളക്കുടി. എന്നാല്‍ ശവസംസ്‌കാരത്തിന് ഇന്നുവരെ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. ഇതുകാരണം തുണ്ടുഭൂമികളില്‍ താമസിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ വേര്‍പാടില്‍ ഇരട്ടി ദുഃഖമനുഭവിക്കേണ്ട ഗതികേടിലാണ്.

ശ്മശാനത്തിനായി പഞ്ചായത്ത് അമ്പതുവര്‍ഷംമുമ്പ് വാങ്ങിയതാണ് തേക്കിന്‍മുകളിലെ 1.82 ഏക്കര്‍ ഭൂമി. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെങ്കല്‍ക്കെട്ടുകള്‍ തകര്‍ന്ന് ശ്മശാനഭൂമി അന്യാധീനപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോള്‍. ശവസംസ്‌കാരത്തിന് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെവരുമ്പോഴാണ് നാട്ടുകാര്‍ ശ്മശാനത്തെ ആശ്രയിക്കുന്നത്. ഇതാകട്ടെ കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥലത്ത് കുഴിയെടുത്ത് അടക്കംചെയ്യുന്ന സംവിധാനം മാത്രമാണ്. ശ്മശാനത്തിലെത്താന്‍ വഴി സൗകര്യം ഒരുക്കാത്തതാണ് പ്രധാനകാരണം. കുന്നിക്കോട് ശാസ്ത്രി ജങ്ഷനില്‍നിന്ന് കുറ്റിക്കോണം റോഡ് വഴി ലക്ഷംവീട് കോളനിയിലൂടെയും പഞ്ചായത്ത് ഓഫീസിന് മുന്നിലെ വഴിയിലൂടെ തേക്കിന്‍മുകള്‍ കനാല്‍ഭാഗത്തുകൂടിയും ശ്മശാനത്തിന് സമീപത്തെത്താം.
 
വഴിയില്ലാത്തതുകാരണം മൃതദേഹങ്ങള്‍ ഇവിടെ അടക്കത്തിനായി കൊണ്ടുവരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകാറുണ്ട്. ചെങ്കുത്തായ പടവുകള്‍ കയറി ശ്മശാനത്തിന്റെ പ്രധാന കവാടത്തിലെത്തിയാല്‍ ഇവിടെ മരങ്ങളുടെ ശിഖിരങ്ങള്‍ വളര്‍ന്ന് പ്രവേശനം തടസ്സപ്പെടും. കനാല്‍വശത്തുകൂടി മൃതദേഹം കൊണ്ടുപോയാലും സ്വകാര്യഭൂമികളില്‍ പ്രവേശിക്കേണ്ടിവരും. ലക്ഷംവീട് കോളനിയിലൂടെ പ്രവേശിച്ചാലും ഒരാള്‍ക്ക് കടക്കാനുള്ള വഴി പോലുമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസൃതമായി സംവിധാനങ്ങള്‍ ഒരുക്കിയാല്‍ ജില്ലയിലെതന്നെ മികച്ച ശ്മശാനത്തിന് സാധ്യതയുണ്ട്. പുതിയ ബജറ്റില്‍ ഇലക്ട്രിക് ശ്മശാനത്തിന് പഞ്ചായത്ത് 25 ലക്ഷം രൂപ വകവെച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഒന്നും നടക്കില്ലെന്ന് പഞ്ചായത്തിനും ഉറപ്പുണ്ട്.
 
മറ്റ് സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിച്ചാലേ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ശ്മശാനം സാധ്യമാകൂ. ദേശീയപാതയില്‍നിന്ന് 250 മീറ്റര്‍ മാത്രം അകലെയുള്ള ശ്മശാനത്തില്‍ ആധുനിക സംവിധാനം ഒരുക്കാന്‍ എം.എല്‍.എ. അടക്കമുള്ളവര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.