കുളത്തൂപ്പുഴ: ക്ഷീര മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ച് നടപ്പാക്കുന്ന മുട്ട, പാല്‍ ഉത്പാദന പദ്ധതിക്ക് ഒരുകോടി രൂപ പഞ്ചായത്ത് വകയിരുത്തിയതായി കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിയമ്മ പറഞ്ഞു.
 
വാര്‍ഡുകള്‍തോറും കുടുംബശ്രീകള്‍ വഴിയും മറ്റ് ഗുണഭോക്താക്കള്‍ മുഖേനയും നല്‍കുന്ന കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ചോഴിയക്കോട്ട് നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

ഈ മേഖലയില്‍ സ്വയംപര്യാപ്തത നേടി ഉത്പാദനലക്ഷ്യം കൈവരിക്കാനാണ് പഞ്ചായത്ത് പദ്ധതി ഒരുക്കുന്നത്. പഞ്ചായത്തിലുടനീളം 1200 യൂണിറ്റുകളിലായി 12000 കോഴികളെയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.
 
കുടുംബശ്രീ സംരംഭകര്‍ വഴി ആടുകളെയും കറവപ്പശുക്കളെയും വാങ്ങിനല്‍കാനും ലക്ഷ്യമിടുന്നുണ്ട്. ക്ഷീരസംഘങ്ങള്‍ വഴി ശേഖരിക്കുന്ന പാലിന് ലിറ്ററിന് നാലുരൂപ നിരക്കില്‍ സബ്‌സിഡി നല്‍കി കര്‍ഷകരെ പ്രോത്സാഹിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനാണ് പഞ്ചായത്ത് പദ്ധതി ഒരുക്കുന്നത്.
 
വൈസ് പ്രസിഡന്റ് സാബു എബ്രഹാം, പഞ്ചായത്ത് അംഗം ജെ.പങ്കജാക്ഷന്‍, റെജി ഉമ്മന്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.